അഫീലിന്റെ മരണം മൂന്ന് കായിക അധ്യാപകര്‍ അറസ്റ്റില്‍
പാലാ: ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടയില്‍ ഹാമര്‍ തലയില്പതിച്ച് വളന്റിയറായി പ്രവര്‍ത്തിച്ച വിദ്യാര്‍ഥി അഫീല്‍ മരിച്ച കേസില്‍ മൂന്ന് കായികാധ്യാപകര്‍ അറസ്റ്റില്‍. സംഭവത്തില്‍ പൊലിസ് കേസെടുത്തിരുന്ന നാല് പേരില്‍ മൂന്നുപേര്‍ ഇന്നലെ കീഴടങ്ങിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മത്സരം നിയന്ത്രിച്ചിരുന്ന റഫറി മുഹമ്മദ് കാസീം, ത്രോ ജഡ്ജ് ടി.ഡി മാര്ട്ടിന്, സിഗ്നല്‍ ഒഫിഷ്യല്‍ കെ.വി ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിഗ്നല്‍ ഒഫിഷ്യലായിരുന്ന നാരായണന്‍കുട്ടിയാണ് ഇനി അറസ്റ്റിലാകാനുള്ളത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് 304(എ)വകുപ്പു പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്.
ഒക്ടോബര്‍ നാലിനായിരുന്നു അപകടം. മത്സരത്തിനിടയില്‍ എറിഞ്ഞ 3 കി.ഗ്രാം ഭാരമുള്ള ഹാമര്‍ ഫീല്‍ഡ് വളന്റിയറായിരുന്ന അഫീലിന്റെ തലയില്‍ പതിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അഫീല്‍ പതിനേഴാം ദിവസം മരണത്തിന് കീഴടങ്ങി.
അപകട സാധ്യതയുള്ള ഹാമര്‍ ത്രോ, ജാവലിന്‍ എന്നിവ ഒരുമിച്ചു നടത്തിയതും ഒരു മത്സരം തീരാതെ മറ്റൊന്ന് നടത്തിയതുമാണ് അപകടത്തിനിടയാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതികളാക്കുവാന്‍ പൊലിസ് തീരുമാനമെടുത്തത്.
മത്സരങ്ങള്‍ നടത്തുന്നതില്‍ സംഘാടകരായ അത്ലറ്റിക് ഫെഡറേഷന് ഭാരവാഹികള്‍ ഉദാസീനത കാട്ടിയെന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷനുകള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ചാംപ്യന്‍ഷിപ്പ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് അത്ലറ്റിക് ഫെഡറേഷന് ഭാരവാഹികള്‍ക്കെതിരേയും പൊലിസ് കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."