സന്തോഷ് ട്രോഫി; യോഗ്യതയില്‍ കേരളത്തിന് മിന്നും വിജയം
കേരളം 5 - ആന്ധ്ര 0 എമില്‍ ബെന്നിക്ക് ഇരട്ട ഗോള്‍
കോഴിക്കോട്: കേരളം സന്തോഷിപ്പിക്കുമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. കഴിഞ്ഞ വര്‍ഷത്തെ യോഗ്യതാ മത്സരത്തില്‍ ഗോള്‍നേട്ടം പറയാനില്ലാത്ത കേരളം ഇത്തവണ തുടങ്ങിയത് ഗോള്‍ വര്‍ഷത്തോടെ. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിലെ ആദ്യ പോരാട്ടത്തില്‍ കേരളത്തെ നേരിടാനായി ആന്ധ്രാപ്രദേശ് സാമൂതിരിയുടെ നാട്ടില്‍ കാലുകുത്തിയപ്പോള്‍ അവരെയാണ് കേരളം ഗോള്‍മഴയോടെ മടക്കിയത്. ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കായിരുന്നു ജയം.
ആദ്യപകുതിയില്‍ പകരക്കാരനായെത്തിയ എമില്‍ ബെന്നി (53, 63)യുടെ ഇരട്ടഗോള്‍ നേട്ടവും വിജയത്തിന്റെ മാറ്റുകൂട്ടി. 45ാം മിനുട്ടില്‍ വിബിന്‍ തോമസ് ആദ്യ ഗോള്‍ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ ലിയോണ്‍ അഗസ്റ്റിനും രണ്ടാം പകുതിയിയുടെ ഇഞ്ചുറി ടൈമില്‍ പകരക്കാരനായെത്തിയ ഷിഹാദ് നെല്ലിപറമ്പനും ഗോള്‍ നേടി.
തുടക്കം മുതല്‍ക്കേ കേരളത്തിനു തന്നെയായിരുന്നു മുന്‍തൂക്കം. കളിയത്രയും ആന്ധ്രയുടെ പകുതിയില്‍ തന്നെയായിരുന്നു. ആദ്യ മിനുട്ടുകളില്‍ സന്ദര്‍ശകരുടെ വലയ്ക്കടുത്ത് കേരളം നിരന്തരം പാഞ്ഞടുത്തെങ്കിലും എതിര്‍ ഗോളി അജയ് കുമാറിന്റെ ഇടപെടലില്‍ അവസാനിക്കുകയായിരുന്നു. ആദ്യപകുതിയില്‍ തന്നെ ആറോളം ഗോള്‍ശ്രമങ്ങളാണ് ഗോളി അജയ്കുമാറിന്റെ മികവിലൂടെ കേരളത്തിന് നഷ്ടമായത്.
മത്സരം തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ നിരന്തരമായ ആക്രമണങ്ങള്‍ കൊണ്ട് സമ്പൂര്‍ണാധിപത്യം പുലര്‍ത്താന്‍ കേരളത്തിന് സാധിച്ചു. എതിരാളികള്‍ക്ക് ഒരവസരം പോലും നല്‍കാതെയാണ് ആദ്യജയനേട്ടം. കഴിഞ്ഞവര്‍ഷം നെയ്‌വേലിയില്‍ ഒരുഗോള്‍പോലും നേടാതെ തോറ്റ്പുറത്തായ കേരളത്തിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു ഹോംഗ്രൗണ്ടിലെ ജയം.
ആദ്യമിനുട്ടില്‍ തന്നെ കേരളത്തിന്റെ മിഡ്ഫീള്‍ഡര്‍ ഹൃഷിദത്തിന്റെ ഗോള്‍ശ്രമം അജയ്കുമാര്‍ സേവ് ചെയ്തു. എന്നാല്‍ പിന്നീടങ്ങോട്ട് ഓരോ മിനുട്ടിലും മികച്ച ആക്രമണമാണ് കാഴ്ചവച്ചത്. വിങ്ങുകളിലൂടെ അജിന്‍ ടോമിന്റെ മുന്നേറ്റവും ജിതിനും വിഷ്ണുവിനും ലിയോണ്‍ അഗസ്റ്റിനും പന്ത് ലഭിച്ചുകൊണ്ടിരുന്നതും കേരളത്തിന് ആദ്യപകുതിയില്‍ മികവു പുലര്‍ത്താന്‍ സാധിച്ചു. എന്നാല്‍ ആദ്യ അരമണിക്കൂറില്‍ തന്നെ നാലു ഗോളുകള്‍ക്കെങ്കിലും മുന്നിലെത്തേണ്ടിയിരുന്ന കേരളത്തിന് ഫിനിഷിങ്ങിലെ പോരായ്മയ വിനയായി.
ഈ സമയമത്രയും ആന്ധ്രയുടെ ഭാഗത്തുനിന്ന് യാതൊരു മുന്നേറ്റങ്ങളും ഉണ്ടായിരുന്നില്ല. കളിയുടെ 37ാം മിനുട്ടില്‍ സ്‌ട്രൈക്കര്‍ പി.വി വിഷ്ണുവിനെ പിന്‍വലിച്ച് എമില്‍ ബെന്നിയെ പകരക്കാരനായി ഇറക്കിയ കോച്ച് ബിനോ ജോര്‍ജിന്റെ തന്ത്രമാണ് കളിയുടെ ഗതി മാറ്റിമറിച്ചത്. 44ാം മിനുട്ടില്‍ അത് ഫലം കണ്ടു. ലിയോണ്‍ അഗസ്റ്റിന്‍ എടുത്ത കര്‍വിങ് കോര്‍ണറില്‍ തലവച്ച് ഡിഫന്‍ഡര്‍ വിപിന്‍ തോമസ് കേരളത്തെ മുന്നിലെത്തിച്ചു. പിന്നാലെ ഇഞ്ചുറി ടൈമില്‍ രണ്ട് മിനുട്ട് വ്യത്യാസത്തില്‍ കേരളം വീണ്ടും ആന്ധ്രയുടെ വലകുലുക്കി. പന്തുമായി മുന്നേറിയ ലിയോണ്‍ അഗസ്റ്റിനെ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റിയിലൂടെയായിരുന്നു കേരളത്തിന്റെ രണ്ടാം ഗോള്‍. കിക്കെടുത്ത ലിയോണ്‍ തന്നെ പന്ത് ബോക്‌സിന്റെ ഇടതുമൂലയിലെത്തിച്ച് മധുരപ്രതികാരം തീര്‍ത്തു. ഇതോടെ രണ്ടു ഗോളിന്റെ ലീഡില്‍ കേരളം ആദ്യ പകുതി അവസാനിപ്പിച്ചു.
പകരക്കാരനായെത്തിയ എമില്‍ ബെന്നി മികച്ച മുന്നേറ്റങ്ങളുമായി കളം നിറയുന്നതാണ് രണ്ടാം പകുതിയില്‍ കണ്ടത്. 53ാം മിനുട്ടില്‍ ജിതിന്‍ നല്‍കിയ പാസ് സ്വീകരിച്ച എമില്‍ ഡിഫന്‍ഡര്‍മാരുടെ പ്രതിരോധത്തിന് മുന്നില്‍ പതറാതെ ഒറ്റയ്ക്ക് പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങളില്‍ കേരളത്തിന്റെ ഗോളെന്നുറച്ച രണ്ട് അവസരങ്ങളാണ് ആന്ധ്ര ഗോളി രക്ഷപ്പെടുത്തിയത്. 63ാം മിനുട്ടില്‍ എമില്‍ തന്റെ രണ്ടാം ഗോളും കേരളത്തിന്റെ നാലാം ഗോളും സ്വന്തമാക്കി. മികച്ച വേഗവും പന്തടക്കവും കാഴ്ചവച്ച എമില്‍ ബെന്നി, പന്ത് ലഭിച്ചപ്പോഴെല്ലാം ആന്ധ്ര ഗോള്‍മുഖം വിറപ്പിച്ചു. ഒടുവില്‍ പകരക്കാരനായിറങ്ങിയ ഷിഹാദ് ഇഞ്ചുറി ടൈമിന്റെ നാലാം മിനുട്ടില്‍ കേരളത്തിന്റെ ഗോള്‍പട്ടിക തികച്ചു.
വലതു വിങ്ങിലൂടെ ഓവര്‍ലാപ്പ് ചെയ്തുകയറിയ പ്രതിരോധ താരം അജിന്‍ ടോമിന്റെ മുന്നില്‍ ആന്ധ്ര പ്രതിരോധം ശരിക്കും ആടിയുലഞ്ഞു. അഖിലായിരുന്നു കേരളനിരയിലെ പ്ലേമേക്കര്‍. ആന്ധ്രയുടെ മുന്നേറ്റങ്ങള്‍ മിഡ്ഫീല്‍ഡില്‍ തന്നെ തകര്‍ക്കാനും കേരളത്തിന്റെ മുന്നേറ്റനിരയ്ക്ക് പന്തെത്തിച്ചു കൊടുക്കാനും അഖിലിന് നിരന്തരം സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."