കൈയേറ്റങ്ങള്‍ക്ക് കോടതികള്‍ തുല്യം ചാര്‍ത്തുമോ?
നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അയോധ്യ രാമജന്മഭൂമി -ബാബരി മസ്ജിദ് തര്‍ക്കത്തെ സംബന്ധിച്ച 40 ദിവസത്തെ വിചാരണയ്ക്കു ശേഷം സുപ്രിംകോടതി അന്തിമമായ വിധി പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തിമമായ വിധിയെന്ന് പറയുമ്പോള്‍ തന്നെ ഒരു സിവില്‍ തര്‍ക്കവും അന്തിമമായി അവസാനിക്കുന്നില്ലെന്ന് ആദ്യം മനസിലാക്കണം. സുപ്രിംകോടതിയുടെ ഈ വിധി വളരെ സുപ്രധാനമായ പല നിയമപ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്. പക്ഷേ, പരമോന്നത ന്യായപീഠത്തിന്റെ വിധി എന്ന നിലയില്‍ തന്നെ നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ ജനങ്ങളും വിധിയെ അക്ഷരാര്‍ഥത്തില്‍ സ്വീകരിക്കാന്‍ തയാറാകണം. ഭരണഘടനയുടെ ഉള്ളില്‍നിന്നുകൊണ്ട് വിധിയോടുള്ള ന്യായമായ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥിതി ഓരോ പൗരനും അനുമതി നല്‍കുന്നുണ്ട്. ആ തരത്തില്‍ നോക്കുമ്പോള്‍ സുപ്രിംകോടതിയുടെ വിധി വളരെ സുപ്രധാനമായ ചില ചിന്തകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. വിധിയുടെ അന്തഃസത്തയെ സ്വാഗതം ചെയ്യുക എന്നത് നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന ഏതൊരു ഇന്ത്യന്‍ പൗരന്റെയും കടമയാണ്. ഒരു വിധി നമ്മുടെ അഭിപ്രായത്തില്‍ തെറ്റായി പ്രഖ്യാപിച്ചാല്‍ പോലും ആ വിധിയുടെ ന്യായങ്ങള്‍ അനുസരിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ തയാറാകേണ്ടതുണ്ട്.
ഈ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ഒരു വിധി പരമോന്നത നീതിപീഠത്തില്‍നിന്ന് വന്നിട്ട് മൂന്നു ദിവസം കഴിഞ്ഞപ്പോഴും രാജ്യത്ത് യാതൊരുവിധ അനിഷ്ടസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളത് കൊണ്ടുതന്നെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ മതേതരത്വം നിലനിര്‍ത്തുന്നതിനും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിനും അഖണ്ഡതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനും എത്രമാത്രം പ്രതിബദ്ധതയോടുകൂടി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉത്തമമായ ഉദാഹരണമാണ്. ഈയൊരു പിന്‍ബലത്തില്‍നിന്നു കൊണ്ടുമാത്രമാണ് അയോധ്യ കേസിലെ ഗതിയെ നോക്കിക്കാണേണ്ടത്. ഈ വിധി മുന്നോട്ടു വയ്ക്കുന്നതില്‍ ഏറ്റവും പ്രധാനം, അയോധ്യ ശ്രീരാമന്‍ ജന്മം കൊണ്ട സ്ഥലമാണെന്നും അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയേണ്ടതുണ്ടെന്നും അതു പണിയുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ട്രസ്റ്റ് രൂപീകരിക്കണം, ആ ട്രസ്റ്റില്‍ ആരെല്ലാം അംഗങ്ങളായിരിക്കണം എന്നതിനെ കുറിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും ആ ട്രസ്റ്റില്‍ വേണമെങ്കില്‍ വിധിയില്‍ യാതൊരു അവകാശവുമില്ലെന്ന് പറഞ്ഞ നിര്‍മോഹി അഖാഡ ഉള്‍പ്പെടെയ്യുള്ളവരുടെ പ്രതിനിധികളുണ്ടാകാമെന്നും മറ്റും പ്രഖ്യാപിച്ചുകൊണ്ടാണ് വിധി വന്നിരിക്കുന്നത്.
പകരം സുന്നി വഖ്ഫ് ബോര്‍ഡിനു പുതിയ പള്ളി നിര്‍മിക്കുന്നതിന് അയോധ്യയില്‍ പ്രധാനമായ സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനും വിധിയില്‍ പറയുന്നു. ആ ഭൂമിയില്‍ പള്ളി നിര്‍മിക്കേണ്ടത് സുന്നി വഖ്ഫ് ബോര്‍ഡാണെന്നുമാണ് വിധിയില്‍നിന്ന് വ്യക്തമാകുന്നത്. ഈ പ്രധാനമായ വിധി നമ്മെ സംബന്ധിച്ചിടത്തോളം കേട്ടുകേള്‍വിയില്ലാത്തതാണ്. കാരണം ഒരു സിവില്‍ തര്‍ക്കം സാധാരണ ഗതിയില്‍ വിധികല്‍പ്പിക്കപ്പെടേണ്ടത് തെളിവുകളുടെ രേഖകളുടെയും സാധ്യതകളുടെയും (ൃലുീിറലൃമിരല ീള ുൃീയമയശഹശ്യേ) അടിസ്ഥാനത്തിലാണ്. സുപ്രിംകോടതിക്ക് സിവില്‍ നടപടി നിയമം ബാധകമല്ല എന്നുവേണമെങ്കില്‍ പറയാം. പക്ഷേ, ഇത് ഹൈക്കോടതിയിലുണ്ടായിരുന്ന ഒരു പ്രാഥമിക വ്യവഹാരത്തിന്റ മേലുള്ള അപ്പീലാണ്. ഒറിജിനല്‍ സൂട്ടിന്റെ അപ്പീല്‍ എന്ന നിലയില്‍ സുപ്രിംകോടതി അതിന്റെ സവിശേഷ അധികാരമായിരുന്നില്ല ഉപയോഗിക്കേണ്ടിയിരുന്നത്. അതായത് അപ്പീല്‍ ഒറിജിനല്‍ സൂട്ടിന്റെ തുടര്‍ച്ചയാണ് എന്ന ഏറ്റവും അടിസ്ഥാനപരമായ പ്രമാണത്തില്‍ നിന്നുകൊണ്ട് സിവില്‍ നടപടികള്‍ക്കനുസരിച്ചുള്ള തെളിവുകളുടെയും രേഖകളുടെയും സാക്ഷിമൊഴികളുടെയും വിദഗ്ധ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു തീരുമാനിക്കേണ്ടിയിരുന്നത്. എന്നാല്‍, ഈ വിധി വായിക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുന്നുണ്ട്, സുന്നി വഖ്ഫ് ബോര്‍ഡും മറ്റും മുന്നോട്ടുവച്ച പല വാദങ്ങളും അതില്‍ കഴമ്പുണ്ടെന്ന് സുപ്രിംകോടതി അംഗീകരിക്കുന്നു.
എന്നാല്‍ സുപ്രിംകോടതി രാമജന്മഭൂമിക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കാനുള്ള കാരണമായി പ്രധാനമായി കാണുന്നത് മുസ്‌ലിം സമുദായത്തില്‍പെട്ടവര്‍ ഈ തര്‍ക്ക സ്ഥലത്ത് തുടര്‍ച്ചയായി ആരാധന നടത്തിയതിന് യാതൊരു തെളിവും ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ്. അതിന് ഉപോല്‍ബലകമായി കോടതി പറയുന്നത് രണ്ട് വിദേശ സഞ്ചാരികള്‍ ഹൈന്ദവ ആരാധന അവിടെ നടന്നിരുന്നു എന്നതിനെ സംബന്ധിച്ച് തെളിവു കൊടുത്തിട്ടുണ്ട്. മുസ്‌ലിം ആരാധന അവിടെ നടന്നതായി പറയുന്നില്ല എന്നതാണ്. ഇത്തരം ദുര്‍ബലമായ വാദങ്ങളുന്നയിച്ചാണോ ഇത്തരത്തിലുള്ള പ്രധാനമായ ഒരു തര്‍ക്കത്തെ അവസാനിപ്പിക്കുന്നത് എന്ന് സുപ്രിംകോടതി ആലോചിക്കേണ്ടതുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കോടതി ഒരുപാട് കാര്യങ്ങളില്‍ കൃത്യമായ ഉത്തരം നല്‍കാതെ പ്രത്യേക അധികാരമായ ഭരണഘടനയുടെ 142ാം അനുച്ഛേദം ഉപയോഗപ്പെടുത്തിയാണ് ചില കാര്യങ്ങളില്‍ തീരുമാനമെടുത്തത്. അതിനാലാണ് ഇത് അസാധാരണമായ വിധിയായതും. ഇത്തരത്തിലുള്ള തീരുമാനം എടുക്കുന്നത് ഉചിതമാണോ എന്ന് ആലോചിക്കേണ്ടതുണ്ട്. സുപ്രിംകോടതിയുടെ കണ്ടെത്തലില്‍, രണ്ടു കക്ഷികളുടെയും വാദങ്ങള്‍ക്ക് ഉപോല്‍ബലകമായി തുടര്‍ച്ചയായ ഉടമസ്ഥാവകാശമോ കൈവശാവകാശമോ തര്‍ക്കഭൂമിയില്‍ കിട്ടുന്നതിനാവശ്യമായ തെളിവുകളോ ഇല്ല. പക്ഷേ, ഞങ്ങളുടെ പ്രത്യേകാധികാരം ഉപയോഗപ്പെടുത്തിയാണ് വിധിക്കുന്നതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാമായിരുന്നു. എന്നാല്‍ ഇവിടെ സംഭവിച്ചത് മറിച്ചാണ്. ഇത്തരത്തില്‍ വിധിയെ സംബന്ധിച്ച് ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഈ വിധിയില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുതയുണ്ട്. വിധിയില്‍ പ്രധാന കണ്ടെത്തലാണ് 1934ല്‍ മുസ്‌ലിംകള്‍ ആരാധന നടത്തിയിരുന്ന പള്ളിക്ക് ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ കേടുപാടുകള്‍ ഏല്‍പ്പിച്ചുവെന്നത്. അതുപോലെ 1949ല്‍ ഡിസംബര്‍ 23നും 24നും ഇടയിലുള്ള വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ അതിക്രമിച്ചുകയറി അവിടെ വിഗ്രഹം സ്ഥാപിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിക്കുകയും അവിടെ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ശിലാന്യാസം നടത്തുകയുമുണ്ടായി. അത് ഇന്ത്യന്‍ ജനതയോട് ചെയ്ത വിശ്വാസ വഞ്ചന എന്നതാണ് സുപ്രിംകോടതി അതിന്റെ വിധിന്യായത്തില്‍ വ്യക്തമാക്കുന്നത്. സുപ്രിംകോടതി ഏറ്റവും കടുത്ത ഭാഷയില്‍ ആണ് ഈ പ്രവര്‍ത്തികളെ അപലപിക്കുന്നത്. 'നിയമവാഴ്ചയോട് പ്രതിബദ്ധതയുള്ള, ഒരു മതേതര രാജ്യത്തു ഒരിക്കലും നടക്കാന്‍ പാടില്ലാത്ത മാര്‍ഗങ്ങളിലൂടെ മുസ്‌ലിംകള്‍ ആരാധനക്ക് ഉപയോഗിച്ചിരുന്ന കെട്ടിടം തകര്‍ത്ത് അവര്‍ക്ക് അന്യമാക്കിയതിനെ തമസ്‌കരിച്ചാല്‍ നീതി നടപ്പാകില്ല' എന്നാണ് വിധിയില്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചത്. ഈ വിധിയോടുകൂടി ന്യായവും നീതിയും രാജ്യത്ത് നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന സംഘ്പരിവാര്‍ സംഘടനകള്‍ ഈ രാജ്യത്തെ ജനത്തോട് മാപ്പുപറയാന്‍ തയാറാകേണ്ടതാണെന്നു പറയാന്‍ വേറെന്തു വേണം. കോടതിവഴി തീരുമാനിക്കപ്പെടേണ്ട ഒരു അവകാശ തര്‍ക്കം നിലനില്‍ക്കുമ്പോള്‍ വളരെ സമാധാനപരമായി ആ തര്‍ക്കത്തിന്റെ തീരുമാനത്തിനു കാത്തിരിക്കാതെ രാഷ്ട്രീയലാഭമുണ്ടാക്കുന്നതിനു വേണ്ടി പല അവസരങ്ങളിലും ഇത്തരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയത് ശരിയല്ല എന്ന കോടതിയുടെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്.
ഇന്ത്യയിലെ രാഷ്ട്രീയാധികാരം പിടിക്കുക എന്ന ഏക അജന്‍ഡ മുന്‍നിര്‍ത്തിയാണ് സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും അന്നത്തെയും ഇന്നത്തെയും പ്രധാന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ത്തത്. ഈ പ്രവൃത്തിയെ കോടതി ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. എന്നാല്‍ കൈയേറി അവകാശം സ്ഥാപിച്ചവന്, കൈയേറ്റത്തില്‍ കൈവശം നഷ്ടപ്പെട്ടവന്റെ മേല്‍ അവകാശം സ്ഥാപിച്ചു കൊടുക്കുക എന്ന നിലയിലാകുന്നത് നീതിബോധത്തിന്റെ ഏത് വശം എന്ന് ആശ്ചര്യപ്പെടാം.
ഇങ്ങനെയൊരു വിധിയിലെത്തിച്ചേരുന്നതിന് കോടതി പ്രധാനമായും ആധികാരികമാക്കിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ റിപ്പോര്‍ട്ടുകളാണ്. എന്നാല്‍ പ്രസ്തുത തെളിവുകളെക്കുറിച്ചുള്ള സുപ്രിംകോടതി അനുമാനം പരിശോധിച്ചാല്‍ പല തീരുമാനങ്ങളും പല തെളിവുകളും കോടതിക്കുപോലും വിശ്വാസകരമായ രീതിയില്‍ അവതരിപ്പിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് പോലും കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാവുകയാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപോര്‍ട്ട് പ്രകാരം ബാബരി മസ്ജിദ് നിര്‍മിച്ചത് ഒഴിഞ്ഞ സ്ഥലത്തല്ല എന്നും അതിന്റെ അടിയില്‍ ഒരു നിര്‍മിതിയുണ്ടായിരുന്നെന്നും എന്നാല്‍ ആ നിര്‍മിതി രാമക്ഷേത്രമാണെന്ന് കണക്കാക്കുന്നതിനുള്ള ആധികാരിക രേഖകള്‍ ഇല്ലെന്നുമാണ്. എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നത്, ക്ഷേത്രത്തിന്റേതെന്ന് തോന്നിക്കുന്ന പലതും അവിടെനിന്ന് കണ്ടെത്തിയിരിക്കുന്നു എന്നാണ്. അവിടെയെല്ലാം സുപ്രിംകോടതി വളരെ പ്രധാനപ്പെട്ട സൂചകങ്ങള്‍ ഒഴിച്ചിടുകയാണ് ചെയ്യുന്നത്. ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്ന അയോധ്യയില്‍ ബാബരിക്കുതാഴെയുള്ള പ്രസ്തുത നിര്‍മിതി ക്ഷേത്രനിര്‍മിതി ആണെങ്കില്‍കൂടി അതൊരു രാമക്ഷേത്രമാണെന്ന് കാണിക്കാനുള്ള തെളിവെന്താണ്. അപ്രകാരമുള്ള പ്രധാനപോയിന്റ് വിധിന്യായത്തില്‍നിന്ന് വിട്ടുപോയിട്ടുണ്ട്, ഇതെല്ലാം മറികടക്കുന്നതിനാണ് ഭരണഘടനയുടെ 142ാം വകുപ്പ് കോടതി ഇവിടെ എടുത്തുപയോഗിച്ചത്.
കാലാകാലങ്ങളായി നിര്‍മോഹി അഖാഡക്കും ഹിന്ദു സംഘടനക്കും വഖ്ഫ് ബോര്‍ഡിനും ഭൂമി നല്‍കിയുള്ള വിധിയാണ് അലഹബാദ് ഹോക്കോടതിയില്‍നിന്ന് മുന്‍പുണ്ടായിരുന്നത്. എന്നാല്‍ ആ വിധി ശരിയല്ലെന്ന് സുപ്രിംകോടതി പറയാന്‍ കാരണം, ഇതൊരു ഭാഗവ്യവഹാരമായിരുന്നില്ല, ഉടമസ്ഥാവകാശം സംബന്ധിച്ച ഒരു വ്യവഹാരമാണെന്നാണ്. അതുകൊണ്ട് അത്തരത്തിലുളള നിലപാടായിരിക്കണം കോടതിയില്‍നിന്നുണ്ടാകേണ്ടത് എന്ന നിലയിലാണ് അത് തള്ളിയത്. രാമജന്മഭൂമി എന്ന സങ്കല്‍പത്തെകുറിച്ച് കൂടുതല്‍ പ്രതിപാദിക്കുന്നത് പേര് പുറത്തുപറയാത്ത ജഡ്ജി എഴുതിയ അനുബന്ധ വിധിയിലാണ്. എന്നാല്‍ ഇത് പരിശോധിച്ചാല്‍ തന്നെ ഈ പ്രത്യേക സ്ഥലത്താണ് രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നത് ആധികാരികമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്ന് വ്യക്തമാകും.
വ്യക്തമായ തെളിവ്, രേഖ, കണ്ടെത്തല്‍ എന്നിവ ഇല്ലാതെ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഈ ഭൂമി മുഴുവന്‍ വിട്ടുനല്‍കണമെന്ന വിധി ആധുനിക രാഷ്ട്രീയ സാഹചര്യത്തില്‍ വിലയിരുത്തുമ്പോഴാണ് നേരത്തെ സൂചിപ്പിച്ചതുപോലെ സുപ്രിംകോടതിയുടെ കണ്ടെത്തലുകളും വളരെ പ്രധാനമായി തീരുന്നത്. കൈയേറ്റവും അക്രമവും കൊണ്ട് രാഷ്ട്രീയാധികാരം പിടിക്കുന്നതിനു വേണ്ടിയുള്ള പ്രക്രിയയായിരുന്നു രാമക്ഷേത്ര നിര്‍മാണം എന്ന പേരില്‍ സംഘ്പരിവാര്‍ ഇത്രയും കാലം നടത്തിക്കൊണ്ടിരുന്നത്. ഇതിനെ സുപ്രിംകോടതി അപലപിച്ച സാഹചര്യത്തില്‍ മാപ്പുപറയാതെ തങ്ങളുടെ ഭാഗം പൂര്‍ണമായും വിജയിച്ചുവെന്ന പ്രചാരവേലകള്‍ നടത്തുന്നത് തികച്ചും അപലപനീയമായ കാര്യമാണ്.
1528 മുതല്‍ തര്‍ക്കസ്ഥലത്ത് നിലനിന്നിരുന്ന പള്ളി, 1992ല്‍ പൂര്‍ണമായും പൊളിച്ചുമാറ്റിയെന്ന് സുപ്രിംകോടതി പറഞ്ഞ പള്ളി അവിടെനിന്ന് മാറ്റിസ്ഥാപിക്കണമെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്നുമുള്ള അനുമതി കൊടുത്തത് വിധിയിലെ വൈരുധ്യമായി കാണാം. അത് ചേര്‍ത്തുവായിക്കുമ്പോള്‍ ആധുനിക രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തിമാത്രമേ അതിനെ പരിശോധിക്കാന്‍ കഴിയൂ. വിധി രാജ്യത്തെ ജനങ്ങളില്‍ ഉയര്‍ത്തിയ സംശയങ്ങള്‍ ചെറുതല്ല. ഈ സംശയങ്ങള്‍ മറികടക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാകണം മതനേതാക്കളും ഭരണകര്‍ത്താക്കളും ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഒരു വിഭാഗത്തിന് വേറെ ഭൂമി നല്‍കി അവരുടെ വികാരത്തെ തൃപ്തിപ്പെടുത്തുന്ന ഇടപെടല്‍ സുപ്രിംകോടതിയുടെ ഭാഗത്തുനിന്നുണ്ടായത് ഏറക്കുറെ ശ്ലാഘനീയമാണ്. കാരണം അത് ഞങ്ങള്‍ അന്യരല്ല എന്ന ബോധ്യം മതന്യൂനപക്ഷങ്ങളില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ അഞ്ചു നൂറ്റാണ്ടോളം ആരാധന നടത്തിയ സ്ഥലത്തുനിന്ന് ബലമായി പിടിച്ചിറക്കിയ രാഷ്ട്രീയ നേതൃത്വത്തെ സുപ്രിംകോടതി വിധിയിലൂടെ തുറന്നുകാണിച്ചുവെങ്കിലും അവര്‍ക്ക് നിയമം അനുശാസിക്കുന്ന തക്കതായ ശിക്ഷ നല്‍കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നില്ല എന്നത് അത്യന്തം ദുഃഖകരമായ വസ്തുത തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."