മഴ കളിച്ചു; ഇന്ത്യ-ഒാസീസ് രണ്ടാം ടി20 ഉപേക്ഷിച്ചു
മെല്‍ബണ്‍: ഇന്ത്യയുടെ വിജയദാഹത്തെ തടഞ്ഞു മഴ. ഇന്ത്യ- ആസ്ത്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഉപേക്ഷിച്ചു. പരമ്പരയില്‍ ഓസീസ് 1-0 ന് മുന്നിലാണ്.
ടോസ് കൈവിട്ടതോടെ ബാറ്റിങിനിറങ്ങേണ്ടി വന്ന ആസ്ത്രേലിയ 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുത്തു നില്‍ക്കേയാണ് മഴ കനത്തത്. മഴ ഇടയ്ക്ക് മാറിയതോടെ ഇന്ത്യയുടെ വിജയ ലക്ഷ്യം 11 ഓവറില്‍ 90 റണ്‍സായി ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം നിശ്ചയിച്ചു.
എന്നാല്‍, കളിതുടരാനാവാത്ത വിധം മഴ വീണ്ടും കനത്തതോടെ മത്സരം ഉപേക്ഷിച്ചു. ആദ്യ ടി20 യില്‍ മികച്ച പോരാട്ടം നടത്തിയിട്ടും മഴ നിയമത്തില്‍ കുരുങ്ങി ഇന്ത്യ തോറ്റിരുന്നു. ടോസ് നേടിയ കോഹ്ലി ഓസീസിനെ ബാറ്റിങിനയച്ചതോടെ ബൗളര്‍മാര്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്.
ഓസീസ് മുന്‍നിരയെ ഖലീല്‍ അഹമ്മദും ഭുവനേശ്വര്‍ കുമാറും തകര്‍ത്തെങ്കിലും വാലറ്റത്തിന്റെ കരുത്തിലാണ് കങ്കാരുക്കള്‍ നിലമെച്ചപ്പെടുത്തിയത്. 30 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെനിന്ന ബെന്‍ മക്ഡര്‍മോര്‍ട്ട്, നഥാന്‍ കോള്‍ട്ടര്‍നൈല്‍ (9 പന്തില്‍ 18), 13 പന്തില്‍ പുറത്താവാതെ 12 റണ്‍സ് നേടിയ ആന്‍ഡ്ര്യു ടൈ എന്നിവര്‍ പൊരുതിയതോടെ ആസ്ത്രേലിയന്‍ സ്കോര്‍ 100 കടന്നു.
ഇന്ത്യന്‍ ബൗളര്‍മാര്‍ 18 റണ്‍സാണ് അധികം നല്‍കിയത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ കങ്കാരുക്കളുടെ നായകന് ആരോണ്‍ ഫിഞ്ചിനെ പൂജ്യത്തിന് മടക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. അപകടകാരിയായ ക്രിസ് ലിന്നിനെ (13) കൂടാരം കയറ്റി ഖലീല്‍ അഹമ്മദും ആഞ്ഞടിച്ചു.
തന്റെ മൂന്നാം ഓവറില്‍ ഡാര്‍സി ഷോര്‍ട്ടിന്റെ (14) കുറ്റിതെറുപ്പിച്ചു ഖലീല്‍ കൈവിട്ട ക്യാച്ചിന് പ്രായശ്ചിത്വം ചെയ്തു. മാക്സ്വെല്ലിനെ (19) ക്രുനാല്‍ പാണ്ഡ്യയും സ്റ്റോയിനസിനെ (4) ബുംറയും കൂടാരം കയറ്റി. ഇന്ത്യക്കായി ഭുവനേശ്വര്‍കുമാര്‍ 20ന് രണ്ടും ഖലീല്‍ അഹമ്മദ് 39ന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ടി20 പരമ്പരയിലെ അവസാന പോരാട്ടം നാളെ സിഡ്നിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."