ശോചനീയാവസ്ഥ; പൗരസമിതി റോഡ് ഉപരോധിച്ചു
മൂവാറ്റുപുഴ : കീച്ചേരിപ്പടി -നിരപ്പ് ഇരമല്ലൂര്‍ റോഡ് ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മൂവാറ്റുപുഴ പൗരസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. റോഡ് ടാര്‍ ചെയ്യുന്നതിന് പി.ഡബ്ല്യു.ഡി ഫണ്ട് അനുവദിച്ച് കരാറുകാരനെ ഏല്‍പ്പിച്ചിട്ടുള്ളതാണ്. റോഡിന് വീതി കൂട്ടി ടാര്‍ ചെയ്യുവാന്‍ വേണ്ട നടപടി ഉദ്യോഗസ്ഥരുടെയോ കരാറുകാരന്റെയോ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
റോഡ് തുടങ്ങുന്ന കീച്ചേരിപ്പടിയില്‍ റോഡ് കുണ്ടും കുഴിയുമായി വന്‍ ഗര്‍ത്തമാണുള്ളത്. ഈ ഗര്‍ത്തത്തില്‍ വീണ് ഇരുചക്രവാഹന യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും അപകടം ഉണ്ടാകുന്നത് നിത്യസംഭവമാണ്.
നിരവധി പരാതികള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെങ്കിലും ഫലം കാണാതെ വന്നപ്പോഴാണ് മൂവാറ്റുപുഴ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ കീച്ചേരിപടി ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചത്. ഉപരോധ സമരം മൂവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് ജിജോ പാപ്പാലില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുസ്തഫ കൊല്ലംകുടി അദ്ധ്യക്ഷത വഹിച്ചു.
വൈസ്പ്രസിഡന്റുമാരായ അപ്പക്കല്‍ മുഹമ്മദ്, നാസര്‍ ഉദിനാട്ട്, രക്ഷാധികാരി ഉണ്ണികൃഷ്ണന് കര്‍ത്ത, സത്താര്‍ പള്ളിച്ചിറങ്ങര, നെല്‍സണ്‍ പനയ്ക്കല്‍, സന്തോഷ് എം.റ്റി, മോഹനന് കടാതി, സുഗതന് വാശിക്കവല, ബഷീര്‍ പുത്തേത്ത്, സംജാദ് സി.എ. തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."