പെരുന്നാള്‍ ദിനത്തില്‍ ഇവര്‍ വിളമ്പിയത് 'സ്‌നേഹ വിരുന്ന് '
മയ്യില്‍: അന്നദാനം മഹാദാനമെന്നാണ് ചൊല്ല്. അത് വിശുദ്ധ റമളാനിലെ ആത്മീയ ചൈതന്യം ആവാഹിച്ച ചെറിയ പെരുന്നാള്‍ ദിനത്തിലാകുമ്പോള്‍ അതിന്റെ മാറ്റുകൂടുന്നു.
പാമ്പുരുത്തി, മയ്യില്‍, നിരത്തുപാലം എന്നീ പ്രദേശങ്ങളിലെ എസ്.കെ.എസ്.എസ്.എഫിന്റെയും സമസ്തയ്ക്ക് കീഴിലുള്ള മറ്റ് യുവജന പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരുടെയും പെരുന്നാള്‍ ആഘോഷം വിവിധ ആശുപത്രികളിലെ രോഗികള്‍ക്കും നിരാലംബരായ അന്തേവാസികള്‍ക്കും അന്നദാനം നല്‍കി കൊണ്ടായിരുന്നു.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, മനസിന്റെ താളം തെറ്റി നാലു ചുമരുകള്‍ക്കകത്ത് തളയ്ക്കപ്പെട്ടവര്‍, ആരോരുമില്ലാതെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ ഇവരെല്ലാം സ്‌നേഹത്തിന്റെയും സമഭാവനയുടെയും പെരുന്നാള്‍ രുചിയറിഞ്ഞു.
ഈ സദുദ്യമത്തിനായി പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ ഉടനെ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറിയിറങ്ങി ഭക്ഷണ പൊതികള്‍ ശേഖരിച്ചു. ഓരോ ഉമ്മമാരും മൂന്നു നാലും പൊതികള്‍ നല്‍കി പരസ്പരം മത്സരിച്ചു. ആയിരത്തോളം വരുന്ന വിഭിന്നങ്ങളായ ബിരിയാണികളാണ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്.
പാമ്പുരുത്തി ശാഖ എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ പാമ്പുരുത്തിയില്‍ നിന്നും ശേഖരിച്ച നാനൂറോളം ഭക്ഷണ പൊതികള്‍ അരയങ്ങാട് സ്‌നേഹ ഭവന്‍, ചൊവ്വ പ്രത്യാശ ഭവന്‍ എന്നിവടങ്ങളില്‍ വിതരണം ചെയ്തു. എന്‍.പി റിയാസ്, മനാഫ് അസ്അദി, ജാഫര്‍ അസ്അദി, എം അഷ്‌റഫ്, വി.കെ സഫീര്‍, കെ.പി ജാബിര്‍, വി.പി അസ്ഹര്‍, ബി. ജുനൈദ്, എം.പി റഹീം എന്നിവര്‍ നേതൃത്വം നല്‍കി.മയ്യില്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി ശേഖരിച്ച ഭക്ഷണ പൊതികള്‍ പറശ്ശിനിക്കടവ് മദര്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിയിലെ കിടപ്പ് രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമടങ്ങുന്ന നൂറോളം പേര്‍, മയ്യില്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവടങ്ങളില്‍ വിതരണം ചെയ്തു. എം.വി സയീദ്, എം.പി മഷ്ഹൂദ്, സഊദ് യമാനി, എം.പി സഫ് വാന്‍, കെ.പി ഇസ്മായില്‍, കെ.പി ജുനൈദ്, എം.വി അര്‍ശാദ്, അന്‍സീര്‍, ഹവാസ്, സുഹൈല്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."