അധ്യാപക നിയമനത്തിന് കോഴ; വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്
വടക്കാഞ്ചേരി: ചിറ്റണ്ട ജ്ഞാനോദയം യു.പി സ്‌കൂളില്‍ അധ്യാപക നിയമനത്തിന് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ എസ്. ബസന്ത് ലാലിന്റെ നേതൃത്വത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റ് 15 ലക്ഷം രൂപ കോഴ വാങ്ങിയെന്ന സി.പി.എം മങ്ങാട് ചാത്തംകുളം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. നേരത്തേയും ഇത് പോലുള്ള ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ. അജിത് കുമാര്‍ കുറ്റപ്പെടുത്തി.
അന്വേഷണത്തിന് നടപടി ഉണ്ടായില്ലെങ്കില്‍ വിജിലന്‍സില്‍ പരാതി സമര്‍പ്പിക്കുമെന്നും അജിത് അറിയിച്ചു. ചിറ്റണ്ട ഗ്രാമീണ വായനശാലയുടെ കീഴിലുള്ളതാണ് ജ്ഞാനോദയം യു.പി സ്‌കൂള്‍. അതുകൊണ്ടു തന്നെ വായനശാലയുടെ പ്രസിഡന്റാണ് കാലാകാലങ്ങളില്‍ സ്‌കൂളിന്റെ മാനേജര്‍മാര്‍.
വര്‍ഷങ്ങളായി ലൈബ്രറി ഭരണം സി.പി.എം നേതൃത്വത്തിനാണ്. ഇപ്പോഴത്തെ പ്രസിഡന്റ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു കൂടിയായ ബസന്ത് ലാലാണ്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു അധ്യാപക ഒഴിവ് ഉണ്ടായത്. 53 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 48 പേരുമായി കൂടികാഴ്ച്ച നടത്തുകയും ചെയ്തു. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പേരില്‍ നിന്നാണ് നിയമനം നടത്തേണ്ടിയിരുന്നത്. ഇതില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അജിതന്റെ ഭാര്യയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ആവശ്യപ്പെട്ട 15 ലക്ഷം രൂപ നല്‍കാത്തതിനാല്‍ നിയമനം നല്‍കിയില്ലെന്നാണ് അജിതന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."