കൃഷിനശിപ്പിച്ച് വന്യമൃഗങ്ങള്‍; മലയോര കര്‍ഷകര്‍ക്ക് ദുരിതം
ഉദയഗിരി: മലയോര മേഖലയില്‍ കാട്ടുമൃഗങ്ങളുടെ ശല്യം അതിരൂക്ഷം. കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ്, കുറുക്കന്‍, മയില്‍, കീരി എന്നിവയാണു കൃഷിനശിപ്പിക്കുന്നത്. മുന്‍പ് കാട്ടുപന്നി ശല്യമില്ലാതിരുന്ന പ്രദേശങ്ങളില്‍ പോലും ഇപ്പോള്‍ ഇവ കൂട്ടത്തോടെ എത്തുകയാണ്. കപ്പ, ചേമ്പ്, മധുരക്കിഴങ്ങ്, പച്ചക്കറികള്‍, കരിക്ക്, വാഴ തുടങ്ങിയവയാണ് കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നത്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങള്‍ക്ക് പുറമെ ജനവാസ കേന്ദ്രങ്ങളിലും ഇവയുടെ ശല്യമുണ്ട്. ഉദയഗിരി, ആലക്കോട്, ചെറുപുഴ, നടുവില്‍ തുടങ്ങിയ മലയോര പഞ്ചായത്തുകളിലെ കര്‍ഷകരാണ് പൊറുതിമുട്ടിയിരിക്കുന്നത്. കാട്ടുപന്നിയും മുള്ളന്‍പന്നിയും ചേര്‍ന്ന് കിഴങ്ങുവര്‍ഗങ്ങള്‍ നശിപ്പിക്കുമ്പോള്‍ കര്‍ണാടക-കേരള വനങ്ങളില്‍നിന്ന് ഇറങ്ങിവരുന്ന വാനരപ്പട തെങ്ങുകളുടെ മുകളില്‍ മച്ചിങ്ങ പോലും ബാക്കിവയ്ക്കാതെ നശിപ്പിക്കുകയാണ്. കുറുക്കന്റെയും കീരിയുടെയും ശല്യം മൂലം കോഴികളെ വളര്‍ത്താന്‍ പോലും പറ്റാത്ത സാഹചര്യമാണെന്നു വീട്ടമ്മമാര്‍ പറയുന്നു.
കൂട്ടമായി എത്തുന്ന മയിലുകള്‍ പച്ചക്കറികളും കിഴങ്ങുകളും മറ്റും അപ്പാടെ തിന്നു തീര്‍ക്കുന്നു. ആദ്യം മയിലുകളെ കൗതുകത്തോടെയാണ് നാട്ടുകാര്‍ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൂട്ടമായി എത്തുന്ന ഇവ ശല്യമായി മാറി. വന്യമൃഗശല്യം തടയാന്‍ പ്രതിരോധ നടപടികള്‍ ഉണ്ടാകാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. റബറിന്റെയും മറ്റു നാണ്യവിളകളുടെയും വിലത്തകര്‍ച്ചയെ തുടര്‍ന്നു നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഏക പ്രതീക്ഷയാണ് ഇടവിളകൃഷിയില്‍ നിന്നു ലഭിക്കുന്ന വരുമാനം. എന്നാല്‍ ഇതും മൃഗങ്ങള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ ഇനി ആരോടു പരാതി പറയണമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."