ജിബ്രാള്‍ട്ടര്‍ 'നീന്തിക്കടന്നു'; കരകടക്കുമോ പാര്‍ലമെന്റില്‍?
ലണ്ടന്‍: അറ്റ്‌ലാന്റിക്-മെഡിറ്ററേനിയന്‍ മഹാസമുദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും മൊറോക്കോയെയും സ്‌പെയിനിനെയും വേര്‍തിരിക്കുകയും ചെയ്യുന്ന നിര്‍ണായക കേന്ദ്രമാണ് സ്‌പെയിനിന്റെ ദക്ഷിണ തീരത്തായി സ്ഥിതിചെയ്യുന്ന ജിബ്രാള്‍ട്ടര്‍ കടലിടുക്ക്. ലോകത്തെതന്നെ രണ്ടു മഹാശക്തികളുടെ വേര്‍പിരിയലിലും നിര്‍ണായക ശക്തിയായ ജിബ്രാള്‍ട്ടര്‍ ഇന്നലെ മറ്റൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ആശങ്കയുടെ ജിബ്രാള്‍ട്ടര്‍ ഉള്‍ക്കടല്‍ നീന്തിക്കടന്നുവെങ്കിലും ബ്രിട്ടീഷ് പാര്‍ലമെന്റ് എന്ന വലിയൊരു വെല്ലുവിളിയാണ് അവരെ കാത്തിരിക്കുന്നത്.
ജിബ്രാള്‍ട്ടര്‍ മുനമ്പിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ബ്രെക്‌സിറ്റ് കരാറിന് അവസാന സമയംവരെ ഉടക്കുമായി രംഗത്തുണ്ടായിരുന്നു.
കരാറിനെ വീറ്റോ ചെയ്യുമെന്നു സാഞ്ചസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവസാന നിമിഷം സാഞ്ചസിനെ അനുനയിപ്പിക്കാനായതാണ് തെരേസാ മേയ്ക്ക് ആശ്വാസമായത്. ബ്രെക്‌സിറ്റിനു ശേഷം ഇ.യുവും ബ്രിട്ടനും തമ്മിലുള്ള ചര്‍ച്ചകളില്‍ ജിബ്രാള്‍ട്ടറിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉള്‍പ്പെടുത്തരുതെന്നായിരുന്നു സാഞ്ചസ് ആവശ്യപ്പെട്ടത്. ഇതു ബ്രിട്ടന്‍ അംഗീകരിച്ചതോടെ ബ്രെക്‌സിറ്റ് കരാറിന് അനുകൂലമായി വോട്ടുചെയ്യാന്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നു.
എന്നാല്‍, ഇതിലും വലിയ വെല്ലുവിളിയാണ് തെരേസാ മേയെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കാത്തിരിക്കുന്നതെന്നാണ് സത്യം. ഇ.യുവിന്റെ അംഗീകാരം കിട്ടിയ മുറയ്ക്ക് അടുത്ത മാസംതന്നെ കരാര്‍ പാര്‍ലമെന്റില്‍ വയ്ക്കും. പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്റെ നേതൃത്വത്തില്‍ കരാറിനെതിരേ ശക്തമായ പടയൊരുക്കമാണ് നടക്കുന്നത്. ലേബര്‍ പാര്‍ട്ടി, സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി(എസ്.എന്‍.പി), ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി (ഡി.യു.പി) അംഗങ്ങളെല്ലാം കരാറിനെതിരേ വോട്ടുചെയ്യാന്‍ സജ്ജരായിരിക്കുകയാണ്.
എന്നാല്‍, മേയുടെ സ്വന്തം കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ നിരവധി അംഗങ്ങള്‍വരെ ബ്രെക്‌സിറ്റ് കരാറിനെതിരേ പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് ബ്രെക്‌സിറ്റ്, വിദേശകാര്യ മന്ത്രിമാരടക്കം കരാറില്‍ പ്രതിഷേധിച്ചു രാജിവച്ചത്.
കരാറിനു പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ ഇ.യു ഉച്ചക്കോടിക്കു ശേഷം തെരേസാ മേ ബ്രിട്ടീഷ് ജനതയോട് ആഹ്വാനം ചെയ്തത്. എന്നാല്‍, സ്വന്തം പാര്‍ട്ടിക്കാരെവരെ തനിക്കുപിന്നില്‍ ഒറ്റക്കെട്ടായി അണിനിരത്താനാകാത്ത മേയ്ക്ക് എങ്ങനെ ഈ കരാറുമായി മുന്നോട്ടുപോകാനാകുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.
പാര്‍ലമെന്റില്‍ വോട്ടെടുപ്പില്‍ കരാര്‍ പാസാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുമെന്ന് ഏകദേശം ഉറപ്പാണ്. ഇ.യുവുമായി കരാറൊന്നുമില്ലാതെയാകും ബ്രിട്ടന്റെ വേര്‍പ്പെടല്‍. ഒരുപക്ഷേ, ഇ.യുവുമായി വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കാനും സാധ്യതയുണ്ട്. രാജ്യത്തു വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."