ബഹ്‌റൈനിലെ പ്രഥമ മലയാളി നൃത്ത ദമ്പതികള്‍ പ്രവാസം അവസാനിപ്പിക്കുന്നു
മനാമ: ബഹ്‌റൈനിലെ പ്രഥമ മലയാളി നൃത്ത ദന്പതികള്‍ ബഹ്‌റൈന്‍ പ്രവാസം അവസാനിപ്പിക്കുന്നു.
ബഹ്‌റിനിലെ അറിയപ്പെടുന്ന പ്രഥമ നൃത്താധ്യാപകന്‍ അശോകന്‍ കുന്നംകുളവും പത്‌നി കലാമണ്ധലം ചന്ദ്രികാഅശോകുമാണ് നീണ്ട മൂന്നു പതിറ്റാണ്ടിനു ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്നത്.
1982ലാണ് അശോകന്‍ കുന്നംകുളം ആദ്യമായി ബഹ്‌റൈനിലെത്തിയത്. അന്നു മുതല്‍ ഇന്നുവരെയും അദ്ദേഹം നൃത്താധ്യാപന രംഗത്ത് സജീവമാണ്.
ചെറുപ്പകാലം തൊട്ടെ നൃത്തത്തിനോട് അടങ്ങാത്ത ആവേശമാണ് തനിക്കുണ്ടായിരുന്നതെന്ന് മാഷ് ഇവിടെ മാധ്യമങ്ങളോട് പറഞ്ഞു.
ഈ അഭിനിവേശമാണ് തന്നെ നൃത്തത്തില്‍ ചുവടുറപ്പിക്കാന്‍ സഹായകമായത്. സ്‌കൂള്‍ പത്താം ക്ലാസ് പഠനശേഷം അശോകന്‍ മാഷ് ആദ്യമായി നൃത്തമഭ്യസിച്ചത് പട്ടാമ്പി വിജയനൃത്ത കലാസദനത്തിലായിരുന്നു. ആണുങ്ങള്‍ നൃത്തം പഠിച്ചിട്ട് ഒരുകാര്യവുമില്ലെന്ന് പലരും വിലക്കിയെങ്കിലും തന്നിലെ നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം തന്റെഗുരുനാഥനായ കലാസദന്‍ വിജയരാജന്‍ മാസ്റ്റര്‍ പൂര്‍ത്തീകരിച്ചുവെന്ന് അശോകന്‍ മാസ്റ്റര്‍ പറഞ്ഞു.
എന്നാല്‍ നാട്ടില്‍ നൃത്തം പഠിപ്പിച്ചുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന തിരിച്ചറിവാണ് ഗള്‍ഫിലേയ്ക്കുള്ള മോഹങ്ങള്‍ക്ക് ചിറകുമുളപ്പിച്ചത്.
അന്ന് ബഹ്‌റൈനിലുണ്ടായിരുന്ന സുഹൃത്ത് ജേക്കബ് മുഖേന ഒരുവിസ തരപ്പെടുത്തി. ബോംബെ വരെ ബസില്‍വന്ന് ആദ്യ വിമാനയാത്ര. അങ്ങനെയാണ് 1982ല്‍ അശോകന്‍ മാഷ് ബഹ്‌റൈന്‍ പ്രവാസിയായത്.
അന്ന് ബഹ്‌റൈനില്‍ സജീവമായിരുന്ന ജയാമേനോനെ നാട്ടിലെ ഡാന്‍സ് അക്കാദമിയിലെ സരോജിനി ടീച്ചര്‍ പറഞ്ഞുതന്ന അറിവുവച്ച് പോയികണ്ടു. കുട്ടികളെഏര്‍പ്പാടാക്കിതരാമെന്നുള്ള ജയാമേനോന്റെ വാക്ക് ആശ്വാസമായി. ജയാമേനോനും നൃത്തം പഠിക്കാമെന്ന് സമ്മതിച്ചുവെങ്കിലും മഞ്ജുഎന്ന കുട്ടിയെയായിരുന്നു ആദ്യ ശിഷ്യയായി അവര്‍ ഏര്‍പ്പാടാക്കിതന്നത്. അതറിഞ്ഞ് പിന്നീട് നിരവധികുട്ടികള്‍ പഠിക്കാനായെത്തി.
ഇന്ത്യന്‍ ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ ഹാളില്‍ നടന്ന ആദ്യ പരിപാടിയായിരുന്നു പൊതുപരിപാടിയായി നൃത്തം അവതരിപ്പിച്ചതെന്ന് അശോകന്‍ മാസ്റ്റര്‍ ഓര്‍ക്കുന്നു.
മനാമയിലെ ഒരുകെട്ടിടത്തിന്റെ ടെറസ്സിന്റെ മുകളിലായിരുന്നു കേരളീയ സമാജം. അവിടെയും ജയാമേനോന്‍ മുഖേനെ ഒരുപരിപാടി അവതരിപ്പിച്ചു.
കലാമണ്ധലത്തില്‍ പഠിച്ച കുട്ടിതന്നെജീവിത സഖിയായി ആക്കണമെന്ന മോഹത്തോടെനാട്ടിലേയ്ക്ക് പോയി, 1985ല്‍ കലാമണ്ധലം ചന്ദ്രികയെവിവാഹം ചെയ്തു.
1987ല്‍ കേരളീയ സമാജം ഗുദൈബിയയിലേയ്ക്ക് മാറിയപ്പോള്‍ അതിനടുത്തു തന്നെ താമസമാക്കി വീട്ടില്‍ നൃത്ത ക്ലാസ് ആരംഭിച്ചു. അന്നുതൊട്ട് ഇന്നു വരെ നൃത്ത ക്ലാസുകള്‍ മാത്രമായി ജീവിച്ചുപോന്ന തങ്ങള്‍ക്ക് ഇവിടത്തെ ഇന്ത്യന്‍ സമൂഹവും സാംസ്‌കാരിക സംഘടനകളും വളരെനല്ല പ്രോത്സാഹനമാണ് നല്‍കിവരുന്നതെന്ന് അശോകന്‍ മാസ്റ്റര്‍ പറഞ്ഞു.
ഈ കാലത്തിനിടയ്ക്ക് ആയിരക്കണക്കിന് കുട്ടികള്‍ തങ്ങളുടെ വസതിയിലെത്തി വിവിധ നൃത്ത രൂപങ്ങളും നൂറുകണക്കിന് തിരുവാതിരയും അഭ്യസിക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്തു. കേരളീയ സമാജം നാടകങ്ങളില്‍ നൃത്ത സംവിധാനം നിര്‍വ്വഹിച്ചു. പ്രത്യേകിച്ച് പ്രകാശ് വടകര ജയാമേനോന്‍ ദമ്പതികളുടെ നാടകങ്ങളില്‍ അന്ന് തൊട്ടുഇന്നോളം തങ്ങള്‍ മാത്രമാണ് നൃത്ത സംവിധാനം ചെയ്തതെന്നും അശോകന്‍ മാസ്റ്റര്‍ പറഞ്ഞു.
ഇനി കേരളത്തില്‍ ചെന്ന് ഒരുനൃത്ത വിദ്യാലയം ആരംഭിച്ച് കലാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോകണമെന്നാണ് തങ്ങളുടെആഗ്രഹമെന്ന് ഈ നൃത്ത ദമ്പതികള്‍ പറഞ്ഞു. കേരളത്തില്‍നിന്ന് ഇവിടെ എത്തിയവര്‍ക്ക് നാടിന്റെ ഗൃഹാതുരത്വം നല്‍കുമെങ്കിലും തനിക്ക് അതൊരു റിവേഴ്‌സ് നൊസ്റ്റാള്‍ജിയയായിരിക്കും സമ്മാനിക്കുകയെന്നും അത്രകണ്ടു ഈ നാടുമായി തങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.
ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിഇപ്പോള്‍ അബുദാബിയില്‍ ഫിസിയോതെറാപ്പിസ്റ്റ് ആയിജോലിചെയ്യുന്ന ബിനേഷ് അശോക്,
ബഹ്‌റൈനില്‍ നിരവധിവേദികളില്‍ സമ്മാനം വാങ്ങിയിട്ടുള്ള, ഇപ്പോള്‍ തൃശ്ശൂരില്‍ എഞ്ചിനിയറായിജോലിചെയ്യുന്ന ചൈതന്യ അശോക് എന്നിവര്‍ മക്കളാണ്.
ബഹ്‌റൈനിലെ പ്രവാസി മലയാളികളടക്കമുള്ള നിരവധി ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്ന ഈ ദമ്പതികളുടെ നാട്ടിലേയ്ക്കുള്ള മടക്കം ബഹ്‌റൈനിലെനൃത്ത രംഗത്തിന് വലിയൊരു നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്രക്കാലവും തങ്ങള്‍ക്ക് ഒരുപാട് സഹായ സഹകരണങ്ങള്‍ നല്‍കിയ ബഹ്‌റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ്, കന്നഡ സംഘം, കെ. സി.എ തുടങ്ങി ബഹ്‌റൈനിലെ എല്ലാ സാംസ്‌കാരിക സംഘടനകളോടും തങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."