കുളമ്പുരോഗം നിയന്ത്രണവിധേയം: മൃഗസംരക്ഷണ വകുപ്പ്
തൃശൂര്‍: ജില്ലയിലെ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ രണ്ടാഴ്ച മുന്‍പ് 50 കന്നുകാലികളില്‍ പടര്‍ന്നു പിടിച്ച കുളമ്പുരോഗം നിയന്ത്രണ വിധേയമായതായി ജില്ലാമൃഗസംരക്ഷണ വകുപ്പ്.
രോഗം ബാധിക്കാത്ത ആയിരത്തോളം കന്നുകാലികളില്‍ അടിയന്തിരമായി വാക്‌സിനേഷന്‍ നടത്തിയാണ് രോഗം നിയന്ത്രണ വിധേയമാക്കിയത്. രോഗം ബാധിച്ച കന്നുകാലികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. പഞ്ചായത്ത് കിടാരി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്ത കന്നുകാലികളിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടത്. തമിഴ്‌നാട്ടില്‍ നിന്നാണ് കിടാരികളെ വിതരണത്തിനായി കൊണ്ടുവന്നത്. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിനെ കൂടാതെ വേലൂര്‍, കടങ്ങോട് ഗ്രാമപഞ്ചായത്തുകളിലെ അതിര്‍ത്തികളിലുള്ള വീടുകളിലും തുടര്‍ ദിവസങ്ങളില്‍ കന്നുകാലികളില്‍ കുളമ്പുരോഗ ലക്ഷണങ്ങള്‍ കണ്ടിരുന്നു.
ഇതേ തുടര്‍ന്നാണ് ഒരാഴ്ചയായി മൂന്ന് പഞ്ചായത്തുകളിലും വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പറവട്ടാനിയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രൊജക്ട് വിഭാഗമാണ് അതത് പഞ്ചായത്തുകളിലെ അംഗങ്ങള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ നടത്തിയത്. നാല് മാസം മുന്‍പാണ് മേഖലയില്‍ കുളമ്പുരോഗ വാക്‌സിനേഷന്‍ നടത്തിയത്. കര്‍ഷകര്‍ക്ക് ഏറെ ആശങ്കയുണ്ടായ സാഹചര്യത്തില്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് തുടര്‍ന്നും കരുതല്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. എം.കെ. പ്രദീപ് കുമാര്‍ അറിയിച്ചു. കര്‍ഷകരെ ബോധവല്‍ക്കരിച്ച് രോഗശമന മാര്‍ഗങ്ങളും മേഖലകളില്‍ നടത്തുന്നുണ്ട്. കുളമ്പുരോഗം ഉണ്ടായ കന്നുകാലികളെ മറ്റ് കന്നുകാലികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിച്ചതും രോഗം പെട്ടെന്ന് ശമിക്കാന്‍ കാരണമായതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."