ഉക്രൈനും റഷ്യയും സംഘര്‍ഷത്തിലേക്ക്
കീവ്: കരിങ്കടലില്‍ ഉക്രൈന്റെ മൂന്നു കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം രൂക്ഷമായി. ഉക്രൈനില്‍നിന്ന് റഷ്യ കൂട്ടിച്ചേര്‍ത്ത ക്രിമിയയിലെ സമുദ്രഭാഗത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം.
ഉക്രൈന്റെ ബെര്‍ഡിയാന്‍സ്‌ക്, നികോപല്‍ ഗണ്‍ബോട്ട്‌സ്, ദ് യനി കപു ടഗ് എന്നീ കപ്പലുകളാണ് റഷ്യ പിടിച്ചെടുത്തത്. കപ്പലിനുനേരെ റഷ്യ വെടിയുതിര്‍ത്തു. ഇരു രാജ്യങ്ങളും കരിങ്കടലില്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. റഷ്യന്‍ കപ്പല്‍ ഉക്രൈനിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നെന്നും അക്രമത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റെന്നും ഉക്രൈന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തി. തങ്ങളുടെ സമുദ്ര അതിര്‍ത്തിയിലേക്ക് ഉക്രൈന്‍ കപ്പലുകള്‍ പ്രവേശിച്ചതോടെയാണ് സംഘര്‍ഷമുണ്ടായതെന്ന് റഷ്യ ആരോപിച്ചു. റഷ്യന്‍ ആക്രമണത്തിനെതിരേ ഉക്രൈനില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച രാത്രി കീവിലെ റഷ്യന്‍ എംബസിക്ക് പുറത്ത് ഒരുമിച്ചുകൂടിയ പ്രതിഷേധക്കാര്‍ സമീപത്തുണ്ടായിരുന്ന കാറുകള്‍ അഗ്നിക്കിരയാക്കി. റഷ്യയുടെ നടപടി യാതൊരു പ്രകോപനവുമില്ലാതെയായിരുന്നെന്നും വെറിപിടിച്ചതായിരുന്നെന്നുമാണ് ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പോറോഷെന്‍കോ പറഞ്ഞത്. ആര്‍ക്കെങ്കിലുമെതിരേ യുദ്ധം നടത്താനുള്ള പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ ഉക്രൈനില്‍ പട്ടാള നിയമം പ്രഖ്യാപിക്കാനുള്ള നീക്കം സര്‍ക്കാര്‍ പരിഗണിക്കും. സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് 24 മണിക്കൂറില്‍ കുറഞ്ഞ പട്ടാള നിയമത്തിന് പ്രസിഡന്റ് പെട്രോ പോറോഷെന്‍കേ ഒപ്പുവച്ചു. ഉക്രൈന്‍ പാര്‍ലമെന്റിന്റെ അടിയന്തര യോഗം ഇന്നലെ തന്നെ ചേരാന്‍ അദ്ദേഹം ഉത്തരവിട്ടു. പാര്‍ലമെന്റ് യോഗത്തിലെ പട്ടാള നിയമത്തിനുള്ള പ്രമേയം വോട്ടിനിടും. അംഗങ്ങള്‍ക്ക് അനുമതി ലഭിക്കുകയാണെങ്കില്‍ നിയമം 60 ദിവസം തുടരും.
പൊതുസ്ഥലങ്ങളില്‍ ഒരുമിച്ചുകൂടല്‍, മാധ്യമനിയന്ത്രണം, തെരഞ്ഞെടുപ്പ് റദ്ദാക്കല്‍ തുടങ്ങിയവ പട്ടാള നിയമത്തിന്റെ ഭാഗമാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സമിതിയുടെ സുരക്ഷാ കൗണ്‍സിലുമായി ഒരു അടിയന്തര യോഗത്തിനായി റഷ്യ അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. ഉക്രൈനിന്റെ രണ്ട് സായുധ കപ്പലുകളും ഒരു നൗകയുമാണ് റഷ്യ പിടിച്ചെടുത്തിരിക്കുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് ഇവയെ തടഞ്ഞതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്.2014 മുതല്‍ റഷ്യ, റഷ്യയെ പിന്തുണക്കുന്ന വിമതരും ഉക്രൈനും തമ്മിലുണ്ടായ യുദ്ധത്തില്‍ 10,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മിന്‍സക് കരാറിന്റെ അടിസ്ഥാനത്തില്‍ ഉക്രൈനിനും റഷ്യക്കുമടിയില്‍ സമാധാനത്തിലെത്തുകയായിരുന്നു.കപ്പല്‍ പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ റഷ്യക്കെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂനിയനോട് ഉക്രൈന്‍ അംബാസഡര്‍ മികോളാ ടൊച്ചിറ്റ്‌സ്‌കി ആവശ്യപ്പെട്ടു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം 1991ലാണ് ഉക്രൈന്‍ സ്വതന്ത്രമായത്.
ഉക്രൈന്റെ പടിഞ്ഞാറന്‍ ഭാഗം തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയായിട്ടാണ് റഷ്യ കരുതുന്നത്. ഉക്രൈനെതിരേ വിമത പ്രവര്‍ത്തനം നടത്തിയവരുടെ സഹായത്തോടെയാണ് ക്രീമിയ റഷ്യയുടെ ഭാഗമായി കൂട്ടിച്ചേര്‍ത്തത്. അതിനിടെ ഉക്രൈന്‍ സംഘര്‍ഷ സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കുന്നുണ്ടെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞു. റഷ്യയും ഉക്രൈനും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."