മുത്തിക്കുളം ബയോസ്ഫിയര്‍ ആനവേട്ടക്കാര്‍ താവളമാക്കുന്നു
വി.എം ഷണ്‍മുഖദാസ് #
പാലക്കാട്: തമിഴ്‌നാട്-കേരളാ അതിര്‍ത്തിയിലുള്‍പ്പെടുന്ന മുത്തിക്കുളം ബയോസ്ഫിയര്‍ ആനവേട്ടക്കാര്‍ താവളമാക്കുന്നു.
ഇടമലയാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ആനവേട്ടസംഘവും മുന്‍പ് കേരളത്തിലെ ചന്ദനക്കൊള്ളക്ക് നേതൃത്വം നല്‍കിയ ഒരു സംഘവും ഇവിടേക്ക് ചേക്കേറിയതായാണ് കേന്ദ്ര വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രാഥമിക നിഗമനം.
ഇന്നലെ മണ്ണാര്‍ക്കാട് പയ്യനെടം സ്വദേശി പ്രദീപ് (47) രണ്ട് ആനക്കൊമ്പുമായി പിടിയിലായിരുന്നു. 2017ല്‍ കോഴിക്കോട് വനം ഫ്‌ളയിങ് സ്‌ക്വാഡ് അട്ടപ്പാടി കോട്ടത്തറയില്‍ നിന്നും, 2016ല്‍ ഷോളയൂര്‍ പൊലിസും രണ്ടുവീതം ആനക്കൊമ്പുകളും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ആറുമാസത്തോളമായി പ്രദീപ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് വില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് വനംവകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡിന്റെ വലയിലകപ്പെട്ടത്. പാലക്കാട്, മലപ്പുറം, വയനാട്, നീലഗിരി, കോയമ്പത്തൂര്‍ ജില്ലകള്‍ അതിരിടുന്ന മുത്തിക്കുളം ബയോസ്ഫിയറിലാണ് ഏഷ്യന്‍ ആനകള്‍ ഏറ്റവുമധികം കണ്ടുവരുന്നത.്
മാത്രമല്ല, ആനകളുടെ പ്രജനന മേഖലയും കൂടിയാണിത്. അതുകൊണ്ടുതന്നെ ഇവിടത്തെ ആനകള്‍ കേരളത്തിലെയും, തമിഴ്‌നാട്ടിലെയും കാടുകളില്‍ എപ്പോഴും കാണപ്പെടുന്നുണ്ട്. ഇതു വേട്ടക്കാര്‍ക്ക് എളുപ്പത്തില്‍ വെടിവച്ചുകൊല്ലാനും കൊമ്പുകള്‍ പറിച്ചെടുത്ത് കടത്താനും കഴിയുന്നു. കൂടുതല്‍ പ്രായമുള്ള ആനകളെയും ഇവിടെയാണ് കണ്ടുവരുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ തമിഴ്‌നാട്ടില്‍ വനംവകുപ്പ്, പൊലിസ് എന്നിവര്‍ ഒന്‍പതോളം ആനവേട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുത്തിക്കുളം വനം മേഖലയില്‍ തമ്പടിക്കുന്ന വേട്ടക്കാര്‍ക്ക് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും രക്ഷപ്പെടാന്‍ കഴിയുമെന്ന സൗകര്യവും ഉണ്ടെന്നതാണ് വേട്ടക്കാര്‍ ഇവിടേക്ക് താവളം മാറ്റാന്‍ കാരണമെന്നാണ് വനം വകുപ്പിന്റെ നിഗമനം.
മുന്‍പ് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചന്ദന ഫാക്ടറികളിലേക്ക് വനത്തില്‍നിന്ന് ചന്ദനം മുറിച്ചുകടത്തിക്കൊണ്ടിരുന്ന സംഘമാണ് ഇപ്പോള്‍ മുത്തിക്കുളം മേഖല കേന്ദ്രീകരിച്ച് വേട്ട നടത്തുന്നതെന്ന് വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോ പറയുന്നു. ചന്ദന ഫാക്ടറികളെല്ലാം അടച്ചതോടെയാണ് ഇവര്‍ ആനവേട്ടയിലേക്ക് തിരിഞ്ഞതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായ മൂന്നുപേരും അട്ടപ്പാടി, മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ചു ആനക്കൊമ്പ് കച്ചവടം നടത്തുന്നവരാണ്.
പ്രമാദമായ ഇടമലയാര്‍ ആനവേട്ടക്കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയ വേട്ടക്കാരും ഈ സംഘത്തില്‍ ഉണ്ടെന്ന് വനംവകുപ്പ് പറയുന്നു. 2015 ലാണ് മലയാറ്റൂര്‍, മൂന്നാര്‍, അതിരപ്പിള്ളി വനം ഡിവിഷനുകളില്‍നിന്ന് 24 ആനകള്‍, കാട്ടുപോത്ത്, മാനുകള്‍ എന്നിവയെ വേട്ടയാടിയ സംഘത്തെ പിടികൂടിയത.്
ഈ കേസില്‍ 56 പ്രതികള്‍ ഉണ്ടായിരുന്നു. ഇനിയും കുറേപ്പേരെ പിടികൂടാനുമുണ്ട്. എന്നാല്‍, വനംവകുപ്പിലെ കഴിവുള്ള ഉദ്യോഗസ്ഥരെ ആനവേട്ട അന്വേഷണത്തില്‍നിന്ന് ഒഴിവാക്കിയതോടെ യഥാര്‍ഥ പ്രതികള്‍ ഇപ്പോഴും പിടിക്കപ്പെടാതെ പുറത്തു തന്നെയാണ്.
ഇവിടത്തെ ആനവേട്ടക്കാരെക്കുറിച്ച് കേന്ദ്ര വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."