ത്രിദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി; പനിക്കെതിരേ 'കച്ചമുറുക്കി' സംസ്ഥാനം
തിരുവനന്തപുരം: പനിയും പകര്‍ച്ചവ്യാധികളും തടയുന്നതിനായുള്ള ത്രിദിന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി. മന്ത്രിമാരാണ് വിവിധ ജില്ലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
തിരുവനന്തപുരം തൈക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരം മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമായതായി മന്ത്രി പറഞ്ഞു. പനിയുടെ എണ്ണം കുറഞ്ഞതായാണ് കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാകുന്നതെന്നും അവര്‍ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രി പരിസരം വൃത്തിയാക്കിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രസംഗം കൊണ്ട് കൊതുകിനെ തുരത്താന്‍ കഴിയില്ലെന്നും പ്രവൃത്തികൊണ്ട് മാത്രമേ ഓടിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ കോര്‍പറേഷനിലെ ശുചീകരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കണ്ണൂര്‍ സിറ്റിയിലെ വലിയകുളം ജുമാമസ്ജിദ് പ്രദേശം വൃത്തിയാക്കിയാണ് ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി തുടക്കമിട്ടത്. ശുചീകരണവും ദുരിതാശ്വാസവുമടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തിറങ്ങാന്‍ എല്ലാവിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
സര്‍വകക്ഷിയോഗ തീരുമാനപ്രകാരമാണ് ഇന്നലെയും ഇന്നും നാളെയുമായി ശുചീകരണം നടത്തുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളാണ് ശുചീകരണത്തിന് നേതൃത്വം നല്‍കുന്നത്. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിവിധ സംഘടനാനേതാക്കള്‍, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവരും മാലിന്യനീക്കത്തില്‍ പങ്കാളികളായി. കുടുംബശ്രീ, ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വായനശാലാ പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡന്റ് പൊലിസ് വളണ്ടിയര്‍മാര്‍ എന്നിവരും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്.
സര്‍ക്കാരിന്റെ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകക്ഷി യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."