തലവര മാറ്റിയ ഒരേ ഒരു ഗോള്‍
കോഴിക്കോട്: കഴിഞ്ഞ ദിവസം ഫുട്‌ബോളില്‍നിന്ന് വിരമിച്ച വയനാട്ടുകാരന്‍ സുശാന്ത് മാത്യുവിനെ അറിയാത്ത മലയാളി ഫുട്‌ബോള്‍ ആരാധകര്‍ ഉണ്ടായിരിക്കില്ല. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നേടിയ ഒരേ ഒരു ഗോളിന്റെ പേരിലായിരുന്നു മലയാളി ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ സുശാന്ത് ഇടംപിടിച്ചത്. കഴിഞ്ഞ ദിവസം താരം പ്രൊഫഷനല്‍ ഫുട്‌ബോളില്‍നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്ത ഫുട്‌ബോള്‍ ലോകം ദുഃഖത്തോടെയാണ് കേട്ടത്. രണ്ട് ദശാബ്ദത്തിലപ്പുറം രാജ്യത്തെ വിവിധ ക്ലബുകള്‍ക്കായി കളിച്ച താരം ഫുട്‌ബോളില്‍നിന്ന് വിരമിച്ചിരിക്കുന്നു.
ഒരുപിടി നല്ല ഗോളുകളുമായാണ് താരം മൈതാനത്തോട് വിടപറയുന്നത്. ഐ.എസ്.എല്ലിന്റെ ഒന്നാം സീസണില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരേയുള്ള മത്സരത്തില്‍ നേടിയ ഗോളാണ് അതില്‍ തിളങ്ങി നില്‍ക്കുന്നത്. 94-ാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെയും മലയാളികളേയും ആനന്ദത്തിലാക്കുന്നതായിരുന്നു ആ ഗോള്‍. മത്സരത്തിന്റെ അവസാന സെക്കന്‍ഡില്‍ മഴവില്ലഴകുള്ള ഗോളിന്റെ പേരിലായിരുന്നു സുശാന്ത് പിന്നീട് അറിയപ്പെട്ടത്. വയനാട്ടിലെ ഡയ്‌ന അമ്പലവയല്‍ എന്ന ക്ലബില്‍നിന്ന് തുടങ്ങിയ ജൈത്രയാത്ര ഗോകുലം കേരള എഫ്.സിയിലായിരുന്നു സുശാന്ത് അവസാനിപ്പിച്ചത്. കേരളത്തിലും ഫുട്‌ബോളിന്റെ ഈറ്റില്ലമായ കൊല്‍ക്കത്തിയിലും നീണ്ടകാലം ഫുട്‌ബോള്‍ കളിച്ച സുശാന്ത് ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ തുടങ്ങിയ വമ്പന്‍മാര്‍ക്ക് വേണ്ടിയും പന്തുതട്ടിയിട്ടുണ്ട്.
ഐ.എസ്.എല്ലിന്റെ മുന്‍പ് ഇന്ത്യന്‍ ഫുട്‌ബോളിലെ ജയന്റ് കില്ലേഴ്‌സായിരുന്ന ഈസ്റ്റ് ബംഗാളിനും മോഹന്‍ ബഗാനും വേണ്ടി പ്രൊഫഷനല്‍ കരിയറിലെ ഏറ്റവും മികച്ച സമയത്തായിരുന്നു സുശാന്ത് പന്തുതട്ടിയത്. ഇവയ്ക്ക് പുറമെ എഫ്.സി കൊച്ചിന്‍, വാസ്‌കോ ഗോവ, മഹീന്ദ്ര യുനൈറ്റഡ്, യുനൈറ്റഡ് എഫ്.സി, കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള എഫ്.സി, പൂനെ സിറ്റി എഫ്.സി, നെരോക്ക എഫ്.സി എന്നീ ക്ലബുകള്‍ക്കെല്ലാം വേണ്ടി സുശാന്ത് പന്തുതട്ടിയിട്ടുണ്ട്. കൃത്യസമയത്ത് ഏറ്റവും മികച്ച പരിശീലകരുടെ അടുത്തെത്തിയത് കൊണ്ടായിരുന്നു സുശാന്ത് ഇത്ര വലിയം നേട്ടം കൈവരിച്ചത്.
പരിശീലകരായ ഡെറിക് പെരേര, ഉസ്മാന്‍ കോയ, ഒളിംപ്യന്‍ സൈമണ്‍ സുന്ദര്‍ രാജ്, വിക്ടര്‍ മഞ്ഞില എന്നിവരെല്ലാമായിരുന്നു സുശാന്തെന്ന ഫുട്‌ബോളറെ മലയാളത്തിന് സമ്മാനിച്ചത്. ഇവര്‍ക്കെല്ലാം കടപ്പാടും നന്ദിയും അറിയിച്ചായിരുന്നു സുശാന്തിന്റെ വിടപറയല്‍.
ബിനോ ജോര്‍ജ് പരിശീലിപ്പിച്ചിരുന്ന ഗോകുലം കേരള എഫ്.സിക്ക് വേണ്ടിയായിരുന്നു സുശാന്ത് അവസാനമായി കളിച്ചത്. ടീമില്‍ കൈകാര്യം ചെയ്തതാവട്ടെ നായകന്റെ റോളും. 22 വര്‍ഷം നീണ്ട കരിയറിനാണ് കഴിഞ്ഞ ദിവസം അന്ത്യം കുറിച്ചത്. സന്തോഷ് ട്രോഫിയില്‍ കേരളം, മഹാരാഷ്ട്ര എന്നിവക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഫാറൂഖ് കോളജിനും കാലിക്കറ്റ് സര്‍വകലാശാലക്കും വേണ്ടി കളിച്ചായിരുന്നു പ്രൊഫഷനല്‍ ഫുട്‌ബോളിലേക്ക് സുശാന്ത് ചുവടുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."