നടപടിയില്ലാ അപകട വളവുകള്‍
കൊല്ലങ്കോട്: മംഗലം-ഗോവിന്ദാപുരം റോഡില്‍ കുമ്പളക്കോട് പുഴ പാലത്തിനടുത്ത വളവുകള്‍ അപകടങ്ങളുടെ കേന്ദ്രമാകുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ 42 ല്‍ അധികം വാഹന അപകടങ്ങളിലായി മൂന്നു പേരുടെ മരണം ഉള്‍പെടെ രണ്ട് ഡസനിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എസ് ആകൃതിയിലുള്ള റോഡിലെ വളവിനിടയിലെ ഇക്ഷുമതി പുഴപ്പാലത്തിനടുത്താണ് നിരവധി വാഹന അപകടങ്ങള്‍ നടക്കുന്നത്. നവദമ്പതികള്‍ വാഹന അപകടത്തില്‍ മരിച്ചതും പാലത്തിനടുത്ത വളവിലായിരുന്നു.
വളവുകളില്‍ സീബ്രാലൈനും മുന്നറിയിപ്പ് ബോര്‍ഡുകളും കൂടുതല്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എന്നാല്‍ മംഗലം - ഗോവിന്ദാപുരം റോഡ് വികസനത്തിന്റെ ഭാഗമായി കുമ്പളക്കോട് വളവ് ഉള്‍പെടേയുള്ള അപകടകാരികളായ റോഡ് വളവുകള്‍ നിവര്‍ത്തുവാന്‍ സര്‍വേ നടത്തിയതായി ദേശീയപാത വിഭാഗം .എജനീയര്‍ പറഞ്ഞു.
ആലത്തൂര്‍:ആലത്തൂര്‍ -വാഴക്കോട് സംസ്ഥാനപാതയില്‍ അപകടം പതിയിരിക്കുന്ന കാവശ്ശേരി പരയ്ക്കാട്ട്കാവ് വടക്കേനട വളവ് നിവര്‍ത്താന്‍ നടപടിയായില്ല.പാത ഗുണനിലവാരത്തോടെ പുതുക്കിപ്പണിതെങ്കിലും വളവ് നിവര്‍ത്തിയിരുന്നില്ല.
പഴയ പാതയിലും ഇവിടെ അപകടം പതിവായിരുന്നു. നല്ല പാതയെന്ന് കാണുന്നതോടെ വാഹനങ്ങള്‍ വേഗം കൂട്ടും.മുന്നറിയിപ്പ് പലകകളോ, വേഗം കുറയ്ക്കുന്നതിനുള്ള ഹമ്പോ ഇല്ലാത്തതിനാല്‍ എതിരെവരുന്ന വാഹനം അടുത്തെത്തുമ്പോള്‍ മാത്രമേ കാണാനാകൂ. അപ്പൊഴേക്കും ഡ്രൈവര്‍മാര്‍ പരിഭ്രമിച്ച് വാഹനത്തിന്റെ നിയന്ത്രണംവിടും. സ്ഥല പരിചയമുള്ളവര്‍ വളരെ ശ്രദ്ധിച്ചുപോകുന്നതിനാലാണ് പലപ്പോഴും അപകടം ഒഴിവാകുന്നത്.
ഒരുവര്‍ഷത്തിനിടെ ഇരുപതോളം അപകടമുണ്ടായി. അഞ്ച് പെട്ടി ഓട്ടോ, ആറ് ബൈക്ക്, നാല് ലോറി, നാല് ഒട്ടോ എന്നിവ ഇവിടെ അപകടത്തില്‍പ്പെട്ടു.
പാത വളവുനിവര്‍ത്തി പുനര്‍നിര്‍മിക്കമാത്രമാണ് പരിഹാരം. അതുവരെ ഹമ്പും മുന്നറിയിപ്പ് പലകയും സ്ഥാപിച്ച് അപകടം കുറയ്ക്കാന്‍ നടപടിയുണ്ടാകണം. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അപകടം കുറയ്ക്കാന്‍ ഹമ്പ് സ്ഥാപിക്കുന്നതിനും വളവ് നിവര്‍ത്തുന്നതിനും രൂപരേഖ തയ്യാറാക്കുമെന്നും ആലത്തൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."