കണ്ണൂരിലെ വനിതാ സഹകരണ സംഘം മുന്‍ സെക്രട്ടറിയുടെ ഭൂമി തട്ടിയെടുത്തെന്ന് പരാതി
ന്യൂഡല്‍ഹി: സി.പി.എം ഭരണസമിതി നിയന്ത്രിക്കുന്ന കണ്ണൂര്‍ എടയന്നൂര്‍ വനിതാ സഹകരണ സംഘത്തിന്റെ മുന്‍ സെക്രട്ടറിയെ പുറത്താക്കി 50 ലക്ഷം രൂപ മതിപ്പുവിലയുള്ള ഭൂമി തട്ടിയെടുത്തതായി ദേശീയ വനിതാ കമ്മിഷന് മുന്‍പാകെ പരാതി. സഹകരണ സംഘം മുന്‍ സെക്രട്ടറി എടയന്നൂര്‍ ആലക്കല്‍ വീട്ടില്‍ കെ.വി ഉഷാകുമാരിയാണ് ഇതു സംബന്ധിച്ച് ദേശീയ വനിതാ കമ്മിഷന് ഇന്നലെ പരാതി നല്‍കിയത്. വിഷയത്തില്‍ നേരത്തെ സംസ്ഥാന വനിതാ കമ്മിഷനും ജില്ലാ പൊലിസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നടപടി ഇല്ലാതിരുന്നതോടെയാണ് ഉഷാകുമാരി ദേശീയ വനിതാ കമ്മിഷനെ സമീപിച്ചത്.
1999 മുതല്‍ 2003 വരെയുള്ള കാലയളവില്‍ സഹകരണ സംഘത്തില്‍ സെക്രട്ടറിയായിരിക്കെ ആറു ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി നടന്നുവെന്ന് ആരോപിച്ച് തന്നെ പുറത്താക്കിയെന്ന് ഉഷാകുമാരി പരാതിയില്‍ പറയുന്നു. അത്രയും തുക തിരികെ അടപ്പിക്കാന്‍ ഉഷാകുമാരിയില്നിന്ന് 30 സെന്റ് ഭൂമി സംഘം പ്രസിഡന്റിന്റെ പേരില്‍ എഴുതിവാങ്ങുകയും ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തിനു തൊട്ടടുത്തുള്ള കണ്ണായ സ്ഥലത്തുള്ള ഈ ഭൂമിക്ക് 50 ലക്ഷം രൂപ വിലമതിക്കും. സി.പി.എമ്മിന്റെ എടയന്നൂര്‍ ബ്രാഞ്ച് നേതൃത്വം ഭീഷണിപ്പെടുത്തിയാണ് സ്വത്ത് കൈക്കലാക്കിയത്. സഹകരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ വകുപ്പുതലത്തില്‍ അന്വേഷണം നടത്താതെ പാര്‍ട്ടിയുടെ തീരുമാന പ്രകാരമാണ് ഈ നടപടികളെല്ലാം സ്വീകരിച്ചത്. തന്നെ തൊഴില്രഹിതയാക്കി മാനസികമായി പീഡിപ്പിക്കുകയാണെന്നും ഉഷാകുമാരി പരാതിയില്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."