നീലക്കുറിഞ്ഞി കാലംതെറ്റി പൂത്തുലഞ്ഞു; കുറിഞ്ഞിമല സാങ്ച്വറി 'ശീതീകരണിയില്‍'
തൊടുപുഴ: മൊട്ടക്കുന്നുകളിലും പുല്‍മേടുകളിലും വസന്തമൊരുക്കി കാലംതെറ്റി നീലക്കുറിഞ്ഞി പൂത്തുലയുമ്പോഴും ഇവയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറിഞ്ഞിമല സാങ്ച്വറി ശീതീകരണിയില്‍. വട്ടവട, കൊട്ടക്കമ്പൂര്‍ വില്ലേജുകളിലെ 7173.11 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നീലക്കുറിഞ്ഞി ദേശീയോദ്യാനമാക്കുമെന്നു 2006ല്‍ എല്‍.ഡി.എഫ് സര്‍ക്കാരാണു പ്രഖ്യാപിച്ചിരുന്നത്.
2006 ഒക്‌ടോബര്‍ ആറിനു മൂന്നാറില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, ബിനോയ് വിശ്വം എന്നിവര്‍ സംയുക്തമായാണ് സാങ്ച്വറി പ്രഖ്യാപനം നടത്തിയത്. 1979ലെ കേരളാ വന്യജീവി സംരക്ഷണനിയമം 21ാം വകുപ്പുപ്രകാരം 2007 ഡിസംബര്‍ 12ന് ഇതുസംബന്ധിച്ച വിജ്ഞാപനവും പുറത്തിറങ്ങി. എന്നാല്‍, കുറിഞ്ഞിമല സാങ്ച്വറി റിസോര്‍ട്ട്, റിയല്‍ എസ്‌റ്റേറ്റ്, തടി മാഫിയയുടെ ശ്രമംമൂലം അട്ടിമറിക്കപ്പെടുകയായിരുന്നു. വന്‍കിട ഭൂമാഫിയകളുടേയും തടി ലോബികളുടേയും ഒത്താശയോടെ തദ്ദേശവാസികള്‍ ചെറുകിട കൃഷിക്കാരുടെ കൃഷിയിടങ്ങള്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചു സമരരംഗത്തിറങ്ങി. ഇതോടെ ഉദ്യാനത്തിനാവശ്യമായ സംരക്ഷണമേഖല അളന്നു തിട്ടപ്പെടുത്താനോ ഏറ്റെടുക്കാനോ സാധിച്ചില്ല. തുടര്‍ന്ന് അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് 2009 ഓഗസ്റ്റ് 28ന് പുതിയ ഗസറ്റ് വിജ്ഞാപനമിറക്കി നടപടികളുമായി മുന്നോട്ടുപോയി. പിന്നീടുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ തുടര്‍നടപടികളെടുക്കുകയും ചെയ്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."