ഫാ. റോബിന് വടക്കുംചേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി /തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാ.റോബിന് വടക്കുംചേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊട്ടിയൂരില്‍ 16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 17 നാണ് ഫാ. റോബിനെതിരേ പൊലിസ് കേസെടുത്തത്. പിന്നീട് അറസ്റ്റിലായതോടെ രണ്ടു തവണ നല്കിയ ജാമ്യാപേക്ഷകള്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഫാ. റോബിന് ഹൈക്കോടതിയിലെത്തിയത്.
അതിനിടെ ഫാ. റോബിന് വടക്കുംചേരിയുടെ റിമാന്‍ഡ് കാലാവധി ജൂലൈ 12 വരെ നീട്ടി. നിലവിലെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനാല്‍ വൈദികനെ ഇന്നലെ കോടതി മുന്‍പാകെ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണു തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശ്രീകലാ സുരേഷ് റിമാന്‍ഡ് കാലാവധി നീട്ടിയത്. ഒന്‍പതാം പ്രതി വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്മാന് ഫാ. തോമസ് ജോസഫ് തേരകം, പത്താംപ്രതി സിസ്റ്റര്‍ ബെറ്റി എന്നിവര്‍ കോടതിയില്‍ വിടുതല്‍ ഹരജി നല്കി.
കേസില്‍ തങ്ങളെ പ്രതിചേര്‍ക്കാന്‍ മതിയായ കാരണമില്ലെന്നും പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നുമാണ് ഇരുവരും ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. മുഖ്യപ്രതി ഫാ. റോബിന് ഉള്‍പ്പെടെ പത്തുപേരാണു കേസിലെ പ്രതികള്‍. റോബിന് വടക്കുംചേരി ഒഴികെ ഒന്‍പതു പ്രതികള്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."