കേരള പുനര്‍നിര്‍മാണത്തിന് കേന്ദ്രം മുഖം തിരിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയശേഷം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായം നല്‍കാത്ത കേന്ദ്രസര്‍ക്കാരിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് മഹാപ്രളയത്തില്‍ സംഭവിച്ചത് 31,000 കോടി രൂപയിലധികം നഷ്ടമാണ്. ഇത് നികത്താന്‍ കൃത്യമായ സഹായം നല്‍കുന്നതിന് പകരം കേന്ദ്രം ഗുരുതരമായ അലംഭാവം കാണിക്കുകയാണ്. സംസ്ഥാനം എല്ലായ്‌പോഴും സഹകരിച്ചാണു മുന്നോട്ടു പോകുന്നത്.
എന്നാല്‍ കേന്ദ്രം മുഖം തിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ ആകെ നല്‍കിയത് 600 കോടി രൂപ മാത്രമാണ്. പ്രളയകാലത്ത് കേന്ദ്രം നല്‍കിയ അരിക്കും മണ്ണെണ്ണയ്ക്കും കേന്ദ്രതീരുമാനപ്രകാരം താങ്ങുവില നിരക്കായ 265.74 കോടി രൂപ നല്‍കേണ്ടിവരും. അങ്ങനെവന്നാല്‍ കേന്ദ്രസഹായം 334.26 കോടി മാത്രമായി ചുരുങ്ങും. സംസ്ഥാനത്ത് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിശദപഠനം നടത്തിയ ലോകബാങ്ക്, യു.എന്‍ സംഘങ്ങള്‍ കണ്ടെത്തിയത്. യഥാര്‍ഥനഷ്ടം ഇതിലും വലുതാണ്.
ദേശീയ ദുരന്ത നിവാരണ നിധി മാനദണ്ഡമനുസരിച്ച് കേരളം ആവശ്യപ്പെട്ടത് 5,616 കോടി രൂപയുടെ പുനരധിവാസ ധനസഹായമാണ്. ആദ്യഘട്ടത്തിലുണ്ടായ പ്രളയത്തിന് 820 കോടിയും, രണ്ടാംഘട്ടത്തിലെ മഹാപ്രളയത്തിന് 4,796 കോടി രൂപയും ഉള്‍പ്പെടുന്നതാണ് ധനസഹായം. ഇതുകൂടാതെ, പ്രത്യേക ധനസഹായമായി 5,000 കോടി രൂപയുടെ പാക്കേജും ആവശ്യപ്പെട്ടിരുന്നു.
ഇത്രയും തുക ലഭിച്ചാല്‍ പോലും സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ നികത്താനാവില്ല. അതുകൊണ്ടാണ് സംസ്ഥാനത്തിന് വായ്പ വാങ്ങാനുള്ള പരിധി മൂന്നു ശതമാനത്തില്‍നിന്ന് നാലര ശതമാനമായി ഉയര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. നബാര്‍ഡില്‍നിന്ന് 2,500 കോടി രൂപയുടെ വായ്പയും, ലോക ബാങ്ക്, എ.ഡി.ബി തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് വായ്പ ലഭ്യമാക്കണമെന്നുമാണ് ആവശ്യം. വിവിധ വകുപ്പുകള്‍ മുഖേനയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ധനസഹായം 10 ശതമാനം വര്‍ധിപ്പിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിരുന്നു. കേരളത്തെ സഹായിക്കാന്‍ സെസ് ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ സമ്മതിച്ചിരുന്നുവെങ്കിലും അത് പ്രായോഗികമാക്കാന്‍ നടപടിയെടുത്തില്ല.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കര്‍ണാടകയിലെ ഒരു ജില്ലയില്‍ പ്രളയമുണ്ടായപ്പോള്‍ 546 കോടിയാണ് കേന്ദ്രം അനുവദിച്ചത്. ഉത്തരാഖണ്ഡില്‍ നേരത്തെ പ്രളയമുണ്ടായപ്പോള്‍ 2,300 കോടി രൂപ നല്‍കി.
2015ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ 940 കോടി രൂപയാണ് നല്‍കിയത്. എന്നാല്‍, സംസ്ഥാനമൊട്ടാകെ അതിശക്തമായ പ്രളയമുണ്ടായപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ തോതിലുള്ള സഹായങ്ങള്‍ നല്‍കിയില്ല. ജൂലൈ 27 മുതല്‍ നവംബര്‍ 21 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2683.18 കോടി രൂപയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."