നമ്പി നാരായണനെ പീഡിപ്പിക്കാന്‍ സെന്‍കുമാര്‍ കൂട്ടുനിന്നുവെന്ന് സര്‍ക്കാര്‍
കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ പീഡിപ്പിക്കാന്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ കൂട്ടുനിന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
ഈ ആരോപണത്തില്‍ സെന്‍കുമാറിനെതിരേ അന്വേഷണം നടക്കുകയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അന്വേഷണം പൂര്‍ത്തിയാകാതെ സെന്‍കുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ അംഗമാക്കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
താന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാകുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ എതിര്‍വാദം ഉന്നയിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ഏഴാം എതിര്‍കക്ഷിയാണ് സെന്‍കുമാര്‍. നമ്പി നാരായണന്റെ കേസിന്റെ അന്വേഷണച്ചുമതല സെന്‍കുമാറിന് ഉണ്ടായിരുന്നു.
സെന്‍കുമാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് കേസില്‍ തുടരന്വേഷണത്തിന് അനുമതി വാങ്ങിയെന്നും മാധ്യമങ്ങള്‍ക്ക് ഈ വാര്‍ത്ത നല്‍കുക വഴി മാനനഷ്ടം ഉണ്ടായെന്നും നമ്പി നാരായണന്റെ പരാതിയില്‍ പറയുന്നുണ്ട്. 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നമ്പി നാരായണന്‍ ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. തനിക്കെതിരേ നിരന്തരം കേസുകള്‍ നല്‍കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാകുന്നത് ബോധപൂര്‍വം തടയാന്‍ ശ്രമിച്ച സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് സെന്‍കുമാര്‍ ഹരജിയില്‍ ആവശ്യപ്പെടുന്നത് .
കെ.എ.ടിയുടെ നിയമന പട്ടികയിലുണ്ടായിരുന്ന വി. സോമസുന്ദരത്തിന് കഴിഞ്ഞ ജനുവരി 31ന് നിയമനം ലഭിച്ചു. 65 വയസ് വരെ മാത്രമേ കെ.എ.ടിയില്‍ തുടരാനാവൂ എന്നതിനാല്‍ നിയമനം വൈകിപ്പിച്ച് കനത്ത നഷ്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി നളിനി നെറ്റോ തന്റെ പദവി ദുരുപയോഗം ചെയ്തുവെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."