ഭായിമാര്‍ക്ക് 'ചങ്ങാതി'യുണ്ട്; സാക്ഷര പാഠ്യപദ്ധതിക്ക് ജില്ലയില്‍ മികച്ച മുന്നേറ്റം
പി. മുസ്തഫ വെട്ടത്തൂര്‍
പെരിന്തല്‍മണ്ണ: പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ചങ്ങാതി' ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള സാക്ഷരതാ പദ്ധതിക്ക് ജില്ലയില്‍ മികച്ച മുന്നേറ്റം. ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ തയാറാക്കിയ പ്രത്യേക പദ്ധതിയിലൂടെ ഏതാണ്ട് 150ഓളം പേരാണ് ജില്ലയില്‍ ആദ്യഘട്ടത്തില്‍ മലയാളനാടിന്റെ സാഹോദര്യം പകര്‍ന്ന് അക്ഷരങ്ങളുടെ ലോകത്തേക്കെത്തുന്നത്. മലയാളപഠനത്തിന്റെ പേരില്‍ ഇവര്‍ക്കിനി ജോലി മുടക്കേണ്ടിയും വരില്ല.
നേരത്തെ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ നഗരസഭയില്‍ ആരംഭിച്ച 'ചങ്ങാതി' മാതൃകാ പ്രൊജക്റ്റിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഈവര്‍ഷം ഏപ്രില്‍ മുതല്‍ സാക്ഷരതാ മിഷന്‍ പദ്ധതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചത്. ഓരോ ജില്ലകളിലും തെരെഞ്ഞെടുത്ത ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കിവരുന്നത്.
ജില്ലയില്‍ പെരിന്തല്‍മണ്ണ നഗരസഭക്ക് കീഴിലായിരുന്നു പദ്ധതിയുടെ തുടക്കം. സര്‍വേയിലൂടെ കണ്ടെത്തിയവരാണ് പഠിതാക്കള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പാതായ്ക്കര പി.ടി.എം ഗവ.കോളജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വേയില്‍ 395 പേരെയാണ് പഠിതാക്കളായി കണ്ടെത്തിയിരുന്നത്. എന്നാല്‍ ജോലിയുടെ സ്വഭാവമനുസരിച്ച് ഇടയ്ക്കിടെ സ്ഥലം മാറിപോകുന്നതിനാല്‍ പലര്‍ക്കും പഠനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. 150ഓളം പേരാണിപ്പോള്‍ ജോലികഴിഞ്ഞ ശേഷം രാത്രി ക്ലാസുകളിലൂടെ മലയാളത്തെ അടുത്തറിയുന്നത്. ബംഗാള്‍, യു.പി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. ഹിന്ദി ഉപയോഗിച്ച് മലയാളം എളുപ്പം പഠിക്കാനാകുംവിധം തയാറാക്കിയ 'ഹാമാരി മലയാളം' പാഠപുസ്തകമാണ് പഠിതാക്കള്‍ ഉപയോഗിക്കുന്നത്.
ആഴ്ചയില്‍ മൂന്നുദിവസം രണ്ടുമണിക്കൂര്‍ നീളുന്നതാണ് ക്ലാസ്. ഫെബ്രുവരിയില്‍ തുടങ്ങിയ ക്ലാസ് നാല് മാസം കൊണ്ട് അവസാനിക്കേണ്ടതായിരുന്നെങ്കിലും പ്രളയത്തെ തുടര്‍ന്ന് മുടങ്ങിയതോടെയാണ് നീണ്ടത്. ആദ്യബാച്ചിന്റെ പൊതുപരീക്ഷയും നാളെ പെരിന്തല്‍മണ്ണയില്‍ നടക്കും.
വിജയിക്കുന്നവരെ നാലാംതരം തുല്യതാ ക്ലാസില്‍ ചേര്‍ത്ത് തുടര്‍പഠനം നല്‍കാന്‍ ലക്ഷ്യമിടുന്നതായി കോഡിനേറ്റര്‍ കെ. ശബരികുമാരി പറഞ്ഞു. ഹിന്ദി ഭാഷ അറിയുന്ന എ. കുഞ്ഞിമുഹമ്മദ്, ടി.കെ അനിയനുണ്ണി എന്നിവരും എന്‍.എസ്.എസ് വിദ്യാര്‍ഥികളും ചേര്‍ന്ന് 16 പേരാണ് ക്ലാസെടുക്കുന്നത്. പെരിന്തല്‍മണ്ണ നഗരസഭയുടെ പൂര്‍ണ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എറണാംകുളം ഒഴികെയുള്ള മറ്റു ജില്ലകളിലും പദ്ധതിയുടെ ആദ്യഘട്ട പരീക്ഷ നാളെ നടക്കും.
തിരുവനന്തപുരത്ത് കഴക്കൂട്ടം വാര്‍ഡ്, കൊല്ലം-പെരിനാട്, പത്തനംതിട്ട-കോയിപ്പുറം, ആലപ്പുഴ-മണ്ണഞ്ചേരി, കോട്ടയം-പായിപ്പാട്, ഇടുക്കി-കരിങ്കുന്നം, തൃശൂര്‍-ചാവക്കാട്, പാലക്കാട്-പുതുശേരി, കോഴിക്കോട്-നരിക്കുനി, വയനാട്-ചിറക്കല്‍, കാസര്‍കോട്- മഞ്ചേശ്വരം എന്നീ പഞ്ചായത്തുകളിലാണ് മറ്റു ജില്ലകളില്‍ പദ്ധതി നടപ്പാക്കി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."