പി.കെ ശശിക്കെതിരേ വി.എസ് കേന്ദ്ര നേതൃത്വത്തിന് കത്തുനല്‍കി
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പി.കെ ശശി എം.എല്‍.എക്കെതിരേ നടപടി വൈകുന്നതില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് കേന്ദ്രനേതൃത്വത്തിന് പരാതി നല്കി. ശശിയെ പാര്‍ട്ടി ജാഥയുടെ ക്യാപ്റ്റന്‍ ആക്കിയതിലും അദ്ദേഹം അതൃപ്തി അറിയിച്ചിട്ടുണ്ട്.
ശശിക്കെതിരേ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കാന്‍ ഇന്ന് സംസ്ഥാന കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് വി.എസിന്റെ നിര്‍ണായക ഇടപെടല്‍. പീഡനപരാതിയില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്ന് വി.എസ് നല്കിയ പരാതിയില്‍ പറയുന്നു. പി.കെ ശശിക്കെതിരേ ശക്തമായ നടപടി വേണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ വെള്ളിയാഴ്ച ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രം ചേരുമെന്ന് കരുതിയ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം കാര്യത്തിലേക്ക് കടക്കാതെ ഒരു മണിക്കൂര്‍ കൊണ്ട് പിരിഞ്ഞിരുന്നു. ഇതിനായി ഇന്ന് വീണ്ടും സംസ്ഥാന കമ്മിറ്റി ചേരും.
സംഭവം അന്വേഷിച്ച എ.കെ ബാലനും പി.കെ ശ്രീമതിയും ഉള്‍പ്പെട്ട പാര്‍ട്ടി കമ്മിഷന്റെ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചതായി സൂചനയുണ്ട്. പാര്‍ട്ടി തലത്തില്‍ ശശിയെ തരംതാഴ്ത്തുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."