കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ടത്തിന് തുടക്കമായി: ജില്ലാ തല പ്രവേശനോത്സവം ഡിസംബര്‍ 1ന്
പാലക്കാട് : കുടുംബശ്രീ അംഗങ്ങളെ മുഴുവന്‍ വിവിധ വിഷയങ്ങളില്‍ അവബോധമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷമാരംഭിച്ച സാമൂഹ്യാധിഷ്ഠിത പരിശീലന പദ്ധതിയാണ് കുടുംബശ്രീ സ്കൂള്‍.
കുടുംബശ്രീ സ്കൂളിന്റെ ഒന്നാം ഘട്ടത്തില്‍ കുടുംബശ്രീ സംഘടനാ സംവിധാനത്തിനും പദ്ധതികള്‍ക്കു മായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. ഇത്തവണ അയല്‍ക്കൂട്ടങ്ങളെ പങ്കാളിത്ത വികസനത്തിലും ആസൂത്രണത്തിലും സജീവമാക്കുന്നതിനാവശ്യമായ ചര്ച്ചക്കള്ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളായ 42 ലക്ഷം പേര്‍ക്ക് കുടുംബശ്രീ സ്കൂളിന്റെ ഭാഗമായി പരിശീലനം ലഭിക്കും. നാല്പതിനായിരത്തിലധികം കമ്മ്യൂണിറ്റി അധ്യാപകര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. കുടുംബശ്രീ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ക്ലാസുകളില്‍ പങ്കെടുക്കും.
പാലക്കാട് ജില്ലയില്‍ കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി എ.ഡി.എസ് തല അധ്യാപകര്‍ക്കുള്ള ദ്വിദിന പരിശീലനം പുരോഗമിച്ചു വരികയാണ്. 96 സി.ഡി.എസുകളില്‍ നിന്നായി 3315 റിസോഴ്സ് പേഴ്സണ്‍മാരെ 45 ക്ലസ്റ്ററുകളായി തിരിച്ചാണ് രണ്ട് ദിവസത്തെ പരിശീലനം നല്‍കുന്നത്. നവംബര്‍ 14 ന് ആരംഭിച്ച എ.ഡി.എസ് തല പരിശീലനം ഡിസംബര്‍ 4ന് സമാപിക്കും.
കുടുംബശ്രീ ജില്ലാ മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പാരോ ട്രെയിനിംഗ് സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 22 ജില്ലാ തല അധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. എ.ഡി.എസ് തല പരിശീലന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ആലത്തൂര്‍ എം.എല്‍.എ ശ്രീ. കെ. ഡി. പ്രസേനന്‍ നിര്‍വഹിച്ചു. കുടുംബശ്രീ സ്കൂളിന്റെ ഭാഗമായി ജില്ലയില്‍ 23206 അയല്‍ക്കൂട്ടങ്ങളിലായി മൂന്ന് ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. ഏഴ് അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരു അധ്യാപകന് എന്ന നിലയിലാണ് ഇത്തവണ ക്ലാസുകള്‍ നടക്കുക.
ഓരോ അയല്‍ക്കൂട്ടത്തിനും 2 മണിക്കൂര്‍ വീതമുള്ള 6 ക്ലാസുകളിലായാണ് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുക. കുടുംബശ്രീ അയല്‍ക്കൂട്ടം, കുടുംബശ്രീ പദ്ധതികള്‍, കണക്കെഴുത്ത് അയല്‍ക്കൂട്ടത്തില്‍, ധനവിനിയോഗം കുടുംബത്തിലും അയല്‍ക്കൂട്ടത്തിലും, ഉപജീവനവികസനം സൂക്ഷ്മ സംരംഭങ്ങളിലൂടെ, ദുരന്തനിവാരണ പ്രവര്‍ത്തനം അയല്‍ക്കൂട്ടത്തില്‍ എന്നീ വിഷയങ്ങളിലാണ് അയല്ക്കൂട്ടാംഗങ്ങള്ക്ക് പരിശീലനം നല്‍കുക.
ഡിസംബര്‍ 1 മുതല്‍ ജനുവരി 15 വരെയാണ് ജില്ലയിലെ അയല്‍ക്കൂട്ടങ്ങളില്‍ കുടുംബശ്രീ സ്കൂള്‍ സംഘടിപ്പിക്കുക. വൈവിദ്ധ്യമാര്‍ന്ന പരിപാടികളുമായി പ്രവേശനോത്സവം ഡിസംബര്‍ 1ന് സംഘടിപ്പിക്കും. സി.ഡി.എസ് തലങ്ങളില്‍ പഠിതാക്കളുടെ ഘോഷയാത്ര, 'അറിവാണ് ആയുധം ' എന്ന ആശയം മുന്‍നിര്‍ത്തി സിഗ്നേച്ചര്‍ ക്യാമ്പയിന്, ഒന്നാം ഘട്ടത്തില്‍ മികവ് പുലര്‍ത്തിയ അയല്‍ക്കൂട്ടങ്ങളെ ആദരിക്കല്‍, രംഗശ്രീ തിയ്യറ്റര്‍ ഗ്രൂപ്പിന്റെ നാടകാവതരണം, ബാലസഭ കുട്ടികളുടെ കലാപ്രകടനങ്ങള്‍ എന്നിവ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."