ദേവഗിരി കോളജില്‍ സംഘര്‍ഷം: പൊലിസുകാരനുള്പ്പെടെ അഞ്ചുപേര്‍ക്ക് പരുക്ക്
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ് കോളജില്‍ ഇന്നലെ നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷത്തില്‍ പൊലിസുകാരനുള്പ്പെടെ അഞ്ചോളം പേര്‍ക്ക് പരുക്ക്. ഇലക്ഷനില്‍ ഒമ്പത് സീറ്റില്‍ ഏഴെണ്ണം എസ്.എഫ്.ഐയും രണ്ട് സീറ്റ് കെ.എസ്.യുവുമാണ് നേടിയത്. വൈകിട്ട് നടന്ന ആഹ്ലാദ പ്രകടനത്തിനിടെ ഇരുവിഭാഗവും ഏറ്റുമുട്ടിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. സംഘര്‍ഷം കനത്തതോടെ കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി ടിയര്‍ഗ്യാസ് പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ചിതറിയോടിയെങ്കിലും പ്രവര്‍ത്തകര്‍ പൊലിസുകാര്‍ക്ക് നേരെ കല്ലേറ് നടത്തി.
എ.ആര് ക്യാംപിലെ മുക്കം സ്വദേശി ശഫീഖിനെ (20) കൈക്ക് പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകരായ ലിന്റോ ജോസഫ് (25), അഖില്‍ തിരുവമ്പാടി (25), കെ.എസ്.യു പ്രവര്‍ത്തകരായ സ്വാതി എരഞ്ഞിക്കല്‍ (21), റോസ് മേരി (20) എന്നിവരെ മെഡിക്കല്‍ കോളജിലും വി.ടി നിഹാല്‍ (25), സുധിന്സുരേഷ് (25), അബ്ഷിര്‍ (21), അര്ജുന് (20), ആകാശ് തോമസ് (20) എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ കെ.എസ്.യു പ്രവര്‍ത്തകരെ ഏകപക്ഷീയമായി മര്‍ദിച്ചുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷന് ഉപരോധിച്ചു.
ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധീഖ് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ജയദേവ്, സൗത്ത് എ.സി അബ്ദുല്‍ റസാഖ് എന്നിവരുമായി ചര്‍ച്ച നടത്തി. എസ്.ഐക്കെതിരേ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേല് ഒരുമണിക്കൂറോളം നീണ്ട ഉപരോധം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി. അതേസമയം ഉപരോധം നടത്താനെത്തിയ പ്രവര്‍ത്തകര്‍ കൈയേറ്റം നടത്തിയെന്നാരോപിച്ച് എസ്.ഐ ഹബീബുള്ള, മൂസ പേരാമ്പ്ര, ഷൈജു പയ്യോളി എന്നീ പൊലിസുകാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."