ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ പരിശോധിക്കും
കൊച്ചി: പകര്‍ച്ച വ്യാധികള്‍ തടഞ്ഞ് ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണസമിതി ജില്ലാതല പരിശോധനാ സമിതി രൂപീകരിച്ചു. ആരോഗ്യ, തദ്ദേശസ്വയംഭരണ, റവന്യു, സിവില്‍ സപ്‌ളൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
ജില്ലയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, മീന്‍, ഇറച്ചി, പച്ചക്കറി തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ വില്ക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ പരിശോധിച്ച് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉടന്‍ അടപ്പിക്കും. ഹോട്ടല്‍, ബേക്കറി എന്നിവയുള്‍പ്പെടെ ആഹാരസാധനങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്ന് സമിതി ഉറപ്പാക്കും. ഹെല്‍ത്ത്കാര്‍ഡ് ഇല്ലെങ്കില്‍ സ്ഥാപനമുടമയുടെ ചെലവില്‍ ഒരാഴ്ചയ്ക്കകം ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കണം.
ഭക്ഷണശാലയിലെ പാചകമുറി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളുടെ വൃത്തിയും വെടിപ്പും സമിതി പരിശോധിക്കും. ഗുരുതരമായ വീഴ്ച കണ്ടെത്തുകയാണെങ്കില്‍ ഭക്ഷണശാല അടപ്പിക്കും. ഗുരുതരമല്ലാത്ത ന്യൂനത ശ്രദ്ധയില്‍ പെട്ടാല്‍ രണ്ടുദിവസത്തിനകം പരിഹരിക്കാന്‍ ഭക്ഷണശാല ഉടമയ്ക്ക് നിര്‍ദേശം നല്കും.
പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന ഐസ് പ്ലാന്റുകളും സമിതി പരിശോധിച്ച് ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. പരിശോധനയില്‍ സംശയം തോന്നുന്ന ഭക്ഷണശാലയിലെ ഭക്ഷണസാമ്പിളുകള്‍ പരിശോധനയ്‌ക്കെടുത്ത് തുടര്‍നടപടി സ്വീകരിക്കും. രാത്രിയില്‍ തട്ടുകട, മൊബൈല്‍ റെസ്‌റ്റോറന്റ് എന്നിവ പരിശോധന നടത്തി വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നവ അടപ്പിക്കും.
പരിശോധനാ സമിതിയുടെ അതത് ദിവസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തൊട്ടടുത്ത ദിവസം തന്നെ ദുരന്തനിവാരണസമിതിക്ക് സമര്‍പ്പിക്കും. പരിശോധനാസമിതിക്ക് യാത്രാസൗകര്യവും പ്രവര്‍ത്തനസൗകര്യവും ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസന്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ടിമ്പിള്‍ മാഗി, ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.വി ഷിബു, പൊതുവിതരണവകുപ്പ് സീനിയര്‍ സൂപ്രണ്ട് എന്‍ സല സതീദേവി, കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് സജി മെന്‍ഡസ് എന്നിവരാണ് പരിശോധനാസമിതിയിലുള്ളത്. സജി മെന്‍ഡസ് ആണ് സമിതിയുടെ കണ്‍വീനര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."