ആശ്രയമില്ലാതെ അഴീക്കോട് ശാസ്ത്ര സാങ്കേതിക മ്യൂസിയം
കൊടുങ്ങല്ലൂര്‍: ആശ്രയമില്ലാതെ അഴീക്കോട് ശാസ്ത്ര സങ്കേതിക മ്യൂസിയം, പാഴാകുന്നത് ലക്ഷങ്ങള്‍.
തീരമേഖലയിലെ വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ശാസ്ത്ര സാങ്കേതിക വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ നാലു സുരക്ഷ ശാസ്ത്ര മ്യൂസിയങ്ങളിലൊന്ന് എറിയാട് സ്ഥാപിച്ചത്. കെ.പി രാജേന്ദ്രന്‍ റവന്യുമന്ത്രിയും കൊടുങ്ങല്ലൂര്‍ എം.എല്‍.എയും ആയിരിക്കെയാണ് മ്യൂസിയത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 50ലക്ഷത്തോളം വിലവരുന്ന ആധുനിക ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളാണ് മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ അവയില്‍ പലതും പ്രവര്‍ത്തനരഹിതമാണ്.
തുടക്കത്തില്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണപ്രദമായിരുന്ന മ്യൂസിയം താമസിക്കാതെ കെടുകാര്യസ്ഥത മൂലം പ്രവര്‍ത്തനം നിലച്ചു. ഒരു വര്‍ഷത്തോളം അടഞ്ഞുകിടന്ന മ്യൂസിയം ഇടക്കാലത്തു പ്രവര്‍ത്തനം തുടങ്ങിയെങ്കിലും വൈകാതെ വീണ്ടും പഴയപടിയായി.
എറിയാണ് പഞ്ചായത്തിനു കീഴിലാണ് മ്യൂസിയത്തിന്റെ നടത്തിപ്പ്. അഴീക്കോട് ഗവ.യു.പി സ്‌കൂളിലെ പ്രധാന അധ്യാപികയാണ് മ്യൂസിയം കമ്മിറ്റിയുടെ കണ്‍വീനര്‍. നാളിതുവരെയായി മ്യൂസിയം പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല.
ഇറക്കുമതി ചെയ്ത ദൂരദര്‍ശിനി ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്താമെന്നിരിക്കെ അത് നാളിതുവരെ ഉപയോഗിക്കാനായിട്ടില്ല.
ഇക്കാലത്തിനിടയില്‍ മൂന്ന് ക്യൂറേറ്റര്‍മാര്‍ മ്യൂസിയത്തില്‍ ജോലി ചെയ്തിട്ടുണ്ട്.
വിദഗ്ധ പരിശീലനം ലഭിച്ച ഇവര്‍ ശമ്പള കുടിശിക ഉള്‍പ്പെടെയുള്ള കാരണങ്ങളെ തുടര്‍ന്ന് ഒഴിഞ്ഞ് പോകുകയായിരുന്നു. അടച്ചു പൂട്ടിയ നിലയിലുള്ള മ്യൂസിയത്തിന്റെ പരിസരം കാടു കയറിയ നിലയിലാണ്. രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ താവളമടിക്കുന്ന ഇവിടെ നിന്നും ഇക്കഴിഞ്ഞ ദിവസം വില പിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയിരുന്നു.
സംസ്ഥാനത്തെ ആകെയുള്ള നാലു ശാസ്ത്ര സാങ്കേതിക മ്യൂസിയങ്ങളിലൊന്നാണ് അനാസ്ഥയുടെ മാറാല കയറി നശിക്കുന്നത്. എന്നാല്‍ അധികാരികള്‍ ഇതൊന്നും കണ്ട ഭാവം നടിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."