എണ്‍പതിലധികം ട്രിപ്പുകള്‍ നിര്‍ത്തിവയ്ക്കുന്നു
കൊല്ലം: ഓയൂര്‍ - ആയൂര്‍ - അഞ്ചല്‍ റൂട്ടില്‍ 20 ഓളം സ്വകാര്യ ബസുകള്‍ നടത്തിവരുന്ന 80ല്‍ അധികം ട്രിപ്പുകള്‍ നിര്‍ത്തിവെക്കുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികല്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ കെ.എസ്.ആര്.ടി.സി ഈ മേഖലയില്‍ സര്‍വിസ് ആരംഭിക്കുകയും ഇപ്പോള്‍ 14 ബസുകള്‍ 100ല്‍ അധികം ട്രിപ്പുകള്‍ സര്‍വിസ് നടത്തിവരികയുമാണ്. കേവലം 32 കിലോ മീറ്റര്‍ മാത്രം ദൂരമുള്ള റൂട്ടിലാണ് കെ.എസ്.ആര്.ടി.സി യാതൊരു മാനദണ്ഡവുമില്ലാതെ സര്‍വിസ് നടത്തുന്നത്. തന്മൂലം നിലവിലുള്ള സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
10,000 രൂപയില്‍ കുറവ് വരുമാനമുള്ള എല്ലാ ഷെഡ്യൂളുകളും നിര്‍ത്തലാക്കുമെന്നുള്ള കെ.എസ്.ആര്.ടി.സി
എം.ഡിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് ചടയമംഗലം, ചാത്തന്നൂര്‍ എന്നീ ഡിപ്പോകളില്‍ നിന്നും ഇത്തരത്തില്‍ സര്‍വിസ് നടത്തുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
ഈ സാഹചര്യത്തില്‍ വര്‍ഷങ്ങളായി സര്‍വീസ് നടത്തി വരുന്ന സ്വകാര്യ ബസുകളെ നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 1 മുതല്‍ ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളും അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെയ്ക്കുവാന്‍ തീരുമാനിച്ചതോടൊപ്പം ജനങ്ങള്‍ക്കും അതിലുപരി വിദ്യാര്ഥികള്ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടിന് ഉത്തരവാദികള്‍ അധികാരികള്‍ മാത്രമായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, പ്രസിഡന്റ് എം.ഡി രവി, ജലീല്‍, വി. ശശിധരന്‍പിള്ള, എസ്. ശ്രീകുമാര്‍, മാത്യൂ പണിക്കര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."