നെടുമ്പാശേരിയില്‍ 91 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം 91 ലക്ഷം രൂപ വിലവരുന്ന 3.21 കിലോഗ്രാം സ്വര്‍ണം പിടികൂടി. കഴിഞ്ഞ നാലു ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ ഒന്‍പത് വ്യത്യസ്ത കേസുകളിലായാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. കൂടാതെ 917.900 ഗ്രാം സ്വര്‍ണമടങ്ങിയ പേസ്റ്റ് രൂപത്തിലുള്ള മിശ്രിതവും പിടികൂടിയിട്ടുണ്ട്.
സ്വര്‍ണം ദണ്ഡ് രൂപത്തിലാക്കി ട്രോളി ബാഗിന്റെ ഹാന്ഡിലിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. ജിദ്ദയില്‍ നിന്നെത്തിയ ഇയാളില്‍നിന്ന് 599 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 581 ഗ്രാം തൂക്കം വരുന്ന വിവിധ തരത്തിലുള്ള സ്വര്‍ണാഭരണങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മലപ്പുറം സ്വദേശിയായ സ്ത്രീ പിടിയിലായത്. മസ്കത്തില് നിന്നാണ് ഇവര്‍ നെടുമ്പാശേരിയിലെത്തിയത്. 349.700 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മാലകള്‍ കടത്താന്‍ ശ്രമിച്ചതിന് ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായി മറ്റൊരു സ്ത്രീയും പിടിയിലായിട്ടുണ്ട്. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനെ 359.350 ഗ്രാം തൂക്കം വരുന്ന നാലു സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ ക്വലാലംപൂരില്‍ നിന്നെത്തിയ താനെ സ്വദേശിയും പിടിയിലായവരില്‍ ഉള്‍പ്പെടും.
250.200 ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കട്ടിയാണ് ഇയാളില്‍നിന്ന് പിടികൂടിയത്. 349.19 ഗ്രാം സ്വര്‍ണവും 299.53 ഗ്രാം സ്വര്‍ണവും വീതമുള്ള ആഭരണങ്ങളുമായി രണ്ടുപേരും പിടിയിലായിട്ടുണ്ട്. ബഹ്റൈനില്‍നിന്ന് എത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്നാണ് 717.900 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."