സ്‌പെഷല്‍ റൂള്‍ ഭേദഗതിക്കുള്ള കാലയളവ് പരമാവധി മൂന്നുമാസമാക്കണമെന്ന് നിയമസഭാ സമിതി
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് പി.എസ്.സി വഴിയുള്ള നിയമനങ്ങളില്‍ വിദ്യാഭ്യാസ യോഗ്യതയില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സ്‌പെഷല്‍ റൂള്‍ ഭേദഗതി ചെയ്യുന്ന കാലയളവ് പരമാവധി മൂന്നുമാസമാക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാര്‍ശ. ടി.വി രാജേഷ് അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ചു.
പി.എസ്.സി നിയമനം നടത്തുന്നത് അതത് വകുപ്പുകളുടെ സ്‌പെഷല്‍ റൂളില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിബന്ധനകള്‍ക്കു വിധേയമായാണ്. വിദ്യാഭ്യാസ യോഗ്യതയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി വിവിധ തസ്തികകളിലേക്ക് വകുപ്പുകള്‍ യഥാസമയം സ്‌പെഷല്‍ റൂളുകള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇങ്ങനെ യഥാസമയം സ്‌പെഷല്‍ റൂളുകള്‍ ഭേദഗതി ചെയ്യാത്തതിനാല്‍ യുവജനങ്ങള്‍ക്ക് പി.എസ്.സി വഴി നിയമനം ലഭിക്കുന്നില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ സമിതി അതേക്കുറിച്ച് പഠനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് ഇന്നലെ സമര്‍പ്പിച്ചത്.
സ്‌പെഷല്‍ റൂള്‍ രൂപീകരിക്കാത്തതും ഭേദഗതി വരുത്താത്തതുമായ വകുപ്പുകളും അതിനുകീഴില്‍ വരുന്ന സ്ഥാപനങ്ങളും അടിയന്തരമായി സ്‌പെഷല്‍ റൂള്‍ രൂപീകരിക്കണമെന്നും കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും സമിതിയുടെ ശുപാര്‍ശയിലുണ്ട്.
ക്ലര്‍ക്ക്, അസിസ്റ്റന്റ് തുടങ്ങി സമാന തസ്തികകളിലേക്ക് കംപ്യൂട്ടര്‍ പരിജ്ഞാനംകൂടി യോഗ്യതയായി ഉള്‍പ്പെടുത്തി സ്‌പെഷല്‍ റൂളില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നും സമിതിയുടെ ശുപാര്‍ശയിലുണ്ട്.
നിമയമസഭാ സമിതികളോട് സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും സര്‍വകലാശാലകളും വേണ്ടത്ര താല്‍പര്യം കാട്ടുന്നില്ലെന്നും ഇത് സ്പീക്കറുടെ ശ്രദ്ധയില്‍പെടുത്തുമെന്നും സര്‍വകലാശാലകളുടേത് നിഷേധാത്മക സമീപനമാണെന്നും ടി.വി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."