മഴ കനത്തു; വെള്ളിയാങ്കല്ല് തടയണയില്‍ ജലനിരപ്പുയര്‍ന്നു
കൂറ്റനാട്: തൃത്താല മേഖലയില്‍ മഴ കനത്തതോടെ വെള്ളിയാങ്കല്ല് തടയണയിലെ ജലനിരപ്പുയര്‍ന്നു. മൂന്നുദിവസമായി തടയണയുടെ വൃഷ്ടിപ്രദേശങ്ങളില്‍ ലഭിച്ച കനത്തമഴയാണ് പുഴയിലെ നീരൊഴുക്ക് വര്‍ധിക്കാനിടയാക്കിയത്. ഇതോടെ തടയണയെ ആശ്രയിച്ചുള്ള കുടിവെള്ളപദ്ധതികളില്‍ ജലമെത്തുമെന്നത് നാട്ടുകാര്‍ക്കും ആശ്വാസമായി.
ജലസേചനത്തിനായി നിരവധി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുള്ള വെള്ളിയാങ്കല്ലില്‍ ജലനിരപ്പുയര്‍ന്നതോടെ കര്‍ഷകരും പ്രതീക്ഷയിലാണ്. പരമാവധി മൂന്നര മീറ്ററാണ് തടയണയുടെ സംഭരണശേഷി. നിലവില്‍ ഒന്നര മീറ്ററിലധികം ജലനിരപ്പ് ഉയര്‍ന്നുകഴിഞ്ഞു. ഇതോടെ റഗുലേറ്ററിന്റെ ചില ഷട്ടറുകളും ചെറുതായി തുറന്നിട്ടുണ്ട്. പരമാവധി സംഭരണശേഷിയില്‍ ഷട്ടറുകള്‍ തുറക്കുമ്പോള്‍ തടയണയുടെ മുന്‍വശത്തെ സംരക്ഷണഭിത്തിക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാനാണ് പുഴയിലേക്കുള്ള നീരൊഴുക്കിനുസരിച്ച് ഷട്ടറുകളും ചെറുതായി തുറക്കുന്നത്.
മുന്‍വര്‍ഷങ്ങളിലുണ്ടായ കുത്തൊഴുക്കില്‍ പാലത്തിന്റെ മുന്‍വശത്തെ കോണ്‍ക്രീറ്റ് കട്ടകള്‍ പലതും തകര്‍ന്ന് തെന്നിമാറിയ നിലയിലാണ്. ജലനിരപ്പുയര്‍ന്നതോടെ തടയണയെ അശ്രയിച്ചുള്ള മീന്‍പിടിത്തവും സജീവമായി. വലവീശിയും ചൂണ്ടയിടാനുമായി നിരവധിയാളുകളാണ് ഇവിടേക്കെത്തുന്നത്. മത്സ്യങ്ങളുടെ വിപണനകേന്ദ്രവും ഡാം പരിസരം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."