ഒറ്റപ്പാലത്തെ ഫിലിംസിറ്റി സര്‍ക്കാര്‍ ഉപേക്ഷിച്ചു
ഒറ്റപ്പാലം:ഒറ്റപ്പാലത്തെ ഫിലിംസിറ്റി സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇതോടെ സിനിമ ലോകത്ത് വന്‍ പ്രതീക്ഷകള്‍ ഉയര്‍ത്തി ഒറ്റപ്പാലത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഫിലിം സിറ്റി എന്ന പദ്ധതി ഇല്ലാതായി. പകരം പ്രസ്തുത സ്ഥലത്ത് രണ്ട് തിയറ്റര്‍ പണിയും. ഒറ്റപ്പാലം കണ്ണിയംപുറത്ത് ഫിലിംസിറ്റിക്കായി കണ്ടെത്തിയ സ്ഥലത്തു തന്നെയാവും തിയറ്ററുകള്‍ പണിയുക. 2011-ലെ ബജറ്റില്‍ ഒറ്റപ്പാലം ഫിലിം സിറ്റിയുടെ പ്രാരംഭ നടപടികള്‍ക്കായി 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു.
തുടര്‍ന്ന് 2011ലെ ബജറ്റില്‍ ഒരു കോടി രൂപയും പദ്ധതിക്കായി അനുവദിച്ചു. വടക്കന്‍ കേരളത്തിലെ സിനിമാനിര്‍മാണത്തിന് ഉപയോഗപ്പെടുത്താവുന്ന സാങ്കേതിക കേന്ദ്രം എന്ന നിലയിലാണ് തുടക്കം. 2015ല്‍ സംസ്ഥാന ചലച്ചത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) പ്രധാനിയായ ഐ.വി ശശിയുടെ നേതൃത്വത്തില്‍ 17.5 കോടി രൂപയുടെ പദ്ധതി രേഖ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതിരേഖ പാടെ ഒഴിവാക്കി രണ്ട് തിയറ്ററുകളടങ്ങുന്ന കോംപ്ലക്‌സ് മാത്രമാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. 7 വര്‍ഷത്തിലധികമായി ഒറ്റപ്പാലത്ത് ഫിലിം സിറ്റി വരുന്നുവെന്ന പ്രചാരണം നിലനില്‍ക്കുകയായിരുന്നു. പവര്‍ ക്യാമറ യൂനിറ്റുകള്‍, സൗണ്ട് പ്രൂഫ് ഷൂട്ടിങ് ഫ്‌ളോര്‍, റെക്കോര്‍ഡിങ് സ്റ്റുഡിയോ, സംസ്ഥാനത്തെ രണ്ടാമത്തെ ഫിലിംസിറ്റി എന്നതായിരുന്നു പ്രചാരം. കിഫ്ബി പദ്ധതിയിലൂടെ ഫണ്ട് ഇതിനായി അനുവദിച്ചിട്ടുണ്ട്. തിയറ്റര്‍ കോംപ്ലക്‌സിനായാണ് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 25 കോടിയും പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പാലത്തുള്ള സിനിമ ചിത്രീകരണം ഗണ്യമായി കുറഞ്ഞതാണ് ഫിലിം സിറ്റി എന്ന പദ്ധതി മാറ്റിമറിക്കപ്പെടാന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
തിയറ്റര്‍ കോംപ്ലക്‌സിന്റെ നിര്‍മാണച്ചുമതലയുള്ള കെ.എസ്.എഫ്.ഡി.സി പദ്ധതിരേഖ മൂന്ന് മാസംകൊണ്ട് സമര്‍പ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒമ്പത് മാസമായിട്ടും പദ്ധതിരേഖ തയ്യാറാക്കിയിട്ടില്ല. നിര്‍മാണത്തിനായി ഏറ്റെടുത്ത കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ സ്ഥലവും പരിസരവും മാലിന്യം കൊണ്ട് നശിക്കുകയാണ്.
200 പേര്‍ക്കിരിക്കാവുന്ന ഒരു തിയറ്ററും 100 പേര്‍ക്കിരിക്കാവുന്ന മറ്റൊരു തിയറ്ററുമാണ് നിര്‍മിക്കുന്നത്. മൂന്നാമതൊരു തിയറ്ററിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍ (കിറ്റ്‌കോ)യാണ് പദ്ധതി രേഖയുടെ ചുമതല. പക്ഷേ ഇതുവരെ പദ്ധതിരേഖ തയാറായിട്ടില്ല. ഫിലിം സിറ്റി എന്ന ആശയം ഇപ്പോള്‍ പരിഗണനയിലില്ലെന്നാണ് ചലചിത്ര വികസന കോര്‍പ്പറേഷന്‍ അധികൃതരും പറയുന്നത്. ഒറ്റപ്പാലം തിയറ്റര്‍ കോംപ്ലക്‌സ് നിര്‍മിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്നും,വിഷയം അടുത്ത നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ഒറ്റപ്പാലം എം.എല്‍.എ പി ഉണ്ണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."