കശ്മിര്‍ പ്രശ്‌നം ജനതയുടെ മൗലികാവകാശങ്ങള്‍ നിഷേധിച്ചതിന്റെ ഫലം: മുഹമ്മദ് യൂസുഫ് തരിഗാമി
തിരുവനന്തപുരം: കശ്മിര്‍ പ്രശ്‌നം പലരും പറയുന്നതുപോലെ പാകിസ്താനും തീവ്രവാദികളും ചേര്‍ന്നു സൃഷ്ടിച്ചതല്ലെന്നും ജനതയുടെ മൗലിവാകശങ്ങള്‍ നിഷേധിച്ചതിന്റെ ഫലമാണെന്നും ജമ്മു- കശ്മിരിലെ സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി എം.എല്‍.എ. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ 15ാമത് എന്‍. നരേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജമ്മു-കശ്മിരിന് പ്രത്യേക പദവി ഉള്ളതുപോലെ തന്നെ മറ്റെങ്ങുമില്ലാത്ത കുറെ അനാവശ്യ നിയമങ്ങള്‍ അവിടെഅടിച്ചേല്‍പ്പിക്കപ്പെടുന്നുമുണ്ട്. ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇടങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതു സ്വാഭാവികമാണ്. കശ്മിര്‍ ജനത പൊതുവെ സമാധാനവും ദേശീയഐക്യവും ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ദേശീയ ഐക്യത്തിന്റെ തത്ത്വങ്ങള്‍ക്കു നിരക്കാത്ത തരത്തിലുള്ള നിയമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അവിടെ അടിച്ചേല്‍പ്പിക്കുന്നത്. വിഭജനവേളയില്‍ ഇന്ത്യന്‍ യൂനിയനില്‍ നിന്ന് വേറിട്ടു നില്‍ക്കാനായിരുന്നു അവിടുത്തെ ഹരിസിങ് രാജാവിന്റെ തീരുമാനം. പിന്നീട് ചില വ്യവസ്ഥകളുടെയും വാഗ്ദാനങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിലാണ് കശ്മിര്‍ ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ന്നത്. കശ്മിര്‍ ഇന്ത്യയുടെ ഭാഗമായിരിക്കണമെന്നു ശക്തമായി വാദിച്ച നേതാവായിരുന്നു ഷേഖ് അബ്ദുല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ 1953ല്‍ പിരിച്ചുവിടുകയും അദ്ദേഹത്തെ ജയിലിലടയ്ക്കുകയും ചെയ്തുകൊണ്ട് കശ്മിരില്‍ കുഴപ്പങ്ങള്‍ക്കു തിരികൊളുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
പലപ്പോഴും മാറിമാറി വന്ന കേന്ദ്രഭരണകൂടങ്ങളുടെ പാവസര്‍ക്കാരുകളാണ് സംസ്ഥാനം ഭരിച്ചത്. അവര്‍ക്കൊന്നും പ്രശ്‌നം ഫലപ്രദമായി കൈകാര്യം ചെയ്യാനായിട്ടില്ല. അവിടെ ദേശീയഐക്യം യാന്ത്രികമായി നടപ്പാക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി കശ്മിരി സമൂഹം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമല്ലാത്ത അവസ്ഥ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."