മഴ കനിഞ്ഞു:നീലഗിരിയിലെ അണക്കെട്ടുകള്‍ ജലസമൃദ്ധം
ഗൂഡല്ലൂര്‍: തുടര്‍ച്ചയായി മഴ ലഭിച്ചതോടെ നീലഗിരി ജില്ലയിലെ ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു. വൈദ്യുതി ഉല്‍പ്പാദനത്തിന് ആശ്രയിക്കുന്ന ഡാമുകളിലാണ് ജലനിരപ്പുയര്‍ന്നത്.
ജില്ലയിലെ പ്രധാന ജലസംഭരണികളായ പോത്തിമന്ത്, കെദ്ദ, കുന്താ, അവലാഞ്ചി, അപ്പര്‍ ഭവാനി, പര്‍സന്‍ വാലി, എമരാള്‍ഡ്, പൈക്കാറ തുടങ്ങിയ ഡാമുകളിലാണ് ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടുള്ളത്. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍ ഡാമുകളുടെ സംഭരണ ശേഷിക്കടുത്ത്‌വരെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 89 അടി സംഭരണ ശേഷിയുള്ള കുന്ത അണക്കെട്ടില്‍ നിലവില്‍ 86 അടി ജലമാണുള്ളത്.
156 അടി ശേഷിയുള്ള കെദ്ദ അണക്കെട്ടില്‍ 150, 184 അടി സംഭരണ ശേഷിയുള്ള എമറാള്‍ഡ് ഡാമില്‍ 98, 171 അടി ശേഷിയുള്ള ആവലാഞ്ചിയില്‍ 102.5, 210 അടി ശേഷിയുള്ള അപ്പര്‍ ഭവാനിയില്‍ 140.5, 58 അടി ശേഷിയുള്ള പര്‍സന്‍വാലിയില്‍ 48 അടി, 130 അടി ശേഷിയുള്ള പോത്തിമന്തില്‍ 108 അടി, 59 അടി ശേഷിയുള്ള പൈക്കാറയില്‍ 51, 18 അടി ശേഷിയുള്ള മുക്കൂര്‍ത്തിയില്‍ 14 അടി, സാണ്ടിനല്ല അണക്കെട്ടില്‍ 34 അടി എന്നിങ്ങനെയാണ് നിലവിലെ ജലനിരപ്പ്. 49 അടിയാണ് സാണ്ടിനല്ലയിലെ ശേഷി. ചെറുകിട ഡാമുകളായ ഗ്ലന്‍ മോര്‍ഗന്‍, മായാല്‍ എന്നിവിടങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 22.5, 16 എന്നിങ്ങനെയാണ് നിലവിലത്തെ ജലനിരപ്പ്. ഇവയിലെ സംഭരശേഷി യഥാക്രമം 33, 17 എന്നിങ്ങനെയാണ്.
ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. കാലവര്‍ഷം തുടങ്ങിയതിന് ശേഷം ജില്ലയില്‍ പലപ്പോഴായി തുടര്‍ച്ചയായി ശക്തമായ മഴ ലഭിച്ചിരുന്നു. ഇതോടെയാണ് ഡാമുകള്‍ ജലസമൃദ്ധമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."