കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ ദൗര്‍ലഭ്യം; ഇഴഞ്ഞുനീങ്ങി മലയോര ഹൈവേ
ആലക്കോട്: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച മലയോര ഹൈവേ നിര്‍മാണം ഒന്നര വര്‍ഷമായിട്ടും എങ്ങുമെത്തിയില്ല. പ്രവൃത്തി ഇഴഞ്ഞുനീങ്ങാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ദുരിതത്തിലായി. ചെറുപുഴമുതല്‍ വള്ളിത്തോട് വരെ 57 കിലോമീറ്റര്‍ ദൂരത്തിലാണ് അന്താരാഷ്ട്ര നിലവാരത്തില്‍ റോഡ് നിര്‍മാണം നടക്കുന്നത്. ചെറുപുഴ മുതല്‍ അരങ്ങം വരെയും നടുവില്‍ മുതല്‍ പുറഞ്ഞാണ് വരെയും റോഡ് വെട്ടിപൊളിച്ചിരിക്കുന്നതിനാല് ഇതുവഴിയുള്ള ഗതാഗതം അതീവ ദുഷ്കരമായിരിക്കുകയാണ്. മഴ ശക്തമായതോടെ കുണ്ടും കുഴിയും ചെളിയും നിറഞ്ഞ റോഡിലൂടെ ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. കലുങ്കുകളുടെയും സംരക്ഷണഭിത്തികളുടെയും നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായെങ്കിലും ഫില്ലിങ് പ്രവൃത്തികള്‍ പലയിടത്തും മുടങ്ങി. ആവശ്യമായ കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമായി അധികൃതര്‍ പറയുന്നത്. കോടതി വിധിയെ തുടര്‍ന്ന് മലയോര മേഖലയിലെ ക്വാറികള്‍ക്ക് പൂട്ടുവീണതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. വീതി കൂട്ടുന്നതിനായി മണ്ണെടുത്തതോടെ റോഡരികിലെ പല വീടുകളും ഉയരത്തിലായി. റോഡില്‍ ചെളി കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നട യാത്രക്കാരും ബുദ്ധിമുട്ടിലാണ്. തകര്‍ന്ന റോഡിലൂടെ ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ സര്‍വിസ് നടത്താന്‍ മടിക്കുന്നുമുണ്ട്. നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."