പരിപ്പായിയില്‍ മുഖംമൂടിധാരി ഭീതിപരത്തി;മിനിലോറി അടിച്ചുതകര്‍ത്തു
ശ്രീകണ്ഠപുരം: പരിപ്പായിയില്‍ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതന്‍ അര്‍ധരാത്രി വീട്ടുകാരെ വിളിച്ചുണര്‍ത്തി അക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് സമീപത്തു നിര്‍ത്തിയിട്ട മിനിലോറി തകര്‍ത്തു രക്ഷപെട്ടു. ഇന്നലെ പുലര്‍ച്ചെ 1.30ന് പരിപ്പായി റോഡരികിലുള്ള ചെറിയ ചിറമ്മല്‍ മുകുന്ദന്റെ വീട്ടിലാണ് മുഖംമൂടിധാരിയെത്തിയത്. മൂന്നാം തവണയാണ് ഇയാള്‍ മുകുന്ദനെയും കുടുംബത്തെയും അക്രമിക്കാന്‍ ശ്രമിക്കുന്നത്. ആരോ വാതിലില്‍ മുട്ടിവിളിക്കുന്നത് കേട്ട മുകുന്ദനും മകളും അയല്‍വാസികളായ ജയ്സനെയും രാജീവനെയും ഫോണില്‍ വിളിച്ചറിയിച്ചു. ഇരുവരും വരുന്നതു കണ്ട മുഖംമൂടിധാരി ഓടി രക്ഷപ്പെടുകയായിരുന്നു. ആളുകള്‍ പിരിഞ്ഞുപോയതിനു ശേഷം ഇയാള്‍ വീണ്ടുമെത്തി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ജയ്സണ്‍ ഓടിക്കുന്ന മിനിലോറയുടെ ചില്ല് തകര്‍ത്തു. പി.പി ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള പരിപ്പായി എര്ത്ത്മൂവേഴ്സിന്റേതാണ് ലോറി. ശബ്ദം കേട്ട് അയല്‍വാസികളെത്തുമ്പോഴേക്കും അക്രമി ഓടിരക്ഷപെട്ടു. നേരത്തെ മുകുന്ദനെ രക്ഷിക്കാനായി എത്തിയതിന്റെ വൈരാഗ്യത്തിലാണ് ലോറി തകര്‍ത്തതെന്നു സംശയിക്കുന്നു. ഗഫൂറിന്റെയും മുകുന്ദന്റെയും പരാതിയില്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."