ലോക്‌സഭയില്‍ ബി.ജെ.പിക്ക് സ്വന്തമായി ഭൂരിപക്ഷം നഷ്ടമായി
ന്യൂഡല്‍ഹി: 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ സ്വന്തമായി തന്നെ കേവലഭൂരിപക്ഷത്തോടെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയതെങ്കില്‍ നിലവില്‍ ആ നേട്ടം പാര്‍ട്ടിക്ക് നഷ്ടമായി. 2014ല്‍ ബി.ജെ.പിക്ക് സ്വന്തമായി 282 സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിന് മൂന്നുനാലു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിക്ക് ഇപ്പോഴുള്ളത് 268 സീറ്റുകള്‍ മാത്രം. ഇതിനിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ പരാജയം, അംഗങ്ങളുടെ മരണം, പാര്‍ട്ടിയില്‍ നിന്നുള്ള രാജി എന്നീ കാരണങ്ങളാലാണ് ബി.ജെ.പിയുടെ അംഗബലത്തില്‍ 13 എണ്ണം നഷ്ടമായത്. 273 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. ബി.ജെ.പിക്കു തനിച്ചു ഭൂരിപക്ഷം ഇല്ലെങ്കിലും 45 പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിക്ക് നിലവില്‍ 310 അംഗങ്ങളുടെ പിന്തുണയുണ്ട്.
കേന്ദ്രമന്ത്രിമാരായ ഗോപിനാഥ് മുണ്ഡെ, അനില്‍ ദവെ, അനന്ത്കുമാര്‍ എന്നിവരാണ് ഇക്കാലയളവില്‍ മരിച്ച കേന്ദ്രമന്ത്രിമാര്‍. മധ്യപ്രദേശിലെ ദിലീപ് സിങ്, മഹാരാഷ്ട്രയിലെ വിനോദ് ഖന്ന, രാജസ്ഥാനിലെ ചന്ദനാഥ് യോഗി, ഉത്തര്‍പ്രദേശിലെ ഹുകൂം സിങ് എന്നീ പാര്‍ട്ടി എം.പിമാരും ഇതിനിടെ മരിച്ചു. ഗോപിനാഥ് മുണ്ടെയുടെ മരണത്തെത്തുടര്‍ന്ന് ബീഡ് മണ്ഡലത്തിലുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ മകള്‍ പ്രീതം മുണ്ടെ മികച്ച വിജയത്തോടെ സീറ്റ് നിലനിര്‍ത്തി.
ദിലീപ് സിങ് ഭൂരിയയുടെ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മകള്‍ നിര്‍മല പരാജയപ്പെട്ടതോടെ ആ സീറ്റ് പാര്‍ട്ടിക്കു നഷ്ടമായി. ചന്ദ്രനാഥ് യോഗിയുടെ സീറ്റിലും ബി.ജെ.പി പരാജയപ്പെട്ടു. ഹുകൂം സിങിന്റെ സീറ്റും ബി.ജെ.പിയെ കൈവിട്ടു.
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയാവാനായി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിയാവാന്‍ കേശവ് മൗര്യയും രാജിവച്ചതിനെത്തുടര്‍ന്നും ബി.ജെ.പിയുടെ രണ്ടു ലോക്‌സഭാ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. ഇതിനൊപ്പം രാജിവച്ച മഹാരാഷ്ട്ര എം.പി നാനാപടേക്കറുടെ മണ്ഡലത്തിലും വോട്ടെടുപ്പ് നടന്നു. ഫലം വന്നപ്പോള്‍ മൂന്നിടത്തും ബി.ജെ.പിക്കു കനത്ത തിരിച്ചടിയായി.
അതേസമയം, 2014ല്‍ 44 സീറ്റ് മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ശക്തി 49ലെത്തുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞദിവസം വയനാട് എം.പി എം.ഐ ഷാനവാസിന്റെ മരണത്തോടെ അത് 48 ആയി കുറഞ്ഞു. മാര്‍ച്ച്- ഏപ്രിലില്‍ പൊതുതെരഞ്ഞെടുപ്പിനുള്ള നടപടികള്‍ തുടങ്ങുന്നതിനാല്‍ വയനാട്ടില്‍ ഇനി ഉപതെരഞ്ഞെടുപ്പ് നടന്നേക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."