മക്കയെ ലക്ഷ്യമാക്കി വീണ്ടും മിസൈല്‍ ആക്രമണം: 70 കിലോമീറ്റര്‍ അകലെ സഊദി സേന തകര്‍ത്തു
റിയാദ്: വിശുദ്ധ മക്കയെ ലക്ഷ്യമാക്കി വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം. യമനില്‍ നിന്ന് ഹൂതി വിമതര്‍ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈലിനെ ത്വാഇഫിന് സമീപത്തുവച്ച് സഊദി വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തു.
മക്കയ്ക്ക് സമീപം 69 കിലോമീറ്റര്‍ അകലെയായാണ് മിസൈല്‍ തകര്‍ന്നുവീണത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. എന്നാല്‍ സഊദിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക വിശദീകരണം വെള്ളിയാഴ്ച രാവിലെയാണ് ഉണ്ടായത്. അറബ് സഖ്യസേനയുടെ സെന്‍ട്രല്‍ കമാന്‍ഡാണ് ഔദ്യോഗികമായി വിശദീകരണം ഇറക്കിയത്. ഹജ്ജ് സീസണില്‍ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സഊദി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി സൂചിപ്പിച്ചു.
മക്കയില്‍ നിന്നു വെറും 69 കിലോമീറ്റര്‍ ഇപ്പുറം തായിഫ് ഗവര്‍ണറേറ്റിലെ അല്‍ വസിലിയയിലാണ് മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈല്‍ തകര്‍ത്തത്. യമനിലെ വിമത വിഭാഗമായ ഇറാന് അനുകൂല ഹൂതികളുടെ മേഖലയില്‍ നിന്നുമാണ് മിസൈല്‍ തൊടുത്തു വിട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
യമനിലെ പ്രധാന തുറമുഖമായ ഹുദൈദയില്‍ നിയന്ത്രണമില്ലാതിനാല് ഹൂതികള്‍ വന്‍തോതില്‍ മിസൈലുകളും ആയുധങ്ങളും കടത്തുകയാണെന്നും സഖ്യസേന പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും മക്കയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടന്നിരുന്നുവെങ്കിലും സഊദി വ്യോമ സേന 65 കിലോമീറ്റര്‍ അകലെ വെച്ച് തകര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."