ടെന്‍ഡറില്ലാതെ ഊരാളുങ്കലിന് നല്‍കിയത് കോടികള്‍, ഇനി നല്‍കാനുള്ളത് ഖജനാവിന്റെ താക്കോല്‍ മാത്രം
തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ടെന്‍ഡറില്ലാതെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് കോടികളുടെ കരാര്‍. പല വകുപ്പ് മേധാവികളും സൊസൈറ്റിക്ക് നല്‍കുന്ന വഴിവിട്ട സഹായങ്ങള്‍ക്ക് കൂട്ടു നില്‍ക്കാത്തതിന് അപ്രധാന വകുപ്പുകളിലേയ്ക്ക് തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ ഏതാണ്ട് 707,02,89,858 കോടി രൂപയാണ് ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ നല്‍കിയത്. 2016-17ല്‍ പൊതുമരാമത്ത്, സ്‌പോര്‍ട്‌സ്, ടൂറിസം, ആരോഗ്യം, ഇറിഗേഷന്‍, ദേവസ്വം എന്നീ വകുപ്പുകളില്‍ മാത്രമായി 79,84,81,836 കോടി രൂപയ്ക്കും, 2017-18ല്‍ പൊതുമരാമത്ത്, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി, മലബാര്‍ കാന്‍സര്‍ സെന്റര്‍, ഇറിഗേഷന്‍, ടൂറിസം, വിദ്യാഭ്യാസം, ആഭ്യന്തരം, സ്‌പോര്‍ട്‌സ്, റവന്യു, സ്റ്റാര്‍ട്ടപ്പ് മിഷന്‍, സിഡിറ്റ് എന്നീ വകുപ്പുകളില്‍ 86,92,63,406 കോടിയുടെയും, 2018-19ല്‍ വിദ്യാഭ്യാസം, ഫിഷറീസ്, ഫോറസ്റ്റ്, ആരോഗ്യം, ആഭ്യന്തരം, ഐ.ടി, എം.എല്‍.എ ഫണ്ട്, സ്‌പോര്‍ട്‌സ്, ടൂറിസം, ട്രാന്‍സ്‌പോര്‍ട്ട് കെ.എസ്.എഫ്.ഇ, ലോട്ടറി, ട്രഷറി, ലേബര്‍, വ്യവസായം എന്നീ വകുപ്പുകളില്‍ 4,34,86,25,875 കോടി രൂപയും, കഴിഞ്ഞ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ഫോറസ്റ്റ്, സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ്, ഇറിഗേഷന്‍, ഇടതു എം.എല്‍.എ ഫണ്ട്, ടൂറിസം, ട്രഷറി, ദേവസ്വം, സാംസ്‌കാരികം, വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ് എന്നീ വകുപ്പുകളിലായി 105,39,18,741 കോടിയുടെയും ടെന്‍ഡറില്ലാതെ കരാര്‍ നല്‍കി.
ലോക കേരളസഭക്ക് സൗകര്യമൊരുക്കാന്‍ 1.85 കോടിയുടെ നവീകരണങ്ങള്‍ നടത്തിയപ്പോഴും കരാര്‍ നേടിയത് ഊരാളുങ്കല്‍ ആയിരുന്നു. വിവിധ ജില്ലകളിലെ നിര്‍മാണ പ്രവൃത്തികള്‍ക്കും ടെന്‍ഡറില്ലാതെ ഊരാളുങ്കല്‍ കരാര്‍ നേടി. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല അപ്പാര്‍ട്‌മെന്റ് നിര്‍മാണത്തിന്റെ കരാറും ഊരാളുങ്കലിനായിരുന്നു.
കടലാസ് രഹിത നിയമസഭ പദ്ധതിയും ഏല്‍പിച്ചിരിക്കുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയെയാണ്. പദ്ധതി വിവരണത്തിന്റ അടിസ്ഥാനത്തിലും വിവരസാങ്കേതിക വിദ്യയില്‍ ഉള്ള പ്രാവീണ്യം കണക്കിലെടുത്തുമാണ് നിര്‍മാണം അവരെ ഏല്‍പിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച ഉത്തരവിലെ വിശദീകരണം. കിഫ്ബി വഴിയുള്ള പദ്ധതികളും ഊരാളുങ്കലിനു തന്നെയാണ്.
2017 ഓഗസ്റ്റ് 25നും 2019 ഓഗസ്റ്റ് നാലിനും ഇറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ് കോടികളുടെ നിര്‍മാണ ജോലികള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കുന്നത്. ഒരു സമയം 800 കോടിയുടെ പരിധി നിശ്ചയിച്ചു നല്‍കിയെങ്കിലും 2,000 കോടിയുടെ വരെ പ്രവൃത്തികളാണ് സൊസൈറ്റി ഒരേസമയം ചെയ്തുകൊണ്ടിരിക്കുന്നത്. പൊതുമേഖലയില്‍ കിറ്റ്‌കോ ലിമിറ്റഡ്, എച്ച്.എല്‍.എല്‍ ഇന്‍ഫ്രാ ടെക് സര്‍വീസസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് 750 കോടിയുടെ വരെ പ്രവൃത്തികള്‍ ഒരേസമയത്ത് ഏറ്റെടുക്കാനാകും. സര്‍ക്കാരിതര മേഖലയില്‍ തന്നെ ഊരാളുങ്കലിനൊപ്പം ആരുമില്ലെന്നതും ശ്രദ്ധേയമാണ്. 250 കോടിയുടെവരെ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതിയുള്ള ഹാബിറ്റാറ്റാണ് ഊരാളുങ്കലിന് തൊട്ടടുത്തുള്ളത്.
2014ല്‍ ഒരേസമയത്ത് 250 കോടിയുടെ പ്രവൃത്തികള്‍ മാത്രം ഏറ്റെടുക്കാനാണ് ഊരാളുങ്കലിന് അനുമതി ഉണ്ടായിരുന്നത്. ഇത് 2017ല്‍ 500 കോടിയായും പിന്നീട് 800 കോടിയായും വര്‍ധിപ്പിച്ചു.
കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഫിനാന്‍ഷ്യല്‍ കോഡും ലംഘിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ ഇടത് സര്‍ക്കാര്‍ 800 കോടിയിലധികം രൂപയുടെ പ്രവൃത്തികള്‍ ചെയ്യാന്‍ ചുമതലപ്പെടുത്തിയത്. 39 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 45 ഏജന്‍സികളുടെ പട്ടികയില്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്കു പ്രവൃത്തികള്‍ ചെയ്യാന്‍ സംസ്ഥാനത്ത് മറ്റൊരു ഏജന്‍സിയെയും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."