പാപ്പിനിശേരിയില്‍ വീടുകളില്‍ വെള്ളംകയറി
പാപ്പിനിശേരി: പുതുതായി നിര്‍മിച്ച പാപ്പിനിശേരി മേല്‍പ്പാലത്തിന്റെ അടിഭാഗങ്ങളിലെ വീട്ടുകാര്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. കഴിഞ്ഞ ദിവസം മഴതകര്‍ത്തു പെയ്തതോടെയാണ് മേല്‍പ്പാലത്തിന്റെ അടിഭാഗത്തുള്ള വീടുകളിലും കടകളിലും വെള്ളം കയറിയത്. ഇതേ തുടര്‍ന്ന് കനത്തനാശനഷ്ടമുണ്ടായി. പലഭാഗത്തു നിന്നും ഒഴുകിയെത്തുന്ന മാലിന്യം നിറഞ്ഞ വെള്ളമാണ് പറമ്പിലേക്കും വീട്ടിലേക്കും വ്യാപിക്കുന്നത്.
അഴുക്കുവെള്ളം വീടുകള്‍ക്കു ചുറ്റും നിറഞ്ഞതോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍പോലും പറ്റാത്ത അവസ്ഥയിലാണ്. ഹനത്ത്, രജിത, വിജയലക്ഷ്മി, റുഖിയ, സമീറ, മൊയ്തീന്‍ തുടങ്ങി നിരവധി വീട്ടുകാരാണ് വികസനത്തിനിടയില്‍ ദുരിതത്തിലായത്. കൂടാതെ മേല്‍പ്പാലത്തിന്റെ താഴെയുള്ള ഹസീബിന്റെ കടയിലേക്ക് വെള്ളം കയറി അരിയടക്കമുള്ള സാധനങ്ങളും നശിച്ചു. നിര്‍മാണ ഘട്ടത്തില്‍ വഴിപോലും അടച്ചത് വലിയ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയ മൂലമാണ് ഇപ്പോള്‍വീടുകളിലേക്ക് വെള്ളം കയറുന്നതെന്നാണ് വീട്ടുകാരുടെ പരാതി. ആവശ്യത്തിന് ഓവുചാല്‍ നിര്‍മിക്കാത്തതാണ് വെള്ളക്കെട്ടിനു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."