യു.എ.പി.എ പ്രകാരം അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ കോഴിക്കോട്ടെ സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിന്റെയും താഹാ ഫസലിന്റെയും ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കുമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രോസികൂഷന്‍ കേസില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്. സി.പി.എമ്മും ഈ വിഷയത്തില്‍ പൊലിസിനെതിരായ നിലപാട് ആണ് സ്വീകരിച്ചത്.
എന്നാല്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരെ യു.എ.പി.എ ചുമത്താന്‍ തക്ക തെളിവുകളുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്വേഷണസംഘം. ഇരുവരും വളരെക്കാലമായി നിരീക്ഷണത്തിലാണെന്നും ലഘുലേഖ മാത്രമല്ല തെളിവെന്നും പൊലീസ് പറയുന്നു. ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുകയോ റിമാന്‍ഡ് തുടരണമെന്ന നിലപാട് സ്വീകരിക്കുകയോ ചെയ്താല്‍ ജാമ്യത്തിനുള്ള സാധ്യത മങ്ങും.
എന്നാല്‍ അലനും താഹയ്ക്കുമെതിരായ ആരോപണങ്ങള്‍ തെളിയിക്കാനുള്ള യാതൊന്നും അന്വേഷണസംഘത്തിന്റെ പക്കലില്ലെന്ന നിലപാടിലാണ് പ്രതിഭാഗം. ഇരുവരും നിലവില്‍ മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന കാര്യവും കോടതിയില്‍ ഉന്നയിക്കും. കോഴിക്കോട് റൂറല്‍ എസ്.പി എ.വി ജോര്‍ജ് പന്തീരങ്കാവ് സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരിത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയിലാണ് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ നിലവില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.
uapa arrest, hearing on youth's bail plea today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."