പലായനത്തിന്റെ കടല്‍ താണ്ടിയ കരുത്തില്‍ യുസ്ര
റിയോ ഡി ജനീറോ: നീന്തല്‍ കുളത്തില്‍ നിന്നു ഒന്നും നേടാനാകാതെയാണ് അവള് മടങ്ങിയത്. പക്ഷേ ആ കണ്ണുകളില്‍ നിരാശയുണ്ടായിരുന്നില്ല. കൗതുകവും ആകാംക്ഷയുമായിരുന്നു. ഒളിംപിക്സ് പോലൊരു ലോക വേദിയില്‍ മത്സരിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു യുസ്ര മര്ദിനി. മത്സരം അവസാനിച്ചപ്പോള്‍ അമ്പരപ്പില്‍ ഒന്നും സംസാരിക്കാന്‍ സാധിച്ചില്ല. മൗനം വെടിഞ്ഞ് സംസാരം തുടങ്ങിയപ്പോള്‍ മുതല്‍ ആകാംക്ഷയായിരുന്നു ഓരോ വാക്കിലും.
വീടും നാടും നഷ്ടപ്പെട്ട സിറിയന്‍ അഭയാര്‍ഥിയാണ് 18കാരിയായ യുസ്ര. ഒളിംപിക് പതാകയ്ക്ക് കീഴില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ മത്സരിക്കാനിറങ്ങിയ യുസ്രയാണ് റിയോയില്‍ പോരിനിറങ്ങിയ ആദ്യ അഭയാര്‍ഥി താരം. ഹീറ്റ്സില്‍ 41ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂവെങ്കിലും യുസ്രയ്ക്ക് നിരാശയൊന്നുമില്ല.
പലായനത്തിന്റേയും അതിജീവനത്തിന്റേയും കടല്‍ താണ്ടിയ കരുത്താണ് അവളെ ഒളിംപിക് വേദിയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം സിറിയയില്‍ നിന്നു തുര്‍ക്കിയിലേക്കും പിന്നീട് ഗ്രീസിലേക്ക് അവിടെ നിന്നു ജര്‍മനിയിലെ ബെര്‍ലിനിലേക്കും സഹോദരിക്കൊപ്പമാണ് യുസ്ര എത്തിയത്. കേവലം രണ്ടു വര്‍ഷങ്ങള്‍ കൊണ്ടാണ് യുസ്ര നീന്തല്‍ താരമായി മാറിയത്.
ഹൃദ്യമായ സ്വീകരണമാണ് ഒളിംപിക് വേദിയില്‍ ലഭിച്ചത്. ഒളിംപിക്സില്‍ പങ്കെടുക്കാന്‍ സാധിച്ചത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവമാണ്. വളരെ സന്തോഷമുണ്ട്. ചാംപ്യന്മാരേയും മറ്റു നീന്തല്‍ താരങ്ങളേയും കാണാനും സാധിച്ചു- യുസ്ര പറഞ്ഞു. അഭയാര്ഥിയായുള്ള തങ്ങളുടെ പലായനത്തിന് അവസാനമായിട്ടില്ലെന്നു ഉത്തമ ബോധ്യമുണ്ടെന്നു പറഞ്ഞ യുസ്ര പക്ഷേ ഭാവിയില്‍ മികച്ച നീന്തല്‍ താരമാകാമെന്ന പ്രത്യാശയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."