'വര്‍ഗശത്രുത' പഴങ്കഥ; ഇവര്‍ ഉറ്റ തോഴര്‍
നീലേശ്വരം: പൂച്ചയും നായയും വര്‍ഗശത്രുക്കളെന്നു ലോകം പറയുമ്പോഴും എന്നാല്‍ തങ്ങള്‍ ശത്രുക്കളല്ലെന്നു തെളിയിക്കുകയാണ് ടിന്റുവും മിന്റുവും. കണിച്ചിറ മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രധാനധ്യാപകന്‍ കെ.വി ഹരീഷിന്റെ വീടായ വിനായകിലാണ് ഈ കൗതുകക്കാഴ്ചയുള്ളത്. അലഞ്ഞു തിരിഞ്ഞെത്തിയ പൂച്ചക്കുട്ടിക്ക് നാലു മാസം മുന്‍പാണു വീട്ടുകാര്‍ അഭയം നല്‍കിയത്. ഹരീഷിന്റെ മാതാവ് കെ. മാധവിയമ്മ പൂച്ചകളെ വളര്‍ത്തുമായിരുന്നു. പുതിയ പൂച്ചക്കുട്ടിയെയും ഇവര്‍ കൂടെ കൂട്ടി. മിന്റു എന്നു പേരുമിട്ടു. രണ്ടു മാസം മുമ്പ് അല്‍സേഷ്യന്‍ ഇനത്തില്‍ പെട്ട നായ്ക്കുട്ടിയായ ടിന്റുവിനെ വീട്ടുകാര്‍ വാങ്ങിക്കൊണ്ടു വന്നു.
ആദ്യമാദ്യം തമ്മില്‍ കാണുമ്പോള്‍ മുരളുമായിരുന്നുവെങ്കിലും ക്രമേണ ഇവര്‍ തമ്മില്‍ സൗഹൃദത്തിലായി. പിരിഞ്ഞിരിക്കാന്‍ വയ്യെന്നായതോടെ ഒരേ കൂട്ടില്‍ തന്നെയായി താമസം. ഭക്ഷണവും ഒരു പാത്രത്തില്‍ നിന്നു തന്നെ. ഒരുമിച്ചു തന്നെയാണ് ഉറക്കവും. ടിന്റുവിനു കൂടൊരുക്കിയ സമയത്ത് സുരക്ഷയെക്കരുതി വീട്ടുകാര്‍ ചുറ്റും കമ്പിവലയിട്ടിരുന്നു. ടിന്റുവിനെ കൂട്ടിലാക്കിയാല്‍ പിന്നെ മിന്റു കമ്പിവലയ്ക്കു ചുറ്റും കരഞ്ഞു നടക്കും. ഇതു ശ്രദ്ധയില്‍ പെട്ട ഹരീഷിന്റെ ഭാര്യ എന്‍. ശര്‍മിള കമ്പിവലയില്‍ കീറുണ്ടാക്കി മിന്റുവിനും കൂട്ടിലേക്കു വഴിയൊരുക്കി. ഹരീഷിന്റെ മക്കള്‍ നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്‍ വിനായകിനും എല്‍.കെ.ജി വിദ്യാര്‍ഥിനി വൈഷ്ണവിക്കും കൂട്ടിനു മുന്നിലെത്തി ഇരുവരുടെയും കളികള്‍ നോക്കിയിരിക്കുകയാണ് ഇപ്പോഴത്തെ വിനോദം. വീട്ടില്‍ മറ്റൊരു പൂച്ച കൂടിയുണ്ടെങ്കിലും ഇതിനു ടിന്റുവുമായി സൗഹൃദമില്ല. അതിനാല്‍ ചക്കിപ്പൂച്ചയെ കാണുമ്പോള്‍ മിന്റുവും മുഖം തിരിക്കുകയാണു പതിവെന്നു വീട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."