ഫാത്തിമ ലത്തീഫിന് നീതി: പ്രതിഷേധവും രാഷ്ട്രീയവും
മദ്രാസ് ഐ.ഐ.ടിയിലെ മുസ്‌ലിം വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ സ്ഥാപനവല്‍കൃത കൊലപാതകം വിവിധങ്ങളായ ചര്‍ച്ചകള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എസ്.സി, എസ്.ടി, ഒ.ബി.സി ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു, ഇതിന്റെ സാമൂഹിക-രാഷ്ട്രീയ കാരണങ്ങള്‍ എന്തെല്ലാമാണ് ? എന്നതെല്ലാം കേരളത്തില്‍ ഇത്ര ശക്തിയോടെ ആദ്യമാണെങ്കിലും ഇന്ത്യയില്‍ അക്കാദമിക രംഗത്ത് ചുരുങ്ങിയത് ഇരുപത് വര്‍ഷമായെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
സംഘ്പരിവാര്‍ നേരിട്ട് അധികാരം കൈയാളുന്ന കേന്ദ്ര സര്‍വകലാശാലകളിലും ഐ.ഐ.ടികളിലും നടക്കുന്ന സാമൂഹ്യവിവേചനവുമായി ബന്ധപ്പെട്ട് മലയാളി പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുന്ന അജ്ഞതയും അപരിചിതത്വവും കാംപസ് രാഷ്ട്രീയ പ്രശ്‌നങ്ങളെ മനസിലാക്കുന്നതില്‍ ഒരു തടസമാണ്. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ നിര്‍മിച്ച കാംപസ് രാഷ്ട്രീയത്തെ സംബന്ധിച്ചുള്ള സാമാന്യബോധ്യങ്ങള്‍ പുനര്‍വിചിന്തനം നടത്തിയാല്‍ മാത്രമേ വ്യത്യസ്തമായ സാമൂഹ്യവീക്ഷണങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. ട്വിറ്റര്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം, ഉന്നത വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഫാത്തിമ ലത്തീഫിന്റേത് സ്ഥാപനവല്‍കൃത കൊലപാതകമാണെന്നും അതിനു കാരണം ഇസ്‌ലാമോഫോബിയ ആണെന്നുമുള്ള ഒരു പൊതുസമ്മതി ഉയര്‍ന്നിട്ടുണ്ട്. സംഘ്പരിവാറിന്റെ സൈബര്‍ ഹിന്ദുത്വ ബ്രിഗേഡ് നടത്തുന്ന എതിര്‍പ്രചാരണങ്ങളെ പ്രതിരോധിച്ചാണ് ഇതു സാധ്യമായത്. കേരളത്തില്‍ പക്ഷെ, അത്തരമൊരു ഉറച്ച ബോധ്യത്തിന്റെ അഭാവം ദൃശ്യമായിരുന്നു.
കേരളത്തിലെ ആശയക്കുഴപ്പങ്ങള്‍
എന്തുകൊണ്ട് കേരളത്തിലെ മാധ്യമങ്ങളിലും പൊതുമണ്ഡലങ്ങളിലും നടക്കുന്ന ചര്‍ച്ചകളില്‍ ഫാത്തിമ ലത്തീഫിന്റെ സ്ഥാപനവല്‍കൃത കൊലപാതകത്തെ സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നു? ഉദാഹരണമായി, ജെ.എന്‍.യുവില്‍ ഫീസ് വര്‍ധനവിനെതിരേ നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധം ശ്രദ്ധിക്കുക. രണ്ടാഴ്ചയ്ക്കു ശേഷം മാത്രമാണ് ജെ.എന്‍.യു സമരം മാധ്യമശ്രദ്ധയില്‍ വന്നത്. ഇന്ത്യയിലെ ആര്‍.എസ്.എസ് അനുകൂല മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത ഒരു രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായിരുന്നു ആ പൊതുശ്രദ്ധ. അതായത് കേന്ദ്രത്തില്‍ ബാബരി മസ്ജിദിന്റെ വിധിയുമായി ബന്ധപ്പെട്ടും മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ അട്ടിമറിയുമായി ബന്ധപ്പെട്ടും നടക്കേണ്ടിയിരുന്ന പൊതുചര്‍ച്ചകളെ വഴിമാറ്റിവിടാന്‍ ജെ.എന്‍.യുവിലെ പ്രക്ഷോഭത്തെ ഉപയോഗിക്കുകയായിരുന്നു. ജെ.എന്‍.യുവിനെ മാധ്യമശ്രദ്ധയിലേക്ക് കൊണ്ടുവന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതില്‍ സംഘ്പരിവാര്‍ വിജയിച്ചു. പിന്നീട് ജെ.എന്‍.യു സമരത്തെ മാധ്യമങ്ങള്‍ തിരിഞ്ഞുനോക്കിയതു പോലുമില്ല.
പറഞ്ഞുവരുന്നത്, ജെ.എന്‍.യുവിലെ ഫീസ് വര്‍ധനവിനെതിരായ സമരം ന്യായമല്ല എന്നല്ല. പക്ഷേ രാഷ്ട്രീയപരമായ മുന്‍ഗണന ഏതു സമരത്തിന് ഏതു ഘട്ടത്തില്‍ ലഭിക്കുന്നു എന്നത് മനസിലാക്കാന്‍ കേരളത്തിലെ മാധ്യമങ്ങളും പൊതുമണ്ഡലവും രാഷ്ട്രീയ നേതൃത്വവും സാമൂഹിക സാമുദായിക നേതൃത്വവും പരാജയപ്പെടുകയാണ്. എങ്ങനെയാണ് സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെ മനസിലാക്കുന്നത് ? ഇത്തരം വിഷയങ്ങളില്‍ എങ്ങനെയാണ് സംഘ്പരിവാര്‍ അടക്കമുള്ള സവര്‍ണ ശക്തികള്‍ മുന്‍ഗണനകള്‍ നിര്‍മിക്കുന്നത് ? ഒരു പ്രക്ഷോഭമോ പ്രതിഷേധമോ എപ്പോഴാണ് ദേശീയ ശ്രദ്ധയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ? തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗൗരവതരമായി വിലയിരുത്തണം. ഫാത്തിമ ലത്തീഫിന്റെ സ്ഥാപനവല്‍കൃത കൊലപാതകത്തെ കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക നേതൃത്വം ഉള്‍ക്കൊണ്ട രീതി ആ അര്‍ഥത്തില്‍ വിമര്‍ശിക്കപ്പെടേണ്ടതുണ്ട്.
ഘടനയും രാഷ്ട്രീയവും
ഫാത്തിമ ലത്തീഫിന്റെ സ്ഥാപനവല്‍കൃത കൊലപാതകത്തെ കേവലം വ്യക്തിഗത പ്രശ്‌നമായി ചുരുക്കാന്‍ ശ്രമിച്ചും മനശ്ശാസ്ത്ര പ്രശ്‌നമാക്കി ന്യൂനീകരിച്ചും വിദ്യാര്‍ഥിയുടെ കഴിവുകേടാക്കി ചിത്രീകരിച്ചും ഘടനാപരമായ പ്രശ്‌നത്തെ വ്യക്തിവല്‍ക്കരിക്കുകയാണ് ലിബറല്‍ മാധ്യമങ്ങളും അവരുടെ വിശകലന ഉപകരണങ്ങളും ചെയ്യുന്നത്. കാംപസിലെ സാമൂഹിക മാറ്റത്തെയും വിദ്യാര്‍ഥി, അധ്യാപക ബന്ധത്തിലുണ്ടായിട്ടുള്ള ജാതിപരവും സാമുദായികപരവുമായ മാറ്റത്തെയും കാണാതെയുള്ള വ്യക്തിഗത വിശകലനങ്ങള്‍ അടിസ്ഥാനപരമായി സഹായിക്കുന്നത് സവര്‍ണ ഫാസിസ്റ്റ് ആധിപത്യ അധികാരത്തിന്റെ യുക്തികളെയാണ്. രണ്ടു രീതിയില്‍ ഇതു വിശദീകരിക്കാം.
ഒന്ന്) സംവരണം അടക്കമുള്ള ഘടനാപരമായ കാരണങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഫാത്തിമ ലത്തീഫിന്റെ സ്ഥാപനവല്‍കൃത കൊലപാതകത്തെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുക പ്രയാസമാണ്. പലപ്പോഴും ദേശീയതലത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും നടക്കുന്ന ഇത്തരത്തിലുള്ള നിരവധി ഘടനാപരമായ മാറ്റങ്ങള്‍ ഒട്ടും ഉള്‍ക്കൊള്ളാതെ ഫാത്തിമ ലത്തീഫിന്റെ മേലെ നടന്ന സ്ഥാപനവല്‍കൃത ഹിംസയെ ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കാനാണു പൊതുബോധം ശ്രമിക്കുന്നത്. 49.5 ശതമാനം സംവരണം നടപ്പാക്കിയ രണ്ടാം മണ്ഡലിനു ശേഷമാണ് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ വന്‍തോതില്‍ കീഴാള വിദ്യാര്‍ഥികള്‍ കടന്നുചെല്ലുന്നത്. കാംപസുകളുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ ദൈനംദിനമായി ഈ വിദ്യാര്‍ഥികള്‍ നടത്തിയ ഇടപെടലുകള്‍ ഘടനാപരമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, ഈ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ പലപ്പോഴും അധ്യാപക മേഖലയിലോ ഉന്നത വിദ്യാഭ്യാസ ഘടനയിലോ മാറ്റം ഉണ്ടായിട്ടില്ല എന്നുള്ളത് വസ്തുതയാണ്.
വിദ്യാര്‍ഥി മേഖലയില്‍ സംവരണം നടപ്പാക്കുകയും എന്നാല്‍ അധ്യാപകമേഖല സവര്‍ണ അധ്യാപകരുടെ കുത്തകയായി മാറുകയും ചെയ്യുകയാണ്. ഏകദേശം 85 ശതമാനത്തോളം സവര്‍ണ അധ്യാപകര്‍ കുത്തിനിറയ്ക്കപ്പെട്ട ഒരു സെക്യുലര്‍ അഗ്രഹാരം തന്നെയാണ് മദ്രാസ് ഐ.ഐ.ടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 49.5 ശതമാനമെങ്കിലും എസ്.സി, എസ്.ടി, ഒ.ബി.സി അധ്യാപകര്‍ വേണ്ടിടത്ത് പക്ഷേ 12 ശതമാനമാണ് അവരുടെ പ്രാതിനിധ്യം. അതുകൊണ്ടുതന്നെ സവര്‍ണരായ അധ്യാപകരുടെ സാമൂഹ്യബോധവും ദൈനംദിന ഇടപെടലുകളും അവര്‍ണരും പിന്നാക്കക്കാരുമായ ദലിത് ബഹുജന്‍ വിദ്യാര്‍ഥികളെ പല രീതിയില്‍ അന്യവല്‍ക്കരിക്കുന്നുണ്ട്.
രണ്ട്) ഫാത്തിമ ലത്തീഫിന്റെ സ്ഥാപനവല്‍കൃത കൊലപാതകത്തെ രാഷ്ട്രീയപരമായി സമീപിക്കാതിരിക്കാനുള്ള കുറുക്കുവഴിയായാണ് മനശ്ശാസ്ത്ര പ്രശ്‌നത്തെ പലരും ഉപയോഗിക്കുന്നത്. പക്ഷേ, മനോവിശ്ലേഷണത്തിന്റെയും മാനസിക പ്രശ്‌നങ്ങളുടെയും രാഷ്ട്രീയചരിത്രം മറ്റൊന്നാണു പറയുന്നത്. മനശ്ശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ നിലവിലുള്ള സാമൂഹികഘടനകളില്‍നിന്ന് ഒട്ടും മുക്തമല്ല. ആധുനിക മനോവിശ്ലേഷണം പലരും കരുതുന്നപോലെ ഒരു ബൂര്‍ഷ്വാ വ്യക്തിശാസ്ത്രവുമല്ല. യൂറോപ്പിലെ മതന്യൂനപക്ഷമായ ജൂതന്മാരുടെയും അമേരിക്കയിലെ വംശീയ ന്യൂനപക്ഷമായ കറുത്തവരുടെയും സാമൂഹിക അനുഭവങ്ങളുടെ മേഖലയില്‍ നടന്ന അന്വേഷണമാണ് മനോവിശ്ലേഷണ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതെന്ന് Political Freud എന്ന പഠനത്തില്‍ ഇലി സറെറ്റ്‌സ്‌കി ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ മാനോവിശ്ലേഷണ മേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടായത് ന്യൂനപക്ഷാനുഭവങ്ങളെ രാഷ്ട്രീയമായി സമീപിച്ചപ്പോഴാണ്. രാഷ്ട്രീയമായ മുന്‍ധാരണകളും ഒഴികഴിവുകളും പ്രചരിപ്പിക്കാന്‍ മനശ്ശാസ്ത്രത്തെ ഉപയോഗിക്കാന്‍ കഴിയില്ല.
ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം
ഡല്‍ഹി യൂനിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ യൂനിവേഴ്‌സിറ്റി, ബോംബെ ഐ.ഐ.ടി, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റി അടക്കമുള്ള എല്ലാ കാംപസുകളിലും മുസ്‌ലിം-ദലിത്-ബഹുജന്‍ വിദ്യാര്‍ഥി കൂട്ടായ്മകള്‍ ഫാത്തിമ ലത്തീഫിനു വേണ്ടി സമരരംഗത്തുണ്ട്. ആര്‍.എസ്.എസ് അനുകൂല അധ്യാപക ബ്യൂറോക്രാറ്റിക് മെഷിനറിയെ നേരിട്ടു വെല്ലുവിളിച്ചാണ് ഇതു സാധ്യമാക്കിയത്. എന്നാല്‍, എസ്.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ ഈ വിഷയത്തില്‍ വലിയ പ്രതിഷേധമൊന്നും നടത്തുന്നില്ല. ഇസ്‌ലാമോഫോബിയ എന്ന പ്രയോഗം ഇടതു വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായി ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നതാണു കാരണം. ഇസ്‌ലാമോഫോബിയ എന്ന രാഷ്ട്രീയവ്യവഹാരം ഈ വിഷയത്തില്‍ ഉയര്‍ന്നുവന്നതോടു കൂടി ചില ലിബറല്‍ മതേതരവാദികള്‍ പിന്നോട്ടുപോയി. ഇന്ത്യയിലെ ലിബറല്‍ മതേതര പൊതുബോധം ഇസ്‌ലാമോഫോബിയയുടെ ഘടനാപരവും ഭരണമനോഭാവ പരവുമായ കാരണങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ഇതുവരെ തയാറായിട്ടില്ല.
ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടം ഫാത്തിമ ലത്തീഫിനു നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത് ? മുസ്‌ലിം സ്വത്വ സ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ അതിന്റെ ഘടനാപരമായ, നിര്‍വാഹകപരമായ, വ്യക്തിപരമായ, സാമൂഹികപരമായ തലങ്ങളില്‍ സമഗ്രമായി ഗ്രഹിച്ചുകൊണ്ട് പുതിയൊരു ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയനീക്കത്തിനായിരുന്നു ശ്രമങ്ങങ്ങള്‍ ഉണ്ടായത്. അതാണ് ഈ വിഷയത്തില്‍ ഇടപെട്ട മുസ്‌ലിം വിദ്യാര്‍ഥി സംഘടനകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. കാംപസുകളില്‍ മുസ്‌ലിം വിദ്യാര്‍ഥി സംഘടനകള്‍ ഇറക്കിയ ലഘുലേഖകള്‍ വായിച്ചാല്‍ ഇതു കൃത്യമായി ബോധ്യപ്പെടുന്നതാണ്.
പലപ്പോഴും ഇടത് അനുകൂല വിദ്യാര്‍ഥി സംഘടനകള്‍ ചെയ്യുന്നതെന്താണ് ?നിലവിലുള്ള ഇസ്‌ലാമോഫോബിക് അധികാരത്തെ തൃപ്തിപ്പെടുന്ന തരത്തിലുള്ള സമീപനത്തിന്റെ ഭാഗമായി മുസ്‌ലിം വിദ്യാര്‍ഥികള്‍ നല്‍കുന്ന 'അകംസാക്ഷ്യങ്ങള്‍' (insider tseimonies) വികസിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. ചില മുസ്‌ലിം വിദ്യാര്‍ഥികളെക്കൊണ്ട് 'ഞാനത് അനുഭവിച്ചിട്ടില്ല' എന്നു പറയിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമോഫോബിയയുടെ പ്രശ്‌നം ഇല്ലാതാകുമെന്ന് അവര്‍ കരുതുന്നു. ദുര്‍ബലമായ ഈ അകംസാക്ഷ്യങ്ങള്‍ ഇസ്‌ലാമോഫോബിയയുടെ ഘടനാപരമായ സ്വഭാവത്തെയും ഭരണമനോഭാവ രാഷ്ട്രീയത്തെയും സമീപിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. തീര്‍ച്ചയായും അത് ഇസ്‌ലാമോഫോബിയയെ വ്യക്തിപ്രശ്‌നമയി ചുരുക്കാനുള്ള മറ്റൊരു ശ്രമമാണ്. ഫാത്തിമ ലത്തീഫിന്റെ സ്ഥാപനവല്‍കൃത കൊലപാതകത്തിന്റെ സാമൂഹിക, സാമുദായിക മാനങ്ങള്‍ അങ്ങനെ ഇല്ലാതാകുന്നു. അതിനാല്‍ തന്നെ ഇടതുവിദ്യാര്‍ഥി സംഘടനകള്‍ ഇസ്‌ലാമോഫോബിയയെ കാണാതിരിക്കാന്‍ നടത്തുന്ന നിഴല്‍യുദ്ധങ്ങള്‍ മറ്റൊരു തരത്തിലുള്ള ലിബറല്‍ വ്യക്തിവാദമായി ഇന്നു വ്യാപകമായി തിരിച്ചറിയപ്പെടുന്നുണ്ട്.
പുതിയൊരു വിദ്യാഭ്യാസ രാഷ്ട്രീയം
ലാറ്റിനമേരിക്കന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകനായ പൗലോ ഫ്രെയര്‍ പറയുന്നത് പ്രകാരം, മേലാളരുടെ വിദ്യാഭ്യാസവ്യവസ്ഥ അടിസ്ഥാനപരമായി കീഴാളരുടെ നൈസര്‍ഗിക വിദ്യാഭ്യാസത്തെയും ജീവിതചര്യകളെയും ഇല്ലാതാക്കുകയാണ്. അതിനാല്‍ തന്നെ സാമൂഹികമായി വ്യത്യസ്ത അനുഭവങ്ങളുള്ളവരുടെ ജീവിതവീക്ഷണങ്ങളും അവരുടെ ജ്ഞാനശാസ്ത്രങ്ങളും ഇന്നത്തെ ആധുനിക വിദ്യാഭ്യാസ വ്യവസ്ഥയില്‍ അട്ടിമറിക്കപ്പെടുകയും ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് വ്യത്യസ്തമായ സാമൂഹിക ജീവിത, ജീവിതാവബോധങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും പ്രാധാന്യം നല്‍കുന്ന ഒരു വിദ്യാഭ്യാസ വ്യവസ്ഥ രൂപപ്പെടണമെന്ന് അദ്ദേഹം ചിന്തിച്ചു. കീഴാള സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ വഹിക്കാവുന്ന പങ്കിനെക്കുറിച്ച് ഫ്രെയര്‍ ധാരാളമായി എഴുതി. നിലവിലുള്ള വിദ്യാഭ്യാസ വ്യവസ്ഥ അകത്തുനിന്നും പുറത്തു നിന്നും ആ അര്‍ഥത്തില്‍ മാറ്റിപ്പണിയാം എന്ന ശുഭാപ്തി വിശ്വാസവും പൗലോ ഫ്രെയര്‍ പങ്കുവച്ചു.
എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി ചിന്തിച്ചയാളാണ് ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ പിയറെ ബോര്‍ദ്യോ. സാമൂഹികമായ അസമത്വങ്ങളെയും അനീതികളെയും പുനരുല്‍പാദിപ്പിക്കുന്ന ഒരു വ്യവസ്ഥയായാണ് വിദ്യാഭ്യാസ വ്യവസ്ഥയെ അദ്ദേഹം കണ്ടത്. നിലവിലുള്ള വിദ്യാഭ്യാസ വ്യവസ്ഥ ഒരിക്കലും പാര്‍ശ്വവല്‍കൃതര്‍ക്ക് സമ്പൂര്‍ണ മോചനം നല്‍കില്ല. ആധിപത്യ വിദ്യാഭ്യാസ വ്യവസ്ഥയുടെ ഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് പാര്‍ശ്വവല്‍കൃത വിദ്യാര്‍ഥികള്‍ക്ക് സാമൂഹികമോചനം സാധ്യമല്ല. അതായത്, വിദ്യാഭ്യാസ വ്യവസ്ഥ പാര്‍ശ്വവല്‍കൃത സമൂഹത്തെ മോചിപ്പിക്കില്ല എന്നാണ് ബോര്‍ദ്യോ എന്ന അശുഭാപ്തിക്കാരനായ സാമൂഹ്യചിന്തകന്‍ പറയുന്നത്. ഇവിടെ മറ്റൊരു പ്രതിരോധതന്ത്രം ബോര്‍ദ്യോ നിര്‍ദേശിക്കുന്നുണ്ട്. വിദ്യാഭ്യാസ വ്യവസ്ഥയില്‍ സാമൂഹിക പുനരുല്‍പാദനത്തിന്റെ രീതികളെ പുറത്തുകൊണ്ടുവരുന്ന രീതിയില്‍ പുതിയൊരു അക്കാദമിക് രാഷ്ട്രീയം തന്നെ ഉയര്‍ന്നുവരണം. വിദ്യാഭ്യാസം വിമോചിപ്പിക്കും എന്ന് വെറുതെ ആശ്വസിക്കുന്നതിനു പകരം രാഷ്ട്രീയപോരാട്ടത്തിന്റെ ഇടമായി അക്കാദമിക ഇടങ്ങളെ പരിവര്‍ത്തിപ്പിക്കാനാണ് ബോര്‍ദ്യോ ആഹ്വാനം ചെയ്യുന്നത്.
പൗലോ ഫ്രെയറുടെയും പിയറെ ബോര്‍ദ്യോവിന്റെയും വ്യത്യസ്ത വിദ്യാഭ്യാസ സമീപനങ്ങള്‍ പൊതുവായി പറയുന്നത് ആധിപത്യ വിദ്യാഭ്യാസ വ്യവസ്ഥയും പാര്‍ശ്വവല്‍കൃതരും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ചാണ്. ഫാസിസം പിടിമുറുക്കിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ സംഘര്‍ഷത്തിനു വ്യക്തിപരമായ തലവും ഘടനാപരമായ തലവുമുണ്ട്. സമഗ്രമായ ഫാസിസ്റ്റ് വിരുദ്ധ സമീപനം ഫാത്തിമ ലത്തീഫിനു നീതി ലഭിക്കാനുള്ള സമരങ്ങളിലും പഠനങ്ങളിലും അന്വേഷണങ്ങളിലും നിര്‍ണായകമാണ്. അതിനാല്‍തന്നെ ഫാത്തിമ ലത്തീഫിനു നീതി ലഭിക്കുന്നതിനായുള്ള പുതിയ രാഷ്ട്രീയ മുന്നേറ്റത്തിനു നിലവിലുള്ള വിദ്യാഭ്യാസ വ്യവസ്ഥയുടെ ഘടനകളെയും നിലവിലുള്ള ഫാസിസ്റ്റ് വാഴ്ചയയെയും പൊളിച്ചെഴുതാനുള്ള കരുത്തുണ്ട്.
(യൂനിവേഴ്‌സിറ്റി ഓഫ് ജോഹനസ്ബര്‍ഗില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."