കോട്ടക്കലില്‍ ഗവണ്‍മെന്റ് കോളജ് വേണമെന്ന ആവശ്യം ശക്തമായി
കോട്ടക്കല്‍: ആയുര്‍വേദനഗരിയെന്ന പേരില്‍ പ്രശസ്തിയാര്‍ജിച്ച കോട്ടക്കലില്‍ ഗവണ്‍മെന്റ് കോളജ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. മതിയായ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ സ്‌കൂളുകളും പുതിയ ബാച്ചുകളും അനുവദിക്കുമ്പോഴും അതിനു ശേഷം എവിടെ പഠനം നടത്തും എന്ന ചോദ്യമാണു രക്ഷിതാക്കളിലും വിദ്യാര്‍ഥികളിലും ഉയര്‍ന്നുവരുന്നത്.
ഓരോ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷക്കു ശേഷം പുതിയ ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ക്കായി പലകോണില്‍നിന്നും മുറവിളി ഉയരാറുണ്ട്. സീറ്റ് ലഭിക്കാത്തവരുടെ കണക്കനുസരിച്ചു സ്‌കൂളികളില്‍ ബാച്ചുകളുടെ എണ്ണം കൂട്ടാറാണു പതിവ്. എന്നാല്‍ ഹയര്‍സെക്കന്‍ഡറി പഠനം കഴിഞ്ഞു ഡിഗ്രി കോഴ്‌സുകള്‍ക്കായി വിദ്യാര്‍ഥികള്‍ അലയേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. 15 കീലോമീറ്റര്‍ ചുറ്റളവില്‍ ഒരു ഗവ.കോളജ് കോട്ടക്കലില്ലെന്നാണ് യാഥാര്‍ഥ്യം. ജില്ലയില്‍തന്നെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളത് 313 കോളജുകളാണ്. അതില്‍ ആകെയുള്ള ഏഴു ഗവ. കോളജുകളും മറ്റു മണ്ഡലങ്ങളിലാണ്. ജില്ലാ രൂപീകരണ സമയത്തു ജില്ലാ ആസ്ഥാനമായി ഒരുഘട്ടത്തില്‍ പരിഗണനയില്‍വന്ന കോട്ടക്കലിനാണ് ഈ ഗതിയുള്ളത്. കഴിഞ്ഞവര്‍ഷം ജില്ലയില്‍ ആറോളം പുതിയ ഗവ,എയിഡഡ് കോളജുകള്‍ നിലവില്‍വന്നെങ്കിലും കോട്ടക്കലിനു നിരാശ തന്നെയായിരുന്നു ഫലം.
കേരളത്തില്‍ ഏറ്റവുംകൂടുതല്‍ വിദ്യാര്‍ഥികളെ എസ്.എസ്.എല്‍.സി പരീക്ഷക്കിരുത്തി വിജയിപ്പിക്കുന്ന എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് ,കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഗവ.രാജാസ് സ്‌കൂള്‍, കൂടൂതല്‍ എ പ്ലസ് അടക്കം ഇരുപതോളം സ്‌കൂളുകളില്‍നിന്ന് ഉപരിപഠന യോഗ്യതനേടുന്ന പതിനായിരത്തിലധികം കുട്ടികള്‍ക്ക് തുടര്‍പഠനം നടത്തുന്നതിനു മുന്നൂറോളം സീറ്റുകളുള്ള അണ്‍എയിഡഡ് കോളജും പാരലല്‍കോളേജുകളും മാത്രമാണുള്ളത്.
ജില്ലയില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുമായി അഫിലിയേറ്റു ചെയ്തിരിക്കുന്നത് 140 കോളജുകളാണ്.അതില്‍ 71 ആര്‍ട്‌സ് കോളജുകള്‍, അഞ്ച് അപ്ലെയ്ഡ് സയന്‍സ് കോളജുകള്‍,12 എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് കോളജുകള്‍ , നാലു മെഡിക്കല്‍, ഡന്റല്‍ കോളജുകള്‍, അഞ്ചു നഴ്‌സിംഗ് കോളജുകള്‍, മൂന്നു ഫാര്‍മസി കോളേജുകള്‍, നാലു പാരാമെഡിക്കല്‍ കോളജുകള്‍,1 6 ട്രെയ്‌നിംഗ് കോളജുകള്‍, 17 അറബിക് കോളജുകള്‍ എന്നിങ്ങനെയാണു കണക്ക്. ഗവ. എയ്ഡഡ്, അണ്‍എയ്ഡഡ് ഉള്‍പ്പെടെയുള്ള കോളജുകളുടെ കണക്കാണിത്. ജില്ലയുടെ ഏകദേശം ഹൃദയഭാഗമായ കോട്ടക്കലില്‍ നിന്നും സമീപപ്രദേശങ്ങളിലെ കോളജുകളിലെത്താന്‍ മണിക്കൂറോളം സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. വിദ്യാര്‍ഥികള്‍ ഏറെയും തെരഞ്ഞെടുക്കുന്ന ആര്‍ട്‌സ് വിഷയങ്ങള്‍ പഠിക്കാന്‍ മറ്റു മണ്ഡലങ്ങളിലുള്ള അണ്‍ എയിഡഡ് കോളജിനെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ഇവിടെയാകട്ടെ, തുച്ഛമായ കോഴ്‌സുകളും സീറ്റുകളുമാണുള്ളത്. സമ്പന്നര്‍ ഉപരിപഠനത്തിനായി അന്യസംസ്ഥാനത്തെ കോളേജുകളെ ആശ്രയിക്കുമെങ്കിലും സാധാരണക്കാരന് അതും അന്യമാണ്.
മറ്റുജില്ലകളില്‍ വേണ്ടുവോളം കോളജുകളും മറ്റു വിദ്യാഭ്യാസ സൗകര്യങ്ങളും ഉള്ളിടത്താണ് ജില്ലയില്‍ ഈ ഗതിയുള്ളത്. ജനസംഖ്യാനുപാതികമായി കോളേജുകള്‍ സ്ഥാപിക്കുകയാണെങ്കില്‍ കോട്ടക്കലിനു അര്‍ഹത ഏറെയാണ്. കുറ്റിപ്പുറം, ഇരിമ്പിളിയം, എടയൂര്‍, മാറാക്കര, പൊന്മള തുടങ്ങിയ അഞ്ചു പഞ്ചായത്തുകളും കോട്ടക്കല്‍,വളാഞ്ചേരി മുനിസിപ്പാലിറ്റികളും ഉള്‍കൊള്ളുന്നതാണു കോട്ടക്കല്‍ മണ്ഡലം. വിദ്യാഭ്യാസ രംഗത്തു ജില്ല കുതിച്ചുയരുമ്പോഴും അതിനൊത്തു വളരാന്‍ കോട്ടക്കലിനു ഏറെ പാടുപെടേണ്ടിവരുന്നുണ്ട്. ആയുര്‍വേദ സര്‍വ്വകലാശാലക്കായി മുറവിളി ഉയരുന്നതോടൊപ്പം സര്‍ക്കാര്‍ തലത്തില്‍ കോളജ് സ്ഥാപിക്കണമെന്ന ആവശ്യത്തിലാണു വിദ്യാര്‍ഥികളും രക്ഷിതാക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."