സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ്, ആദ്യം കേരളം ആന്ധ്രയ്‌ക്കെതിരെ; മല്‍സരം വൈകീട്ട് നാലിന് കോഴിക്കോട്ട്
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖല യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ന് കോഴിക്കോട്ട് കിക്കോഫ്. വൈകിട്ട് നാലിന് കോഴിക്കോട് കേര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയാരിക്കും.
ആതിഥേയരായ കേരളവും ആന്ധ്രാ പ്രദേശും തമ്മിലാണ് ആദ്യ മത്സരം. ആന്ധ്ര, തമിഴ്‌നാട് എന്നീ ടീമുകളുള്ള എ ഗ്രൂപ്പിലാണ് കേരളത്തിന്റെ സ്ഥാനം. ഗ്രൂപ്പ് ജേതാക്കള്‍ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുമെന്നതിനാല്‍ ഓരോ മത്സരവും നിര്‍ണായകമാണ്.
ബിനോയ് ജോര്‍ജ് പരിശീലിപ്പിക്കുന്ന കേരള ടീമില്‍ ക്യാപ്റ്റന്‍ വി. മിഥുന്‍ ഉള്‍പ്പെടെ സന്തോഷ് ട്രോഫി മുന്‍ താരങ്ങളായ രണ്ടു പേര്‍ മാത്രമാണുള്ളത്. പ്രൊഫഷനല്‍ ക്ലബിലെ റിസര്‍വ് ടീമില്‍ നിന്നുള്ളവരാണ് കൂടുതല്‍ പേരും. ചെന്നൈ എഫ്.സി, ബാംഗ്ലൂര്‍ എഫ്.സി, ഗോകുലം കേരള ടീമുകളില്‍ കളിക്കുന്ന പുതുമുഖനിരയ്‌ക്കൊപ്പം എസ്.ബി.ഐയുടെയും കേരള പൊലിസിന്റെയും പരിചയസമ്പന്നരായ താരങ്ങളും ടീമിലുണ്ട്.
കൊച്ചിയില്‍ രണ്ട് മാസത്തോളം നീണ്ട ക്യാംപില്‍ വന്നുപോയ അന്‍പതിലേറെ താരങ്ങളില്‍നിന്നാണ് അവസാന 20 അംഗ ടീമിനെ കണ്ടെത്തിയത്. ക്യാപ്റ്റനും ഗോള്‍കീപ്പറുമായ വി.മിഥുനും എസ്.ബി.ഐ, കേരള പൊലീസ് താരങ്ങളും ടീമിന് ആവശ്യത്തിന് പരിചയ സമ്പത്തും നല്‍കുന്നു. സൗഹൃദ മത്സരങ്ങളില്‍ എഫ്.സി ഗോവ, ഗോകുലം, കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയവരെ നേരിട്ട അനുഭവവും തുണയ്ക്കുണ്ട്.
ഇന്നു മുതല്‍ 10വരെ ദിവസവും ഓരോ മല്‍സരങ്ങളാണുള്ളത്. ഇരു ഗ്രൂപ്പുകളില്‍നിന്നും ചാംപ്യന്‍മാര്‍ മാത്രം ഫൈനല്‍ റൗണ്ടിനു യോഗ്യത നേടും. 9നാണ് തമിഴ്‌നാടുമായി കേരളത്തിന്റെ രണ്ടാം മല്‍സരം.
അതേസമയം, ഫൈനല്‍ റൗണ്ടിലേക്ക് കേരളം യോഗ്യത നേടിയാല്‍ മത്സരവേദി കോഴിക്കോട് ആക്കണമെന്ന ആവശ്യമുന്നയിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി മത്സരം കാണാന്‍ അവസരം ഒരുക്കുമെന്നും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ടോമി കുന്നേല്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി.സി അഹമ്മദ്, സെക്രട്ടറി പി.ഹരിദാസ്, ദുര്‍ഗാദാസ്, എം.എ അബ്ദുല്‍ അസീസ് ആരിഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗ്രൂപ്പ് എ: കേരളം, ആന്ധ്ര പ്രദേശ്, തമിഴ്‌നാട്
ഗ്രൂപ്പ് ബി: പുതുച്ചേരി, കര്‍ണാടക, തെലങ്കാന.
santhosh trophy keralas first match today against andhra
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."