സഊദിയില്‍ ജോലി ലഭിക്കാന്‍ ഇനി പരീക്ഷയും പാസാവണം: ഇന്ത്യക്കാര്‍ ആദ്യ ഘട്ടത്തില്‍
റിയാദ്: സഊദിയില്‍ തൊഴില്‍ മേഖലയില്‍ സമഗ്ര പരിഷ്‌കരണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് വ്യാപകമായുള്ള ആമില്‍ വിസ (ലേബര്‍) നിര്‍ത്തലാക്കി പുതിയ പരിഷകരണത്തിനൊരുങ്ങുകയാണ് സഊദി തൊഴില്‍ മന്ത്രാലയമെന്ന് റിപ്പോര്‍ട്ട്. ആമില്‍ വിസ ഒഴിവാക്കി പകരം വിവിധ മേഖലയിലേക്ക് ആവശ്യമായ തൊഴില്‍ മാറ്റം അനുവദിക്കുമെന്നും എന്നാല്‍ ഇതിനായി പ്രത്യേകം പരീക്ഷ എഴുതി വിജയിക്കേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ട്. അവിദഗ്ധ തൊഴിലാളികളെ മുഴുവന്‍ രാജ്യത്ത് നിന്നും തുടച്ചു നീക്കി എല്ലാ മേഖലയിലും വിദഗ്ദ്ധ തൊഴിലാളികളെ തന്നെ നിയമിക്കുന്നതിന് ഭാഗമായാണ് പുതിയ നീക്കം. ധാരാളം അവിദഗ്ധ തൊഴിലാളികളുള്ള ഈ വിഭാഗം വിസകള്‍ പൂര്‍ണമായും നിര്‍ത്തലാക്കി പ്രൊഫഷന്‍ മാറ്റം അനുവദിക്കുമെന്ന് തൊഴില്‍ മന്ത്രാലയ തൊഴില്‍ പരീക്ഷ പ്രോഗ്രാം ഡയറക്റ്റര്‍ നായിഫ് അല്‍ ഉമൈര്‍ വ്യക്തമാക്കിയതായി സഊദി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ അറബി, ഉറുദു, ഇംഗ്‌ളീഷ്, ഫിലിപ്പിനോ ഭാഷകളിലായിരിക്കും പരീക്ഷകള്‍. ഇതിനായി 400 മുതല്‍ 600 റിയാല്‍ വരെ ഫീസുകളും ഈടാക്കും.
ഇന്ത്യക്കാരടക്കം നിരവധി വിദേശികള്‍ക്ക് പുതിയ പരിഷ്‌കരണം ഏറെ ബാധിച്ചേക്കും. എങ്കിലും വിവിധ മേഖലകളില്‍ കഴിവ് തെളിച്ചവര്‍ക്ക് ഇത് സഹായകമാകുകയും ചെയ്യും. നിലവില്‍ സഊദിയില്‍ ജോലി ചെയ്യുന്നവര്‍ക്കും പുതിയതായി റിക്രൂട്ട് മെന്റ് ചെയ്യപ്പെടുന്നവര്‍ക്കും
പരീക്ഷ നടത്താനും നീക്കമുണ്ട്. അടുത്ത മാസം ഇത് നടപ്പില്‍ വരുത്തുമെങ്കിലും ഒരു വര്‍ഷത്തിന് ശേഷം മാത്രമേ ഇത് നിര്‍ബന്ധമാക്കുകയുള്ളൂ. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തേക്കുള്ള സര്‍ട്ടിഫിക്കറ്റും നല്‍കും. ആദ്യ ഘട്ടത്തില്‍ ഇന്ത്യക്കാര്‍ക്കും പിന്നീട് ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഈജിപ്ത്, ബംഗ്‌ളാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യക്കാര്‍ക്കുമാണ് പരീക്ഷ നടത്തുക. ഈ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ആമില്‍ വിസകളില്‍ രാജ്യത്ത് തൊഴിലെടുക്കുന്നത്.
ആദ്യ ഘട്ടത്തില്‍ അടുത്ത മാസം മുതല്‍ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ കാറ്റഗറികള്‍ക്കാണ് പരീക്ഷ ആരംഭിക്കുന്നത്. രണ്ടു ലക്ഷത്തോളം വിദേശികള്‍ ഈ പ്രൊഫഷനില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. രണ്ടാം ഘട്ടത്തില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ എയര്‍ കണ്ടീഷന്‍, റഫ്രിജറേറ്റര്‍, കാര്‍ ഇലക്ട്രീഷ്യന്‍ പ്രൊഫഷനലുകള്‍ക്കും അതെ വര്ഷം ജൂലൈയില്‍ മൂന്നാം ഘട്ടത്തില്‍ കാര്‍പെന്റര്‍, വെല്‍ഡര്‍ തൊഴില്‍ മേഖലയിലുള്ളവരും പരീക്ഷ എഴുതേണ്ടി വരും.
ഒക്ടോബറിലെ നാലാം ഘട്ടത്തില്‍ മേസണ്‍, പെയിന്റര്‍, ടൈലറിംഗ് മേഖല, എന്നിവയും 2021 ജനുവരിയിലെ അഞ്ചാം ഘട്ടത്തില്‍ കെട്ടിടനിര്‍മ്മാണം, ടെക്‌നീഷ്യന്‍ പ്രൊഫഷന്‍ എന്നിവക്കും പരീക്ഷ നടത്തും. പുതിയ പദ്ധതിയോടെ അവിദഗ്ദ്ധ തൊഴിലാളികളെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. നിലവിലുള്ള 2878 പ്രൊഫഷനുകള്‍ ഏകീകരിച്ച് 259 ആക്കി ക്രമീകരിക്കുന്നതിന്റെയും ഭാഗമാണ് പുതിയ പരിഷ്‌കരണങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."