മസ്ജിദ് അനധികൃതമെങ്കില്‍ അദ്വാനിക്കെതിരേ കേസെടുത്തത് എന്തിനെന്ന് ഉവൈസി
ഹൈദരാബാദ്: ബാബരി മസ്ജിദ് അനധികൃതമെങ്കില്‍ അത് തകര്‍ത്തതില്‍ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തത് എന്തിനെന്ന് മജിലിസുല്‍ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. ഇനി മസ്ജിദ് നിയമമനുസരിച്ചതാണെങ്കില്‍ എന്തുകൊണ്ടാണത് തകര്‍ത്തവര്‍ക്ക് തന്നെ നല്‍കിയതെന്നു ഹൈദരാബാദില്‍ നടന്ന പൊതു സമ്മേളനത്തില്‍ ഉവൈസി ചോദിച്ചു.
മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് എല്‍.കെ അദ്വാനിയായിരുന്നു. കോടതി വിധിയില്‍ തൃപ്തരല്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ബാബരി മസ്ജിദ് നിയമാവകാശമാണ്. മസ്ജിദിനാണ് നിയമ പോരാട്ടം നടത്തിയത്, അല്ലാതെ ഭൂമിക്ക് വേണ്ടിയായിരുന്നില്ല. വര്‍ഷങ്ങളായുണ്ടായിരുന്ന മസ്ജിദ് തകര്‍ക്കപ്പെടുകയാണുണ്ടായത്. ഇപ്പോള്‍ കോടതി കണ്ടെത്തിയിരിക്കുന്നത് ആ ഭൂമി രാം ലല്ലയുടേതാണെന്നാണ്. മസ്ജിദ് തകര്‍ത്തതിന് പകരമായി ഭൂമി നല്‍കിയതിലൂടെ തങ്ങളെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. യാചകരെ പോലെ ഞങ്ങളെ കൈകാര്യം ചെയ്യരുത്. രാജ്യത്തിന്റെ ബഹുമാന്യരായ പൗരന്മാരാണ് ഞങ്ങള്‍. നിയപരമായ അവകാശത്തിന് വേണ്ടിയായിരുന്നു പോരാടിയത്.
ഒരാള്‍ നിങ്ങളുടെ വീട് തകര്‍ത്തു. നിങ്ങള്‍ മധ്യസ്ഥന്റെ അടുത്തുപോയാല്‍ അയാള്‍ നിങ്ങളുടെ വീട് തകര്‍ത്തയാള്‍ക്കാണോ നല്‍കുക? ഇതേ രീതിയില്‍ മാറ്റാനായി ആര്‍.എസ്.എസിന്റെ കൈയില്‍ നിരവധി മസ്ജിദുകളുടെ പേരുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."