ഭീകര വിരുദ്ധ നിയമങ്ങള്‍ വാതില്‍ക്കലെത്തുമ്പോള്‍
ഭരണകക്ഷിയായ സി.പി.എമ്മിന്റെ രണ്ടു പ്രവര്‍ത്തകരെ യു.എ.പി.എ നിയമമുപയോഗിച്ച് കോഴിക്കോട്ട് അറസ്റ്റ് ചെയ്ത നടപടി വ്യാപകമായ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. യു.എ.പി.എ പോലെയുള്ള 'കരിനിയമ'ങ്ങളെ എക്കാലത്തും എതിര്‍ത്തുപോന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് അദ്ദേഹമാണ്. അറസ്റ്റിലായ രണ്ടുപേരും പാര്‍ട്ടിയുടെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരും പാര്‍ട്ടി കുടുംബാംഗങ്ങളുമാണ്. അതുകൊണ്ട് പാര്‍ട്ടിയില്‍ തന്നെ അറസ്റ്റിന്നെതിരേ പ്രതിഷേധമുയര്‍ന്നു; പിടിയിലായവര്‍ക്ക് നിയമസഹായം നല്‍കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായി. കോടതിയില്‍, പ്രോസിക്യൂഷന്റെ നിലപാട് അയഞ്ഞു, പൗരാവകാശ പ്രസ്ഥാനങ്ങളും സിവില്‍ സമൂഹവും അറസ്റ്റിനെതിരായി രംഗത്തുവരിക കൂടി ചെയ്തപ്പോള്‍ സി.പി.എമ്മും ഭരണകൂടവും പ്രതിരോധത്തിലാവുക മാത്രമല്ല ഉണ്ടായത്. യു.എ.പി.എ എന്ന നിയമത്തിന്റെ സാധ്യതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടാനും തുടങ്ങിയിട്ടുണ്ട്.
യു.എ.പി.എ എന്ന നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസുകാര്‍പോലും ഇപ്പോള്‍ യു.എ.പി.എ പോലെയുള്ള കരിനിയമങ്ങളുടെ ദുരുപയോഗത്തിന്നെതിരേ പ്രതിഷേധിച്ചുകൊണ്ട് തെരുവിലാണ്. അതെല്ലാം രാഷ്ട്രീയം.ഏതായാലും ഒരു കാര്യം തീര്‍ച്ച - കേരളത്തില്‍ ആദ്യമായാണ് യു.എ.പി.എ എന്ന നിയമം ഗൗരവതരത്തിലുള്ള ചര്‍ച്ചയ്ക്ക് വിധേയമാവുന്നത്. അതിന്നുകാരണം കേരളീയ സാഹചര്യത്തില്‍ കരിനിയമങ്ങളുടെ ദുരുപയോഗം താരതമ്യേന അപൂര്‍വമാണ് എന്നതുതന്നെ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സുതാര്യമാണ് കേരളീയ സമൂഹം. അതുകൊണ്ട് ഭരണകൂട ഭീകരത എളുപ്പത്തില്‍ തുറന്നു കാട്ടപ്പെടുന്നു. ലോക്കപ്പ് മരണങ്ങളും കസ്റ്റഡി മര്‍ദനങ്ങളും മറ്റുമുണ്ടാവുമ്പോള്‍ വൈകാതെ തന്നെ അവ ജനശ്രദ്ധയാകര്‍ഷിക്കുന്നു. എന്നാല്‍ ഇതല്ല പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടേയും സ്ഥിതി. ഈ അവസ്ഥയിലേക്ക് 'പ്രബുദ്ധ' കേരളവും വഴുതി വീഴുകയാണോ എന്നാണ് സംശയിക്കേണ്ടിവരുന്നത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അട്ടപ്പാടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ട ഈ സംശയത്തെ ബലപ്പെടുത്തുന്ന ഒന്നാണ്. ബി.ജെ.പിയെപ്പോലെയുള്ള വലതുപക്ഷ കക്ഷികളല്ല കേരളം ഭരിക്കുന്നത്. ബി.ജെ.പി ഭരണത്തിന് കീഴില്‍ സംഭവിക്കുന്ന പൗരാവകാശ ധ്വംസനങ്ങളെയും ഏറ്റുമുട്ടല്‍ക്കൊലകളെയുമെല്ലാം അതിനിശിതമായി വിമര്‍ശിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് കൊല്ലം മൂന്നായി. അപ്പോഴേക്കും മൂന്ന് 'ഏറ്റുമുട്ടല്‍ക്കൊലകള്‍' സംഭവിച്ചു കഴിഞ്ഞു. അവയെ ശക്തമായി ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. 'മാവോവാദികള്‍ ആട്ടിന്‍കുട്ടികളൊന്നുമല്ല' എന്ന് പറഞ്ഞ് മുഖ്യമന്ത്രി തന്റെ പൊലിസിനെ ന്യായീകരിക്കുമ്പോള്‍ അദ്ദേഹം ശക്തമായ മര്‍ദന നടപടികളെ ശരിവെയ്ക്കുകയാണ് ചെയ്യുന്നത്. മാവോവാദിയാണെങ്കില്‍ അടിച്ചമര്‍ത്തപ്പെടുകതന്നെ വേണം എന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു. മാവോവാദിയുടെ പൗരാവകാശങ്ങള്‍ മാര്‍ക്‌സിസ്റ്റ്കാരനായ ഭരണാധികാരി അംഗീകരിക്കുന്നില്ല. ഭരണാധികാരത്തിന്റെ പൗരാവകാശ ധ്വംസനങ്ങളെ ശരിവെയ്ക്കുന്ന സമീപനമാണിത്. അതായത് പൊലിസും പിണറായി വിജയനും പറയുന്നത് ഒരേന്യായം. ഈ ന്യായം വെച്ചുനോക്കുമ്പോള്‍, കോഴിക്കോട്ടെ ഡി.വൈ.എഫ്.ഐക്കാരായ വിദ്യാര്‍ഥികള്‍ക്ക് മാവോവാദി ബന്ധമുണ്ടെങ്കില്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെടേണ്ടവര്‍ തന്നെ. ലഘുലേഖ കൈയില്‍ വെയ്ക്കുന്നതെങ്ങനെ ദേശവിരുദ്ധ പ്രവര്‍ത്തനമാവും എന്ന പൗരാവകാശ പ്രവര്‍ത്തകരുടെ ചോദ്യത്തെ റദ്ദാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടുകളേയും അദ്ദേഹം റദ്ദാക്കുന്നു.
എന്താണ് യു.എ.പി.എ
ഈ പശ്ചാത്തലത്തിലാണ് യു.എ.പി.എ എന്ന നിയമത്തിന്റെ ആവിര്‍ഭാവത്തേയും അതിന്റെ പ്രയോഗത്തേയും കുറിച്ച് വിശദമായി പഠിക്കേണ്ടത്. ദേശീയോദ്ഗ്രഥനസമിതിയുടെ ശുപാര്‍ശപ്രകാരം 1967 ഡിസംബര്‍ 30ന് ആണ് പാര്‍ലമെന്റ് പാസാക്കിയ യു.എ.പി.എ നിയമം പ്രാബല്യത്തില്‍ വന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷിതത്വത്തിനും വിഘാതമായി നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാവശ്യമായ കടുത്ത വ്യവസ്ഥകളോട് കൂടിയ ഒരു നിയമം എന്ന നിലയിലാണ് യു.എ.പി.എ കൊണ്ടുവന്നത്. ഏറക്കുറേ രാഷ്ട്രീയപാര്‍ട്ടികളെല്ലാം അതിനെ പിന്തുണച്ചു. പിന്നീട് 2004 ലും 2008 ലും നിയമം ഭേദഗതി ചെയ്യപ്പെട്ടു. മിസ, ടാഡ, പോട്ട തുടങ്ങിയ കര്‍ക്കശ നിയമങ്ങളിലെ മിക്ക വ്യവസ്ഥകളും യു.എ.പി.എയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2008 ലെ മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് നിയമം കൂടുതല്‍ കര്‍ശനമാക്കി. 2019ല്‍ വ്യക്തികളേയും യു.എ.പി.എയുടെ പരിധിയില്‍ കൊണ്ടുവന്നുകൊണ്ട് നിയമം ഭേദഗതി ചെയ്തതോടെ യു.എ.പി.എക്ക് മൂര്‍ച്ച കൂടിയിട്ടുമുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരായി പ്രവര്‍ത്തനങ്ങളുണ്ടാവുമ്പോള്‍ ഭരണകൂടത്തിന് പ്രയോഗിക്കാവുന്ന അധികാരത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയാണ് യു.എ.പി.എ നിയമം വഴി ചെയ്തിട്ടുള്ളത്. അതുപ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിനും സംഘം ചേരാനുമൊക്കെയുള്ള അവകാശത്തിന് വിലക്കുവരുന്നു. ഈ അധികാരമുപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അമര്‍ച്ച ചെയ്യാന്‍ ഭരണകൂടം ശ്രമിക്കുന്നു എന്ന പരാതി പണ്ടേയുണ്ട്.
യു.എ.പി.എയ്ക്ക് പുറമെ കര്‍ക്കശവ്യവസ്ഥകളോട് കൂടിയ നിയമങ്ങള്‍ പല സംസ്ഥാനങ്ങളിലുമുണ്ട്. ഛത്തീസ്ഗഡിലെ ഛത്തീസ്ഗഡ് സ്‌പെഷല്‍ പബ്ലിക് സെക്യുരിറ്റി ആക്ട്, മഹാരാഷ്ട്രയിലെ മോക്ക, ഉത്തരേന്ത്യന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ അഫ്‌സ്പ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടും. ഈ നിയമങ്ങളെല്ലാം ഉപയോഗിക്കപ്പെടുന്നത് മിക്കപ്പോഴും ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്നവര്‍ക്കും അധഃസ്ഥിത വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായാണ്; മുഖ്യധാരാ രാഷ്ട്രീയ സംഘടനകള്‍ സാമാന്യമായി കരിനിയമങ്ങളുടെ പ്രയാസങ്ങള്‍ അനുഭവിക്കാറില്ല. അതുകൊണ്ടുതന്നെ താത്വികമായി കരിനിയമങ്ങളെ എതിര്‍ക്കുമ്പോഴും പ്രായോഗികതലത്തില്‍ ഇന്ത്യയിലെ മുഖ്യധാരയ്ക്ക് കരിനിയമ വിരുദ്ധ പോരാട്ടങ്ങളില്‍ ഏറെയൊന്നും ഏര്‍പ്പെടേണ്ടി വന്നിട്ടില്ല, സി.പി.എം തന്നെയും രണ്ടു യുവ പ്രവര്‍ത്തകര്‍ കുടുങ്ങിയപ്പോഴാണല്ലോ യു.എ.പി.എയുടെ പല്ലിന് ശൗര്യമുണ്ടെന്ന്, തിരിച്ചറിഞ്ഞത്.
വിചാരണയില്ലാതെ തടവറയില്‍
യു.എ.പി.എ മാത്രമല്ല നിലവിലുള്ള മറ്റു നിയമങ്ങള്‍ ഉപയോഗിച്ചും വര്‍ഷങ്ങളോളം ജാമ്യമോ വിചാരണയോ ഇല്ലാതെ തടവില്‍ കഴിയുന്നവര്‍ ഇന്ത്യയില്‍ ധാരാളമുണ്ട്. അബ്ദുന്നാസര്‍ മഅ്ദനി അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. കര്‍ണാടകയില്‍ ജയില്‍ വാസമനുഭവിക്കുന്ന പരപ്പനങ്ങാടി സ്വദേശി സക്കറിയയുടെ കഥ കരിനിയമങ്ങള്‍ എങ്ങനെയാണ് ഒരാളുടെ ജീവിതത്തിനുമേല്‍ നിഴല്‍ വീഴ്ത്തുന്നത് എന്ന് സുവ്യക്തമായി രേഖപ്പെടുത്തുന്നു. അടുത്ത കാലത്ത് ഉത്തര്‍പ്രദേശിലെ രാംപൂര്‍ കോടതി വിട്ടയച്ച ഗുലാബ്ഖാന്റേയും മുഹമ്മദ് കൗസറിന്റേയും കഥ നോക്കുക. 2008 ന് ജനുവരി ഒന്നിനാണ് രാംപൂരിലെ സി.ആര്‍.പി.എഫ് ക്യാമ്പ് ആക്രമിച്ചു എന്ന കുറ്റം ചുമത്തി യു.പി. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഇരുവരേയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോള്‍ ഗുലാബ് ഖാന്ന് വയസ്സ് 29, കൗസറിന് 36 ഉം, നീണ്ട പതിനൊന്നില്‍പരം വര്‍ഷങ്ങളാണ് തടവറയില്‍ ഇരുവര്‍ക്കും നഷ്ടപ്പെട്ടത്. ഇങ്ങനെ പൊലിസ് ഭീകര നിയമങ്ങള്‍ ഉപയോഗിച്ച് പിടി കൂടുകയും വര്‍ഷങ്ങള്‍ക്ക് ശേഷം തെളിവില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയും ചെയ്ത പതിനാറു കേസുകളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഡല്‍ഹിയിലെ ജാമിയ മില്ലിയ്യ സര്‍വകലാശാലയിലെ ജാമിയ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ ളൃമാലറ, ഉമാിലറ, അരൂൗശേേലറ എന്നൊരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ഈ പുസ്തകത്തിന്റെ തര്‍ജമ മലയാളത്തിലും ലഭ്യമാണ്) പുസ്തകത്തിലൂടെ കടന്നു പോവുമ്പോഴറിയാം എത്ര ബാലിശമാണ് ഡല്‍ഹി പൊലിസ് മുസ്‌ലിം ചെറുപ്പക്കാരുടെ മേല്‍ ദേശവിരുദ്ധ കുറ്റം അടിച്ചേല്‍പിക്കുകയും അവരെ ജയിലിലടക്കുകയും ചെയ്തത്.
ഇന്ന് ഡല്‍ഹി പൊലിസിന് അതിനായി മാത്രം ഒരു സ്‌പെഷല്‍ സെല്ലുണ്ട്. ഏതായാലും 1992 മുതല്‍ 2012 വരെ ഈ സെല്‍ അറസ്റ്റ് ചെയ്ത മിക്ക ആളുകളേയും കോടതി വെറുതെ വിടുകയാണുണ്ടായത്. മുസ്‌ലിംകളെ അല്‍ബദര്‍, ഹുജി, ലഷ്‌കര്‍ തുടങ്ങിയ മുദ്രകള്‍ ചാര്‍ത്തി ദേശവിരുദ്ധരാക്കും, അല്ലാത്തവര്‍ മാവോവാദികളാവും, ഇവരെ കുടുക്കിലകപ്പെടുത്താന്‍ കള്ള സാക്ഷികളും പൊലിസിന്റെ കൈകളില്‍ തരാതരം പോലെ. കരിനിയമങ്ങള്‍ അതിസമര്‍ഥമായാണ് പൊലിസ് ഉപയോഗപ്പെടുത്തുന്നത്. വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന്, ഒടുവില്‍ കുറ്റവിമുക്തരായി പുറത്തു വരുമ്പോഴേക്കും ഈ ചെറുപ്പക്കാരുടെ ജീവിതം തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാവാം എന്നതാണ് ദുരന്തം.
ഈ ദുര്‍വിധി തന്നെയാണോ അലന്‍ ശുഐബിനേയും താഹാ ഫൈസലിനേയും കാത്തു നില്‍ക്കുന്നത്, ഒരു പക്ഷേ ആയിരിക്കാനിടയില്ല; കേരളത്തിലെ പൊതുബോധം, പൊലിസ് ഭീകരതയെ റദ്ദാക്കാന്‍ മാത്രം ശക്തമാണ്. മാത്രമല്ല മുഖ്യധാരാ മാര്‍ക്‌സിസത്തിന്നാണ് അടിയേറ്റിട്ടുള്ളത് എന്നതിനാല്‍ നിരാശ്രയരായ മുസ്‌ലിം- ആദിവാസി-ദലിത് ചെറുപ്പക്കാരുടെയും ആക്ടിവിസ്റ്റുകളുടെയും വിധി ആയിരിക്കുകയില്ല അവരുടേത്. അങ്ങനെ ആശ്വസിക്കുന്നതിനൊപ്പവും ഒരു കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്; ദേശവിരുദ്ധനെന്ന മുദ്രകുത്തലും വ്യാജ ഏറ്റുമുട്ടലുമെല്ലാം രാഷ്ട്രീയ പ്രബുദ്ധതയാര്‍ജിച്ച സംസ്ഥാനമായ കേരളത്തിലേക്കും കടന്നുവരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, യു.പി, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെപ്പോലെ വ്യാജ ഏറ്റുമുട്ടല്‍ക്കൊലകള്‍ കേരളത്തിലും പതിവാവുകയാണ്, മാവോവാദത്തിന് വേരോട്ടമില്ലാത്ത സംസ്ഥാനമാണ് കേരളം. എന്നിട്ടും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം മൂന്നു കൊല്ലത്തിനുള്ളില്‍ മാവോവാദികള്‍ ഇരകളായ മൂന്നു ഏറ്റുമുട്ടല്‍ക്കൊലകള്‍ കേരളത്തില്‍ സംഭവിച്ചു. ഈ കൊലകളെ മുഴുവനും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ചെയ്തത്.
ഇത്തരം ന്യായീകരണങ്ങള്‍ പൊലിസ് സേനക്ക് സ്വാഭാവികമായും മനോധൈര്യം വര്‍ധിപ്പിച്ചിട്ടുണ്ടാവാം; അതിന്റെ പ്രതിഫലനമാണ് കോഴിക്കോട്ടെ സി.പി.എം. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി. അതിന് പൊലിസിന് ധൈര്യം നല്‍കിയത് 'സ്വയം പ്രതിരോധ' മെന്ന് വിശേഷിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി മുന്‍പത്തെ ഏറ്റുമുട്ടല്‍ക്കൊലകളെ ന്യായീകരിച്ചു എന്നതാണ്; കൊത്തിക്കൊത്തി പൊലിസ് മുറത്തിലും കയറി കൊത്തി- അത്രേയുള്ളു.
കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ മാവോവാദികളാണോ തീര്‍ച്ചയില്ല, ഇനി മാവോ വാദികളാണെങ്കില്‍ തന്നെ മറ്റു കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെടാത്ത അവരെ പിടികൂടാന്‍ നിയമമുണ്ടോ? ലഘുലേഖ കൈയില്‍ വെച്ചതു കൊണ്ട് മാത്രം ഒരാള്‍ മാവോവാദിയാകുമോ- ഇത്തരം ധാരാളം ചോദ്യങ്ങള്‍ക്ക് നാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അപ്പോഴൊക്കെ നാം ഓര്‍ക്കേണ്ടത് നിരപരാധിത്വം തെളിഞ്ഞു വരുമ്പോഴേക്കും 'കുറ്റവാളി'കള്‍ക്ക് നഷ്ടപ്പെടുന്ന ജീവിതമാണ്. കേരളത്തിലെ ആദ്യത്തെ ഏറ്റുമുട്ടല്‍ക്കൊല സഖാവ് വര്‍ഗീസിന്റേതായിരുന്നു. 1970 ഫെബ്രുവരി 18 ന് ഔദ്യോഗിക രേഖകള്‍ പ്രകാരം സഖാവ് വര്‍ഗീസ് പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടു. വര്‍ഗീസ് വെടിയുതിര്‍ത്തപ്പോള്‍, സ്വയം പ്രതിരോധത്തിനുവേണ്ടി പൊലിസ് തിരിച്ചു വെടിവെച്ചുവെന്നും വര്‍ഗീസ് കൊല്ലപ്പെട്ടു എന്നുമായിരുന്നു പൊലിസ് ഭാഷ്യം. വര്‍ഷങ്ങള്‍ക്ക് ശേഷം, രാമചന്ദ്രന്‍ നായര്‍ എന്ന പൊലിസുകാരന്‍ സത്യം വെളിപ്പെടുത്തിയപ്പോഴാണ്, വര്‍ഗീസിനെ പൊലിസ് വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് വെളിപ്പെട്ടത്. മേലുദ്യോഗസ്ഥനായ ലക്ഷ്മണയുടെ നിര്‍ദേശപ്രകാരം താനാണ് വര്‍ഗീസിനെ കൊന്നതെന്ന് രാമചന്ദ്രന്‍ നായര്‍ ഏറ്റുപറഞ്ഞു. താന്‍ ജീവിച്ചിരുന്നു എന്നതിന് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ ഏറ്റു പറച്ചിലായിരുന്നു ഒരേയൊരു തെളിവ്.
നിലമ്പൂരിലെ ഏറ്റുമുട്ടല്‍ക്കൊലയെക്കുറിച്ച് വല്ല കാലത്തും ഇങ്ങനെയൊരു ഏറ്റു പറച്ചിലുണ്ടായാലോ! പന്തീരങ്കാവിലെ രണ്ടു ചെറുപ്പക്കാരുടേയും വീടുകളില്‍ നിന്നു പൊലിസ് കണ്ടെടുത്ത ലഘുലേഖകളെപ്പറ്റിയും അവര്‍ വിളിച്ച മുദ്രാവാക്യങ്ങളെപ്പറ്റിയും എതിര്‍ വെളിപ്പെടുത്തലുകളുണ്ടായാലോ! ദേശാഭിമാന പ്രചോദിതരായി പൊലിസിനെ ന്യായീകരിക്കുന്നവര്‍ ഇതും ഒരുവേള ഓര്‍ത്തിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."