HOME
DETAILS
MAL
''പൊലിസിനെ ഭയം, മന്ത്രിമാര്‍ പറഞ്ഞാലും അവര്‍ മകനെ ഉപദ്രവിക്കും'', സി.പി.എമ്മില്‍ വിശ്വാസമുള്ളതുകൊണ്ടാണ് ഇത്രയും കാലം അതില്‍ പ്രവര്‍ത്തിച്ചതെന്നും യു.എ.പി.എ ചുമത്തിയ താഹയുടെ ഉമ്മ
backup
November 03 2019 | 15:11 PM
കോഴിക്കോട്: പൊലിസിനെ ഭയമാണെന്നും മന്ത്രിമാര്‍ പറഞ്ഞാലും അവര്‍ തന്റെ മകനെ മര്‍ദ്ദിക്കുമോ എന്ന് ആശങ്കയുണ്ടെന്നും യു.എ.പി.എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ഉമ്മ. തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ലാത്തതിനാലാണ് ഇത്തരത്തില്‍ വേട്ടയാടപ്പെടുന്നതെന്നും ഉമ്മ ജമീല പറഞ്ഞു.
സി.പി.എമ്മില്‍ വിശ്വാസമുള്ളതിനാലാണ് ഇത്രയും കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. മന്ത്രിമാരും മുഖ്യമന്ത്രിയും പറയുന്നുണ്ടെങ്കിലും പൊലിസുകാര്‍ തന്റെ മകനെ മര്‍ദ്ദിക്കും. അവന്‍ ഒരു തെറ്റും ചെയ്യില്ലെന്ന് ഉറപ്പുണ്ട്.
ഉമ്മ അലക്കിവച്ച കൊടികളല്ലാതെ റൂമില്‍ ഒന്നും കൊണ്ടുവച്ചിട്ടില്ലെന്ന് അവന്‍ എന്നോട് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. ദിവസവും അവന്റെ മുറി വൃത്തിയാക്കുന്ന ആളാണ് താന്‍. ഇതുവരെ അത്തരത്തിലുള്ള ഒന്നും ഞാന്‍ കണ്ടിട്ടില്ല. കലാപത്തിന് ആഹ്വാനം ചെയ്യുന്ന ബാനറും മറ്റും കിട്ടിയെന്നാണ് പൊലിസുകാര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇതെല്ലാം ഇപ്പോഴാണ് അറിയുന്നത്. വായിക്കാനാറിയാത്ത ഉപ്പയാണ് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് നല്‍കിയത്.
പൊലിസുകാര്‍ക്ക് എന്തും എഴുതിച്ചേര്‍ക്കാം. അവര്‍ അത് ചെയ്യുമെന്നും ഭയക്കുന്നു. ഇല്ലാത്ത കേസ് ചുമത്തി പൊലിസിന് മകനെ എന്തും ചെയ്യാന്‍ കഴിയുമെന്ന് നല്ല ബോധ്യമുണ്ടെന്ന് പിതാവ് അബൂബക്കറും പറഞ്ഞു. ഇല്ലാത്ത കാര്യങ്ങളാണ് അവര്‍ കേസില്‍ എഴുതിച്ചേര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്തീരാങ്കാവ് പൊലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരുടെ പേരില്‍ യു.എ.പി.എ വകുപ്പും ചുമത്തുകയായിരുന്നു. തുടര്‍ന്ന് വലിയ പ്രതിഷേധമയുര്‍ന്നത് സര്‍ക്കാരിനെയും പൊലിസിനെയും പ്രതിസന്ധിയിലാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."